Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില വർധന: 5ന് അനുരഞ്ജന യോഗം

meeting

കുവൈത്ത് സിറ്റി ∙ പെട്രോൾ വിലവർധന സംബന്ധിച്ച പ്രശ്‌നവുമായി ബന്ധപ്പെട്ട് പാർലമെന്റ് അംഗങ്ങളുടെയും മന്ത്രിസഭാ പ്രതിനിധികളുടെയും യോഗം അഞ്ചിന്.

സ്‌പീക്കർ മർസൂഖ് അൽ ഗാനിം വിളിച്ചുചേർത്ത യോഗത്തിൽ അനുരഞ്‌ജനത്തിനായുള്ള ഫോർമുല ഉണ്ടായേക്കുമെന്നാണു സൂചന. പെട്രോൾ വിലവർധനയിൽനിന്നു സ്വദേശികളെ ഒഴിവാക്കുന്നതിനുള്ള സാധ്യതയാകും പ്രധാനമായും ചർച്ചചെയ്യപ്പെടുകയെന്നും റിപ്പോർട്ടുണ്ട്. പെട്രോൾ വില വർധനാ തീരുമാനം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തരസമ്മേളനം വിളിച്ചുകൂട്ടണമെന്നായിരുന്നു ഒട്ടേറെ എംപിമാരുടെ ആവശ്യം. എംപിമാർ അതു സംബന്ധിച്ചു നോട്ടിസ് നൽകിയെങ്കിലും അടിയന്തര സമ്മേളനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അസൗകര്യം പരിഗണിച്ചു സ്‌പീക്കർ എംപിമാരും സർക്കാർ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്കു വഴിയൊരുക്കുകയായിരുന്നു.

പെട്രോൾ വിലവർധന പിൻവലിക്കണം എന്നതാണ് എംപിമാരുടെ ആവശ്യം. വിലവർധനയ്‌ക്കായി തീരുമാനം കൈക്കൊണ്ട രീതി നിയമലംഘനമാണെന്ന ഭരണനിർവാഹക കോടതി വിധിയും വന്നതോടെ എംപിമാരുടെ ആവശ്യത്തിന് ശക്‌തിയേറുകയും ചെയ്‌തിട്ടുണ്ട്. പാർലമെന്റിൽ ചർച്ച നടത്താതെ പെട്രോൾ വില വർധിപ്പിച്ച നടപടിക്കെതിരെയായിരുന്നു കോടതി വിധി. തീരുമാനത്തെ വിമർശിച്ചുവെങ്കിലും വർധിപ്പിച്ച വില കുറയ്ക്കാൻ കോടതി നിർദേശം നൽകിയതുമില്ല.

വൈദ്യുതിയുടെയും വെള്ളത്തിന്റെയും കരം വർധിപ്പിക്കുമ്പോൾ സ്വീകരിച്ച നിലപാട് പെട്രോളിന്റെ കാര്യത്തിലും സ്വീകരിച്ചാൽ എംപിമാരുടെ പ്രതിഷേധത്തിന് അയവുവരുമെന്ന ചിന്ത സർക്കാരിനുണ്ടെന്നും പറയപ്പെടുന്നു. ബുധനാഴ്‌ചത്തെ യോഗത്തിൽ അങ്ങനെയൊരു നിർദേശം ഉയർന്നുവരാനുള്ള സാധ്യതയാണു കാണുന്നത്. അതേസമയം ബുധനാഴ്‌ചത്തെ യോഗം ബഹിഷ്‌കരിക്കാനും ചില എംപിമാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.