Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശി നിയന്ത്രണം കുവൈത്തിലേക്കും

കുവൈത്ത് സിറ്റി ∙ രാജ്യത്തു വിദേശി ജനസംഖ്യാ സന്തുലനത്തിനായുള്ള നിർദേശം മന്ത്രിസഭാ പരിഗണനയ്‌ക്കു വിട്ടതായി സാമൂഹിക–തൊഴിൽ, ആസൂത്രണ–വികസനമന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.

ചില രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു വഴിയുള്ള സാമൂഹിക പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഓരോ രാജ്യങ്ങൾക്കും ക്വോട്ട നിശ്‌ചയിക്കാനുള്ള നിർദേശമാണു റിപ്പോർട്ടിലുള്ളത്. വിപരീതഫലം ഉളവാക്കാത്തവിധം സൂക്ഷ്‌മമായ പഠനത്തിനു വിധേയമായായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അവർ പറഞ്ഞു. അതേസമയം കുവൈത്തിലെ ചെറുകിട സംരംഭങ്ങളിൽ ഭൂരിഭാഗവും വിദേശികളുടെ കൈവശമാണെന്നു മാൻപവർ റീസ്‌ട്രക്‌ചറിങ് പ്രോഗ്രാം റിപ്പോർട്ട്.

ചെറുകിട വ്യവസായങ്ങളിൽ 98ശതമാനം വിദേശി മാനേജ്‌മെന്റിനു കീഴിലാണ്. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനു സ്വദേശികൾക്കു സർക്കാർ സബ്‌സിഡി ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സ്വദേശികൾ സ്‌ഥാപനങ്ങൾ വിദേശികൾക്കു മേൽവാടകയ്‌ക്കു കൊടുക്കുകയാണെന്നാണു റിപ്പോർട്ടിലെ പരാമർശം. അഭ്യസ്‌ഥവിദ്യരായ സ്വദേശി ചെറുപ്പക്കാർക്കു തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണു പ്രോഗ്രാം പ്രവർത്തിക്കുന്നത്. സംരംഭങ്ങൾ ആരംഭിച്ചശേഷം അവ നടത്തിപ്പിന്നായി നൽകുന്ന പ്രവണത വർധിക്കുന്നുവെന്നും റിപ്പോർട്ട് തയാറാക്കിയ ഫവാസ് അൽ ഷൈബാനി പറഞ്ഞു.

വാണിജ്യ ലൈസൻസുകൾ വിദേശികൾക്കു മേൽവാടകയ്‌ക്കു നൽകുന്ന പ്രവണത രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്‌ക്കു ദോഷം വരുത്തുമെന്നു മാൻപവർ റീസ്‌ട്രക്‌ചറിങ് പ്രോഗ്രാം മേധാവി ഫൗസി അൽ മജ്‌ദലി നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മൊബൈൽ ഷോപ്പുകൾ, വാഹന സെപയർപാർട്‌സുകൾ തുടങ്ങിയ മേഖലകൾ സ്വദേശികൾക്കു മാത്രമാകണമെന്ന നിർദേശവും പ്രോഗ്രാം, സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.