Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വിലവർധനയ്ക്കെതിരായ വിധി അപ്പീലുമായി കുവൈത്ത്

petrol

കുവൈത്ത് സിറ്റി ∙ പെട്രോൾ വിലവർധന സംബന്ധിച്ചു ഭരണനിർവഹണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. നടപടിക്രമങ്ങളിലെ അപാകതകൾ കാരണം പെട്രോൾ വിലവർധനാ തീരുമാനം നിയമവിരുദ്ധമാണെന്നായിരുന്നു കീഴ്‌ക്കോടതി വിധി. എന്നാൽ വ്യവസ്‌ഥാപിത നടപടിക്രമങ്ങൾ പാലിച്ചാണു വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അതിനാൽ ഭരണനിർവഹണ കോടതിയുടെ വിധി റദ്ദാക്കണമെന്നുമാണ് അപ്പീൽ കോടതിയിൽ സർക്കാർ അപേക്ഷിച്ചിട്ടുള്ളത്.

സെപ്‌റ്റംബർ ഒന്നിനാണു കുവൈത്തിൽ പെട്രോൾ വിലവർധന പ്രാബല്യത്തിൽ വന്നത്. പാർലമെന്റിന്റെ അംഗീകാരമില്ലാതെയാണു തീരുമാനം എന്ന് ആരോപിച്ച് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിന്മേലായിരുന്നു വിധി. പെട്രോൾ വില സംബന്ധിച്ച് അന്തിമതീരുമാനം നിർദേശിക്കേണ്ടുന്ന സുപ്രീം പെട്രോളിയം കൗൺസിലിന്റെ അനുമതിയും സർക്കാർ നേടിയിരുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. സുപ്രീം പെട്രോളിയം കൗൺസിലിന്റെ അനുമതിയില്ലാതെ പെട്രോൾ വില വർധിപ്പിക്കുന്നതു നിയമവിധേയമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സർക്കാർ തീരുമാനം റദ്ദാക്കിയ കോടതി പക്ഷേ, വർധിപ്പിച്ച വില പിൻവലിക്കാൻ നിർദേശിച്ചിരുന്നില്ല. 15 ദിവസത്തിനകം തുടർനടപടി പൂർത്തിയാക്കാനായിരുന്നു കോടതി നിർദേശം. അതിന്റെ അടിസ്‌ഥാനത്തിലാണു സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. അപ്പീൽ കോടതി വിധി എന്തുതന്നെയായാലും വിഷയം സുപ്രീം കോടതിയിലും എത്തുമെന്നാണു കരുതുന്നത്. സുപ്രീം കോടതിയും പരിഗണിച്ചശേഷമാകും അന്തിമതീരുമാനമെന്നു കരുതുന്നു.

അതിനിടെ പെട്രോൾ വിലവർധന സംബന്ധിച്ച വിഷയം പാർലമെന്റ് അംഗങ്ങളുമായി മന്ത്രിസഭാ പ്രതിനിധികൾ ഇന്നു ചർച്ച ചെയ്യും. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഒട്ടേറെ എംപിമാർ ആവശ്യപ്പെട്ടിരുന്നു. അടിയന്തരസമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാൽ സ്‌പീക്കർ മർസൂഖ് അൽ ഗാനിം താൽപര്യമെടുത്ത് എംപിമാരുടെയും മന്ത്രിമാരുടെയും ചർച്ചായോഗം വിളിക്കുകയായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.