Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ദർശക വീസയ്ക്ക് ഇനി ശമ്പളപരിധി 200 ദിനാർ

visa

കുവൈത്ത് സിറ്റി ∙ വിദേശികൾ ബന്ധുക്കളെ സന്ദർശക വീസയിൽ കുവൈത്തിൽ കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധിയും പുതുക്കി. ഭാര്യ/ഭർത്താവ്, മക്കൾ എന്നിവർക്ക് സന്ദർശക വീസ ലഭിക്കണമെങ്കിൽ അപേക്ഷകന്റെ മാസശമ്പളം കുറഞ്ഞത് 200 ദിനാറായിരിക്കണമെന്ന് താമസാനുമതി വിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. നേരത്തേ ഇതു 150 ദിനാർ ആയിരുന്നു. സഹോദരങ്ങൾക്ക് സന്ദർശക വീസ ലഭിക്കാൻ അപേക്ഷകന് 300 ദിനാർ ശമ്പളം വേണം.

ആശ്രിത വീസയ്ക്കുള്ള ശമ്പള പരിധി കഴിഞ്ഞ ദിവസം 250 ദിനാറിൽനിന്ന് 450 ദിനാറായി വർധിപ്പിച്ചിരുന്നു. ജനസംഖ്യാ സന്തുലനം ലക്ഷ്യമിട്ടാണു നീക്കമെന്നും അദ്ദേഹം പറഞ്ഞു. 20.67 ലക്ഷം വിദേശികൾ കുവൈത്തിലുണ്ട്. നിയന്ത്രണം ഏർപ്പെടുത്താത്തപക്ഷം വിദേശികളുടെ എണ്ണത്തിൽ ക്രമാതീത വർധനയുണ്ടാകും. അതിനുപുറമെ 250 ദിനാർ മാത്രം ശമ്പളമുള്ള ഒരാൾ കുടുംബാംഗങ്ങളെ കുവൈത്തിൽ കൊണ്ടുവന്നു കൂടെ താമസിപ്പിക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളും കണക്കിലെടുക്കണം.

അത്രയും കുറഞ്ഞ ശമ്പളത്തിൽ കുടുംബവുമൊത്ത് കുവൈത്തിൽ കഴിയുന്നതു യുക്‌തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി അപേക്ഷിക്കുന്നവർക്കാണ് പുതിയ ശമ്പള പരിധി ബാധകമാവുക. നിലവിൽ കുവൈത്തിലുള്ളവർ, ശമ്പള പരിധി പുതുക്കുന്നതിനു മുൻപേ വീസ അനുവദിച്ചെങ്കിലും ഇനിയും കുവൈത്തിൽ എത്താത്തവർ, പ്രഖ്യാപനത്തിനു മുൻപ് കുവൈത്തിൽ ജനിച്ച കുഞ്ഞുങ്ങൾ എന്നിവർക്കു പുതിയ വ്യവസ്‌ഥ ബാധകമല്ല. ശമ്പളപരിധി എന്ന വ്യവസ്‌ഥയിൽ ബന്ധുക്കൾക്ക് വീസയെടുക്കാൻ ഭാര്യയുടെയും ഭർത്താവിന്റെയും ശമ്പളം ഒരുമിച്ചുപരിഗണിക്കില്ല.

ഭർത്താവിന്റെ ശമ്പളമാകും പരിഗണിക്കുക. ഭർത്താവ് മരിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഇഖാമ നിലനിൽക്കണമെങ്കിൽ ഭാര്യയ്ക്കു 450 ദിനാർ ശമ്പളത്തോടെ ജോലിയുണ്ടായിരിക്കണം. ഇല്ലെങ്കിൽ താമസം അനുവദിക്കില്ല. ഇന്ത്യ, ഇന്തൊനീഷ്യ, ഇത്യോപ്യ തുടങ്ങിയിടങ്ങളിൽനിന്ന് ഗാർഹികത്തൊഴിലാളികൾ വരാത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയവുമായി ആലോചിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തും. മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെ കൊണ്ടുവരുന്നതിനായി കൂടുതൽ ഗാർഹികത്തൊഴിലാളി ഓഫിസുകൾക്ക് ലൈസൻസ് നൽകുമെന്നും അൽ മറാഫി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.