Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനത്തിൽ നടപടി ‌വേണം: സത്യൻ മൊകേരി

sathyan-mokeri

കുവൈത്ത് സിറ്റി ∙ ബന്ധുനിയമന വിഷയത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന നടപടി ഉണ്ടാകണമെന്ന് സിപിഐ അസി.സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. സിപിഎം അത്തരത്തിൽ തീരുമാനിക്കുമെന്നാണ് കരുതുന്നതെന്നും കേരള അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതം അഴിമതിയുടെ ഭാഗം തന്നെയാണ്. സത്യപ്രതിജ്‌ഞാ ലംഘനവുമാണ് അത്.

തെറ്റുപറ്റിയിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണവും. തിരുത്തൽ ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ അതിന്റെ ഭാഗമാണ്. യുഡിഎഫ് അല്ല എൽഡിഎഫ് എന്നും കോൺഗ്രസല്ല സിപിഎം എന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പൊതുസമൂഹത്തിന് അതൃപ്‌തി ഉണ്ടാകുന്ന ഒന്നും എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ബന്ധുനിയമന വിഷയത്തിൽ വിജിലൻസ് കാലതാമസം വരുത്തിയെന്ന് കരുതുന്നില്ല.

നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. കൊലപാതക രാഷ്‌ട്രീയവുമായി അധികനാൾ മുന്നോട്ടുപോകാൻ കഴിയില്ല. അത് അവസാനിപ്പിക്കാൻ സിപിഎമ്മും ബിജെപിയും തയാറാകണം. കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ബോധവത്‌കരണത്തിന് സിപിഐ മുന്നിട്ടിറങ്ങുമെന്നും സത്യൻ മൊകേരി പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് മാത്രം വിചാരിച്ചാൽ കഴിയില്ലെന്ന റെയ്‌ഞ്ച് ഐജിയുടെ പ്രസ്‌താവന ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്‌ചയായി കാണാൻ പറ്റില്ല.

പ്രസ്‌തുത ഉദ്യോഗസ്‌ഥന് ഉത്തരവാദിത്തം നിർവഹിക്കാൻ കെൽപില്ല എന്നാണ് പ്രസ്‌താവന തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ സിപിഐക്ക് പഴയ കാർക്കശ്യം ഇല്ലെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണ്. വിഷയങ്ങൾ അടിസ്‌ഥാനപ്പെടുത്തിയാണ് പാർട്ടി നിലപാട് സ്വീകരിക്കുക. ബിജെപിക്ക് കേരളത്തിൽ വളർച്ചയെന്നത് കോർപറേറ്റ് മാധ്യമങ്ങളുടെ പ്രചാരണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്‌തമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടിങ് ശതമാനം വർധിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.