Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിൽ മീൻവിപ്ലവം; ഒമാനിൽ പദ്ധതികളുടെ തിരയിളക്കം

09332

മസ്‌കത്ത് ∙ ഒമാനിൽ വിവിധയിനം മൽസ്യക്കുഞ്ഞുങ്ങളെ വ്യാപകമായി ഉൽപാദിപ്പിക്കാനുള്ള ബൃഹദ്‌പദ്ധതിക്കു രൂപം നൽകി. ആദ്യഘട്ടത്തിൽ അൽ ബുസ്‌താനിലെ അക്വാകൾചർ ഫാമിങ് സെന്ററിൽ പ്രതിവർഷം 1.5 കോടി മൽസ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ കാർഷിക–ഫിഷറീസ് മന്ത്രാലയവും ഒമാൻ അക്വാകൾചർ ഡവലപ്‌മെന്റ് കമ്പനി (ഒഎഡിസി)യും ഒപ്പുവച്ചു. കാർഷിക–ഫിഷറീസ് മന്ത്രി ഡോ.ഫുവാദ് ബിൻ ജാഫർ അൽ സഗ്‌വാനി, ഒഎഡിസി ചെയർമാൻ ഹസൻ ബിൻ അഹമ്മദ് അൽ നബ്‌ഹാനി, ഡയറക്‌ടർ ജനറൽ ഖാലിദ് അൽ യഹ്‌മാദി എന്നിവരാണ് ഒപ്പുവച്ചത്.

രാജ്യത്തെ വിവിധ അക്വാകൾചർ കേന്ദ്രങ്ങളിലേക്കുള്ള മൽസ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉൽപാദിപ്പിക്കുക. സമീപരാജ്യങ്ങളിലേക്കു മൽസ്യക്കുഞ്ഞുങ്ങളെ കയറ്റുമതി ചെയ്യാനും ആലോചിക്കുന്നു. വാണിജ്യാടിസ്‌ഥാനത്തിൽ ഏറെ സാധ്യതകളുള്ള പദ്ധതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. മൽസ്യോൽപാദനത്തിനു നൂതന സംവിധാനങ്ങളോടുകൂടിയ ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതും പരിഗണനയിലാണ്. നിലവിൽ വിദേശരാജ്യങ്ങളിൽനിന്നു മൽസ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുകയാണ്. സാൽമൺ, ഹമൂർ, കാളാഞ്ചിയുടെ ഇനത്തിൽപെട്ട ബറാമുണ്ടി തുടങ്ങിയവയെ കൃത്രിമമായി വളർത്തി വാണിജ്യമേഖലയിൽ നേട്ടമുണ്ടാക്കാനാണു തീരുമാനം.

12 തിലോപ്പിയ ഫാമുകൾ

ഒമാനിലെ വിവിധ വിലായത്തുകളിൽ നിലവിൽ 12 തിലോപ്പിയ ഫാമുകളുണ്ട്. കഴിഞ്ഞവർഷം 20 ടൺ തിലോപ്പിയ ഉൽപാദിപ്പിച്ചു. 2014നെ അപേക്ഷിച്ച് അഞ്ചു ടൺ കൂടുതലാണിത്. തിലോപ്പിയയെ വളർത്താനുള്ള 13 ഫാമുകൾക്കുള്ള അപേക്ഷ അക്വാകൾചർ കമ്മിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതിൽ നാലു കമ്പനികൾക്ക് അനുമതി നൽകി. മൽസ്യോൽപാദന–സംസ്‌കരണ മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ധാരാളം നിക്ഷേപകർ മുന്നോട്ടുവരുന്നതായും അക്വാകൾചർ കമ്മിറ്റി അറിയിച്ചു. 24.1 കോടി റിയാലിന്റെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. ഇതുവഴി ഉൽപാദനം 36000 ടൺ ആക്കി വർധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. 10.9 കോടി റിയാലിന്റെ നേട്ടം ഇതുവഴി പ്രതീക്ഷിക്കുന്നു.

ചെമ്മീൻ ഉൽപാദനം വർധിപ്പിക്കും

ചെമ്മീൻ ഉൽപാദനം കൂട്ടാനുള്ള നടപടികളും രാജ്യത്തു പുരോഗമിക്കുകയാണ്. കയറ്റുമതിരംഗത്ത് ഇതു വൻനേട്ടമാകും. പലതരം ചെമ്മീനുകളെ സ്വാഭാവികരീതിയിൽ വളർത്താനാണു ശ്രമം. ഇതോടൊപ്പം സംസ്‌കരണ യൂണിറ്റുകളും ഭക്ഷ്യോൽപന്ന ഫാക്‌ടറികളും തുടങ്ങും. തീരക്കടലിൽ മൽസ്യക്കൂടുകൾ സ്‌ഥാപിച്ച് മീൻവളർത്തലിനുള്ള പദ്ധതികളും പുരോഗതിയിലാണ്. അക്വാകൾചർ രംഗത്തേക്കു ചെറുകിട നിക്ഷേപകരെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരെയും ആകർഷിക്കാനും ലക്ഷ്യമിടുന്നു. ഇവർക്കു വേണ്ട സഹായവും സാങ്കേതിക അറിവുകളും നൽകും. ഷർഖിയ, വുസ്‌ത മേഖലകളിൽ ചെമ്മീൻ കൃഷിയിൽ വൈദഗ്‌ധ്യം നേടിയവരുണ്ടെന്നാണു റിപ്പോർട്ട്. ഓരോ വർഷവും ചെമ്മീൻലഭ്യത കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേരള തീരങ്ങളിലേതുപോലെ പലതരത്തിലുള്ള ചെമ്മീൻ ഇവിടെ സമൃദ്ധമാണ്. കൂടാതെ വലിയ ഇനം കൊഞ്ചുകളുമുണ്ട്.

ഗവേഷണം പുരോഗമിക്കുന്നു

∙ വിവിധ മൽസ്യയിനങ്ങളെ പരിചയപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു സുൽത്താൻ ഖാബൂസ്‌ യൂണിവേഴ്‌സിറ്റി മറൈൻ സയൻസ്‌ ആൻഡ്‌ ഫിഷറീസ്‌ വിഭാഗം തുടക്കം കുറിച്ചിട്ടുണ്ട്.

∙ വിദ്യാർഥികളുടെകൂടി സഹകരണത്തോടെ വിപ്ലവകരമായ രീതിയിൽ പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.

∙ ഒമാൻ തീരങ്ങളിൽ മൽസ്യങ്ങൾക്ക്‌ അനുകൂലമായ ആവാസവ്യവസ്‌ഥ ഒരുക്കുന്നതിനൊപ്പം മൽസ്യക്കുളങ്ങളും വളർത്തൽ കേന്ദ്രങ്ങളും വ്യാപകമാക്കും. കടലിലും നദികളിലും പ്രത്യേകരീതിയിലുള്ള കൂറ്റൻ കൂടുകൾ സ്‌ഥാപിച്ച് സ്വാഭാവിക രീതിയിൽ മൽസ്യങ്ങളെ വളർത്തുന്ന രീതിയും പരീക്ഷിക്കും.

∙ ഒമാൻ തീരത്ത്‌ ആയിരത്തിലേറെ ഇനം മൽസ്യങ്ങളും മറ്റു കടൽജീവികളും ഉള്ളതായാണു കണക്ക്. വലിയ ഇനം കൊഞ്ച്, ചെമ്മീൻ, ഞണ്ട്, അയക്കൂറ, ട്യൂണ തുടങ്ങിയവ ധാരാളമായുണ്ട്.

∙ സലാല, സോഹാർ, മുസണ്ടം എന്നിവിടങ്ങളിൽ മികച്ച മൽസ്യച്ചന്തകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വിൽപനയ്‌ക്കും സംസ്‌കരണത്തിനും കയറ്റുമതിക്കും ഇവിടെ സംവിധാനമൊരുക്കും.

∙ മൽസ്യസമ്പത്ത്‌ വർധിപ്പിക്കാനുള്ള ബഹുമുഖ കർമപദ്ധതികളുടെ ഭാഗമായി കൃത്രിമമായി പവിഴപ്പുറ്റുകൾ ഉണ്ടാക്കി കടലിൽ സ്‌ഥാപിക്കുന്ന പദ്ധതിക്കും ഒമാനിൽ തുടക്കമായിട്ടുണ്ട്. പവിഴപ്പുറ്റുകൾ കൃത്രിമമായി നിർമിക്കാനുള്ള ഫാമുകളും സജ്‌ജമാക്കി വരികയാണ്.

∙ മീനുകൾക്കു പുറമെ ചിപ്പിവർഗത്തിൽപ്പെട്ട ജീവികൾ, ഞണ്ടുകൾ, ചെമ്മീൻ, അപൂർവസസ്യങ്ങൾ തുടങ്ങിയവ പവിഴപ്പുറ്റു മേഖലയിലുണ്ടാകും. തീരസംരക്ഷണത്തിനും പവിഴപ്പുറ്റുകൾ സഹായകമാണ്.

Your Rating: