Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വിലവർധനയ്ക്കു പരിഹാരം 75 ലീറ്റർ സൗജന്യം

petrol പെട്രോൾ വിലവർധനയുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ചചെയ്യാൻ ചേർന്ന എംപിമാരുടെയും മന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി ഷെയ്‌ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, സ്‌പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ.

കുവൈത്ത് സിറ്റി ∙ സ്വദേശികൾക്കു പ്രതിമാസം 75 ലീറ്റർ പെട്രോൾ സൗജന്യമായി നൽകാൻ എംപിമാരുടെയും മന്ത്രിമാരുടെയും യോഗത്തിൽ തീരുമാനമായതായി സ്‌പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. ഡ്രൈവിങ് ലൈസൻസുള്ള മുഴുവൻ സ്വദേശികൾക്കും സൗജന്യ പെട്രോൾ ലഭിക്കും. സെപ്റ്റംബറിൽ നടപ്പാക്കിയ പെട്രോൾ വിലവർധന ഫലത്തിൽ പ്രവാസികളെ മാത്രമായിരിക്കും കാര്യമായി ബാധിക്കുക.

പെട്രോൾ വിലവർധന സംബന്ധിച്ചു ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേർക്കണമെന്ന എംപിമാരുടെ ആവശ്യത്തിനു ബദലായാണ് എംപിമാരുടെയും മന്ത്രിസഭാ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തത്. പ്രധാനമന്ത്രി ഷെയ്‌ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിനെ കൂടാതെ ആറുമന്ത്രിമാരും 37 എംപിമാരും യോഗത്തിൽ സംബന്ധിച്ചു.

പെട്രോൾ വില വർധിപ്പിക്കാനുണ്ടായ സാഹചര്യം മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചതായി സ്‌പീക്കർ പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണം അനിവാര്യമായ സാഹചര്യമാണു വില വർധിപ്പിക്കാൻ കാരണമായത്. പാർലമെന്റിൽ അവതരിപ്പിക്കാതെ പെട്രോൾ വില വർധിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. 1975 തൊട്ട് നിലവിലുള്ള വ്യവസ്‌ഥയാണ് അതെന്നും സർക്കാർ വിശദീകരിച്ചു. അതേസമയം പൗരന്മാരെ പ്രയാസപ്പെടുത്തുക എന്നതു സർക്കാർ നയവുമല്ല. പൗരന്മാരുടെ പ്രയാസം ലഘൂകരിക്കാൻ സഹായിക്കും എന്ന നിലയിൽ 75 ലീറ്റർ പെട്രോൾ പ്രതിമാസം സൗജന്യമായി നൽകാനുള്ള നിർദേശം അമീറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതാണെന്നും മന്ത്രിമാർ അറിയിച്ചു. യോഗത്തിനു മുൻപായി എംപിമാരും മന്ത്രിമാരും അമീറിനെ സന്ദർശിച്ചു നിലപാടുകൾ വ്യക്‌തമാക്കിയിരുന്നു.

ഇന്ധനവില വർധിപ്പിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കു നഷ്‌ടപരിഹാരം നൽകണമെന്ന പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതിയുടെ നിർദേശം യോഗം പരിഗണിച്ചതായി സ്‌പീക്കർ പറഞ്ഞു. ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നത് എണ്ണയുടെ രാജ്യാന്തര വിലയുമായി ബന്ധപ്പെടുത്തിയായിരിക്കില്ല. പകരം സബ്‌സിഡി സമിതി മാസംതോറും നിരക്കു വിലയിരുത്തും. രാജ്യത്തിന്റെ ബജറ്റ് മാത്രമല്ല പ്രതിമാസം 240 ലീറ്റർ പെട്രോൾ ഉപയോഗിക്കുന്ന പൗരന്മാരെ കൂടി പരിഗണിച്ചാകും തീരുമാനം. പൗരന്മാരുടെ കാര്യത്തിൽ സർക്കാർ ബോധവാന്മാരാണെന്നും ഏതെങ്കിലും തരത്തിൽ അവർ പ്രയാസത്തിലാകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗതീരുമാനത്തെ എംപിമാരും സ്വാഗതം ചെയ്‌തു. ജനങ്ങളുടെ വികാരം സർക്കാരിനെ അറിയിക്കാനും അതുവഴി ആനുകൂല്യം നേടിക്കൊടുക്കാനും സാധിച്ചുവെന്ന് മൻസൂർ അൽ ദഫ്‌രി എംപി പ്രതികരിച്ചു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരിൽ പൗരന്മാർ അനുഭവിക്കേണ്ടിവരുന്ന ദുരിതം പരിഹരിക്കാനുള്ള ശ്രമം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായെന്നാണു യോഗതീരുമാനം തെളിയിക്കുന്നതെന്ന് അബ്‌ദുറഹ്‌മാ അൽ ജീറാൻ എംപി പറഞ്ഞു.

പ്രതീക്ഷകൾ അസ്തമിച്ചു; നിരാശയിൽ പ്രവാസികൾ

കുവൈത്ത് സിറ്റി ∙ പെട്രോൾ വിലവർധനയുമായി ബന്ധപ്പെട്ട് എംപിമാരുടെയും മന്ത്രിമാരുടെയും യോഗ തീരുമാനം പ്രവാസികൾക്കു നൽകുന്നതു നിരാശ. സ്വദേശികൾക്കു പ്രതിമാസം 75 ലീറ്റർ പെട്രോൾ നൽകാൻ തീരുമാനിച്ചപ്പോൾ വിദേശികൾ വർധിപ്പിച്ചവില തന്നെ നൽകേണ്ടിവരും.

സെപ്‌റ്റംബർ ഒന്നിനാണു പെട്രോൾ വില വർധന നിലവിൽവന്നത്. പ്രീമിയം പെട്രോൾ ലീറ്ററിന് 60 ഫിൽസിനുപകരം 85 ഫിൽസും സൂപ്പർ 65നുപകരം 105 ഫിൽസും അൾട്രാ പ്രീമിയം 95 ഫിൽസിനു പകരം 165 ഫിൽസുമാണ് വർധിപ്പിച്ച നിരക്ക്.

പെട്രോൾ നിരക്കു വർധനയ്‌ക്കെതിരെ സ്വദേശികളിൽനിന്നുതന്നെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് എംപിമാരുടെയും മന്ത്രിമാരുടെയും സംയുക്‌തയോഗം സ്‌പീക്കർ മർസൂഖ് അൽ ഗാനിം വിളിച്ചുകൂട്ടിയത്. പാർലമെന്റിന്റെ അടിയന്തര സമ്മേളനം ചേരണമെന്ന ആവശ്യത്തിനു ബദലായിട്ടായിരുന്നു ഇന്നലത്തെ യോഗം.

പെട്രോൾ വിലയിനത്തിൽ ശരാശരി അമ്പതുശതമാനത്തിലേറെ വർധനയാണ് ഓരോരുത്തരുടെയും പ്രതിമാസ ബജറ്റിൽ വന്നിരിക്കുന്നത്. ഒന്നോരണ്ടോ ദിവസത്തേക്ക് മൂന്ന് ദിനാറിന്റെ പെട്രോൾ അടിച്ചിടത്ത് നാലര ദിനാറിലേറെ ചെലവഴിക്കേണ്ടിവരുന്നു. പെട്രോൾ വിലവർധനാ തീരുമാനം നിയമവിരുദ്ധമാണെന്നു ഭരണനിർവഹണ കോടതി വിധി വന്നതും വാഹനമോടിക്കുന്നവർക്ക് പ്രതീക്ഷ നൽകിയിരുന്നു. അപ്പീൽ കോടതി വിധി എന്താകുമെന്നതു പ്രവചിക്കാനുമാകില്ല.

ഇന്നലത്തെ യോഗത്തിൽ സ്വദേശികളുടെ പ്രയാസം പരിഗണിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായതോടെ വിലയുടെ കാര്യത്തിൽ ഇനിയൊരു ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിലാണു വിദേശികൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.