Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്കത്തിൽ കുടുങ്ങിയ 7 പേരെ ‘മസ്കത്ത് മലയാളീസ്’ നാട്ടിലെത്തിച്ചു

back നാട്ടിലേക്കു മടങ്ങാൻ കഴിയാതെ മസ്കത്തിൽ കുടുങ്ങിയ മലയാളികൾ മസ്കത്ത് മലയാളീസ് ഓൺലൈൻ കൂട്ടായ്മയുടെ സഹായത്തോടെ ഇന്നലെ നെടുമ്പാശേരിയിൽ തിരിച്ചെത്തിയപ്പോൾ.

നെടുമ്പാശേരി ∙ നാലു മാസത്തിലധികമായി മസ്കത്തിൽ തൊഴിൽ തട്ടിപ്പിൽ കുരുങ്ങി ജോലിയും ഭക്ഷണവുമില്ലാതെയും നാട്ടിലേക്കു മടങ്ങാനാവാതെയും വലഞ്ഞ ഏഴു മലയാളികൾ ഓൺലൈൻ മലയാളി കൂട്ടായ്മയായ ‘മസ്കത്ത് മലയാളീസി’ന്റെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം സ്വദേശി മോഹനൻ രാഘവൻ, കൊല്ലം സ്വദേശികളായ അനിൽകുമാർ സദാനന്ദൻ, നാണു സുരേന്ദ്രൻ, മോഹനൻ ദാമോദരൻ, പ്രിജു സുകുമാരൻ, മനോജ് പുരുഷോത്തമൻ, അജികുമാർ വേലായുധൻ എന്നിവരാണ് ഇന്നലെ വൈകിട്ട് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്.

ഒന്നരവർഷം മുൻപാണ് ഇവർ നാട്ടിൽനിന്നു മസ്കത്തിലേക്ക് ഒരുമിച്ചു പോയത്. ഇബ്രി എന്ന സ്ഥലത്ത് നിർമാണ തൊഴിൽ മേഖലയിൽ കരാർ അടിസ്ഥാനത്തിലായിരുന്നു ഇവർക്ക‌ു ജോലി. ഒരുവർഷം കഴിഞ്ഞപ്പോൾ തൊഴിലുടമ കമ്പനി മറ്റൊരാൾക്കു കൈമാറ്റം ചെയ്തതോടെയാണ് ഇവരുടെ ദുരിതങ്ങൾ ആരംഭിച്ചത്. പുതിയ തൊഴിലുടമ ഇവർക്ക് ജോലിയോ ശമ്പളമോ നൽകിയില്ല. ഭക്ഷണത്തിനുപോലും ഏറെ ബുദ്ധിമുട്ടി. താമസം പഴയസ്ഥലത്തു തന്നെയായതിനാൽ മറ്റുള്ളവരോടൊപ്പം തല ചായ്ക്കാൻ ഇടം കിട്ടി.

ഇതിനിടെ നാട്ടിലേക്കു മടങ്ങാൻ ഇവർ തയാറായെങ്കിലും രേഖകൾ കൈവശമില്ലാതിരുന്നതു പ്രശ്നമായി. ഇവരുടെ ലേബർ കാർഡ് പഴയ തൊഴിലുടമയുടെ പേരിലും പാസ്പോർട്ട് പുതിയ തൊഴിലുടമയുടെ കൈവശവുമായിരുന്നു. പലരുടെയും ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസത്തോളവുമായി. നാട്ടിലേക്കു മടങ്ങാൻ കഴിയാതിരുന്നതിനാൽ ഒരാളുടെ വിവാഹവും ഒരാളുടെ മകളുടെ വിവാഹവും പല തവണ മാറ്റിവയ്ക്കേണ്ടി വന്നു. മസ്കത്തിലെ ഇന്ത്യൻ എംബസിയിലും ഒമാൻ തൊഴിൽ മന്ത്രാലയത്തിലും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇവരിലൊരാൾ ‘മസ്കത്ത് മലയാളീസി’ലേക്ക് അയച്ച സന്ദേശമാണ് രക്ഷപ്പെടാൻ നിമിത്തമായത്. ഗ്രൂപ്പ് അഡ്മിൻ ആയ രാകേഷ് വൈപ്പൂർ ഇവരുമായി ബന്ധപ്പെടുകയും കൂട്ടായ്മയിലെ പ്രവർത്തകർ വഴി രണ്ടു തൊഴിലുടമകളെയും പല പ്രാവശ്യം സന്ദർശിച്ച‌ു ചർച്ചകൾ നടത്തി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന കേസുകൾ പിൻവലിപ്പിച്ചു.

ലേബർ കാർഡ് തീർന്നതിനെത്തുടർന്നുണ്ടായ പിഴയടയ്ക്കാനും നാട്ടിലേക്കുള്ള ടിക്കറ്റിനുമായി 2.6 ലക്ഷത്തോളം ഇന്ത്യൻ രൂപ കൂട്ടായ്മയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ നൽകി. തൊഴിൽ ചെയ്ത വകയിൽ ഇവർക്കു സ്ഥാപനമുടമ പണം നൽകാനുണ്ട്. എന്നാൽ നിയമനടപടികൾക്കും മറ്റും പണം കെട്ടിവയ്ക്കാൻ പണമില്ലാത്തതിനാൽ കേസെല്ലാം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഓണത്തിനു മുൻപു നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഏഴു പേർക്കും ഒരുമിച്ച് ടിക്കറ്റ് ലഭിച്ചില്ല; ഇവർക്കു വേണ്ടി കൂട്ടായ്മ ഇബ്രിയിൽ ഓണാഘോഷവും സംഘടിപ്പിച്ചു. തുടർന്ന് ഇന്നലെ നാട്ടിലേക്ക‌ു മടങ്ങുകയായിരുന്നു. വിമാനത്താവളത്തിൽ കൂട്ടായ്മയുടെ ഭാരവാഹിയായ സാബു ആനാപ്പുഴയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്രാച്ചെലവും നൽകി യാത്രയാക്കി.

Your Rating: