Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണവും ഈദും; ആഘോഷത്തിന് ഇരട്ടി പൊലിമ

കുവൈത്ത് സിറ്റി ∙ പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ വിപണിയിൽ ഇരട്ടി തിരക്ക്. വസ്‌ത്രശാലകളിലും ഹൈപ്പർ മാർക്കറ്റുകളിലുമാണു തിരക്ക് ഏറ്റവും പ്രകടം. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാളിന് അവധി ലഭിക്കാറുണ്ടെങ്കിലും ഓണമെത്തുന്നത് പ്രവൃത്തിദിവസങ്ങളിലാണെങ്കിൽ ഓണസദ്യ ഉച്ചയ്‌ക്ക് ഉണ്ണാൻ അവധിയെടുക്കേണ്ട അവസ്‌ഥയിലായിരുന്നു മുൻവർഷങ്ങളിൽ മലയാളി. ഇത്തവണ പെരുന്നാൾ അവധിദിനങ്ങൾക്കിടയിലാണു തിരുവോണവും എന്നതിനാൽ സർക്കാർ/അർധസർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഓണനാളിൽ പകൽത്തന്നെ ഓണമുണ്ണാം.

അവധിയെടുക്കേണ്ടതുമില്ല, സദ്യയുണ്ണാൻ വൈകുന്നേരംവരെ കാത്തിരിക്കേണ്ടതുമില്ല. പെരുന്നാളും ഓണവും പ്രമാണിച്ചു വിപണികൾ സജീവമായിരിക്കുകയാണ്. പെരുന്നാളിനായി ഒരുങ്ങുന്നവർ വസ്‌ത്രക്കടകളിലും ഹൈപ്പർമാർക്കറ്റുകളിലും കയറിയിറങ്ങുന്നു. വ്യാഴാഴ്‌ചമുതൽ വിപണിയിൽ തിരക്കു കൂടിയതായി കച്ചവടമേഖലയിലുള്ളവർ പറയുന്നു. ബിരിയാണി പാകംചെയ്യുന്നതിനുള്ള ബസ്‌മതി അരിക്കും ഇന്ത്യൻ മട്ടനുമാണു മലയാളികളിൽ ആവശ്യക്കാരേറെയും.

ഇന്ത്യയിൽനിന്നുള്ള ബീഫിനും ആവശ്യക്കാർ ഏറെയാണ്. ഓണവിപണി ലക്ഷ്യമിട്ടു കേരളത്തിൽനിന്നു വിവിധയിനം പച്ചക്കറികൾ ഇന്നും നാളെയുമായി ധാരാളമെത്തും. സദ്യയ്‌ക്കു പലരും തേടുന്നതു മട്ടയരിയാണ്. സാമ്പത്തികപ്രശ്‌നം വിപണിയിൽ പൊതുവേ മാന്ദ്യം ഉളവാക്കിയിട്ടുണ്ടെങ്കിലും ആഘോഷത്തിന്റെ ഭാഗമായി അവശ്യസാധനങ്ങളുടെ വിൽപനയിൽ കുറവൊന്നും അനുഭവപ്പെടുന്നില്ല. അതേസമയം ആഡംബരവസ്‌തുക്കളുടെ കച്ചവടത്തിൽ ഇടിവുണ്ടായിട്ടുണ്ട്. പെരുന്നാളും ഓണവും പ്രമാണിച്ചു റസ്‌റ്ററന്റുകളും തയാറെടുപ്പിലാണ്.

പെരുന്നാളിനു പലവിധ ബിരിയാണികൾ തയാറാക്കുന്ന തിരക്കിലാണു പല റസ്‌റ്ററന്റുകളും. ഓണത്തിന് ഓണസദ്യ പാഴ്‌സലായി നൽകുന്നതിനും റസ്‌റ്ററന്റുകൾ തയാറായി. വാഴയില ഉൾപ്പെടെ വിഭവങ്ങളുടെ എണ്ണത്തിൽ ഉൾപ്പെടുത്തിയുള്ള പാക്കേജാണു റസ്‌റ്ററന്റുകളുടേത്. ഹൈപ്പർ മാർക്കറ്റിലും ഓണസദ്യ ലഭിക്കും. ചോറുമുതൽ പായസംവരെ ഓരോ ഇനവും ആവശ്യാനുസരണം തൂക്കി വാങ്ങാമെന്നതാണ് അവിടത്തെ സൗകര്യം. പെരുന്നാളും ഓണവും ആഘോഷിക്കുന്നതിനായി പ്രവാസി സംഘടനകളും ഒരുങ്ങി.

അവധിദിവസങ്ങൾ സംഘടനാപരമായ മറ്റു പരിപാടികൾക്കായി ക്രമീകരിച്ചവരുമുണ്ട്. ചിലരാകട്ടെ, ഈദും ഓണവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഓണം പ്രമാണിച്ചു മാവേലിവേഷക്കാർക്കും തിരക്കു വർധിച്ചിട്ടുണ്ട്. കുടവയറും കപ്പടാമീശയും (കൃത്രിമമായെങ്കിലും) ഉള്ളവർക്കാണു ഡിമാൻഡ്. ഓണം എത്തുംമുൻപേ പലരും ഇറങ്ങിക്കഴിഞ്ഞു. ഇനിയുള്ള പ്രതിവാര അവധിദിനങ്ങളിലും ഓണാഘോഷങ്ങളിൽ മാവേലിയെ കാണാം.

കേരളത്തിലേക്കു മാവേലിക്ക് വർഷത്തിൽ ഒരുദിവസത്തെ സന്ദർശന വീസയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ അത് ഏതാണ്ട് ക്രിസ്‌മസ് വരെ നീളുന്ന വീസയാണെന്നാണു തമാശപറച്ചിൽ. നിരനിരയായി വരുന്ന ആഘോഷപരിപാടികളിൽ സാംസ്‌കാരിക പ്രവർത്തകർക്കും തിരക്കേറും. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് ഓടിയെത്തേണ്ടുന്ന സ്‌ഥിതിയിലാകും അവരിൽ പലരും. കലാപരിപാടികളുമായി കേരളത്തിൽനിന്ന് ഏറെ കലാകാരന്മാരും ആഘോഷകാലത്തു കുവൈത്തിലെത്തും.

Your Rating: