Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില: കുവൈത്ത് മന്ത്രിക്ക് കുറ്റവിചാരണ നോട്ടീസ്

law

കുവൈത്ത് സിറ്റി ∙ രണ്ടു മന്ത്രിമാർക്കെതിരെ എംപിമാർ കുറ്റവിചാരണ നോട്ടിസ് നൽകി. ധനമന്ത്രിയും ആക്‌ടിങ് എണ്ണമന്ത്രിയുമായ അനസ് അൽ സാലെയ്‌ക്കെതിരെ അഹമ്മദ് അൽ മുതൈഇ, അബ്‌ദുല്ല അൽ തുറൈജി, അലി അൽ ഖമീസ് എന്നിവരാണ് സ്‌പീക്കർ മർസൂഖ് അൽ ഗാനിമിന് നോട്ടിസ് നൽകിയത്. അബ്‌ദുല്ല അൽ മയൂഫ് എംപി നീതിന്യായ–ഔഖാഫ്–മതകാര്യമന്ത്രി യാഖൂബ് അൽ സനാഇക്കെതിരെയാണ് കുറ്റവിചാരണ നോട്ടിസ് സമർപ്പിച്ചത്.

പെട്രോളിന്റെ നീതീകരണമില്ലാത്ത വിലവർധന, എണ്ണസ്രോതസുകൾ സംരക്ഷിക്കുന്നതിലെ വീഴ്‌ച, എംപിമാരുമായുള്ള ഇടപെടലുകളിലെ സുതാര്യതക്കുറവ് എന്നിവയാണ് മന്ത്രി അനസ് അൽ സാലെക്ക് എതിരായ കുറ്റവിചാരണാ നോട്ടിസിൽ മൂന്ന് എംപിമാർ കാരണമായി പറഞ്ഞിട്ടുള്ളത്. പൊതുനിധിയുടെ ദുരുപയോഗം, മന്ത്രാലയത്തിനു ലഭിക്കേണ്ട പണം പിരിച്ചെടുക്കുന്നതിൽ വരുത്തിയ വീഴ്ച, വ്യക്‌തി താത്‌പര്യം സംരക്ഷിക്കുന്നതിനായി മന്ത്രി പദവിയുടെ ദുരുപയോഗം, പാർലമെന്റ് അംഗങ്ങളുമായി ഇടപെടുന്നതിലെ വീഴ്‌ച, ഭരണഘടന വ്യവസ്‌ഥാ ലംഘനം തുടങ്ങിയവയാണു യാഖൂബ് അൽ സനാഇക്കെതിരെയുള്ള ആരോപണം.

സെപ്‌റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പെട്രോൾ വില വർധനയ്ക്കെതിരെ എംപിമാർ ശക്‌തമായി രംഗത്തുണ്ടായിരുന്നു. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ കത്തു നൽകിയെങ്കിലും പ്രായോഗിക പ്രയാസങ്ങൾ പരിഗണിച്ച് അതുണ്ടായില്ല.

പകരം സ്‌പീക്കറുടെ നേതൃത്വത്തിൽ എംപിമാരും മന്ത്രിമാരും നടത്തിയ ചർച്ചയിൽ സ്വദേശികൾക്ക് പ്രതിമാസം 75 ലീറ്റർ പെട്രോൾ സൗജന്യമായി നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഒരുവിഭാഗം അംഗീകരിക്കുന്നുവെങ്കിലും അസംതൃപ്‌തി രേഖപ്പെടുത്തുന്നവരുമുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് ഈ വിഷയം ഉന്നയിച്ചുള്ള കുറ്റവിചാരണാ നോട്ടിസ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.