Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടുകടത്തിയത് 433 ഇന്ത്യക്കാരെ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽനിന്ന് സെപ്‌റ്റംബറിൽ 1703 വിദേശികളെ നാടുകടത്തി. അവരിൽ 433 പേർ ഇന്ത്യക്കാരാണ്. ഈവർഷം ജനുവരി ഒന്നുമുതൽ സെപ്‌റ്റംബർ 30 വരെ 25913 വിദേശികളെയാണ് നാടുകടത്തിയത്. അവരിൽ ഇന്ത്യക്കാരുടെ എണ്ണം 6983.

വിവിധ നിയമ ലംഘനങ്ങൾക്കു പിടിയിലായവർ, വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടു നാടുകടത്താൻ വിധിക്കപ്പെട്ടവർ തുടങ്ങിയവർ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടും. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്കു 417 പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. സുലൈമാൻ അൽ ഫഹദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. സിവിൽ/ക്രിമിനൽ കേസുകളിൽ പിടികിട്ടാനുണ്ടായിരുന്ന 61 പേർ, ഒളിച്ചോട്ടത്തിനു തൊഴിലുടമകൾ പരാതി നൽകിയ 56 പേർ, തിരിച്ചറിയൽ രേഖകളൊന്നും കൈവശം ഇല്ലാതിരുന്ന 187 പേർ, ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഏഴുപേർ, മദ്യപിച്ച നിലയിൽ എട്ടുപേർ, ഇഖാമാ കാലാവധി അവസാനിച്ച 83 പേർ, പിടികിട്ടാപ്പുള്ളികളായ 18 പേർ എന്നിങ്ങനെയാണു പിടിയിലായവർ. ഇവരെയെല്ലാം തുടർനടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു മാറ്റി.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ വിഭാഗം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ്, പൊതുസുരക്ഷാ വിഭാഗം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇബ്രാഹിം അൽ തറാഹ് തുടങ്ങി മുതിർന്ന ഉദ്യോഗസ്‌ഥരും പരിശോധനകളിൽ പങ്കാളികളായിരുന്നു.

അതേസമയം കൃഷി ഫാം കമ്പനിയുടെ പേരിൽ വീസക്കച്ചവടം നടത്തിയ ഈജിപ്‌തുകാരനെ പിടികൂടി. ഒരു ഫാമിന്റെ പേരിൽ വ്യാജരേഖ ചമച്ച് 145 പേർക്കു വീസ സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്‌ഥാപനത്തിന്റെ പേരിൽ ഇത്രയധികം വീസ അനുവദിക്കപ്പെട്ടതു സംശയം ഉളവാക്കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണു വീസക്കച്ചവടം പിടികൂടാനായത്. തന്റെ കീഴിൽ 14 പേർ മാത്രമാണു ജോലി ചെയ്യുന്നതെന്നായിരുന്നു തൊഴിലുടമയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഉടമ അറിയാതെ മൻദൂബ് (കമ്പനി പ്രതിനിധി) വ്യാജരേഖ ചമച്ച് വീസ സമ്പാദിക്കുകയായിരുന്നു. 1600 ദിനാറിനാണ് വീസ വിൽപന നടത്തിയിരുന്നത്. ഇഖാമ പുതുക്കുന്നതിനു 100 മുതൽ 150 ദിനാർ വരെയായിരുന്നു ഈടാക്കിയിരുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.