Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിലും ഇനി മൽസ്യസമൃദ്ധി

fish

മസ്‌കത്ത് ∙ കരയിലും കടലിലും മൽസ്യം വളർത്താനുള്ള ബൃഹദ് പദ്ധതിക്ക് ഒമാനിൽ തുടക്കമായി. മൽസ്യോൽപാദനം കൂട്ടി വാണിജ്യമേഖലയിൽ നേട്ടങ്ങൾ വലവീശിപ്പിടിക്കാൻ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അക്വാകൾചർ പദ്ധതികൾ വ്യാപിപ്പിക്കുകയാണു ലക്ഷ്യം. ഇതിനായി മസ്‌കത്ത്, തെക്കൻ ഷർഖിയ, അൽ വുസ്‌ത ഗവർണറേറ്റുകളിൽ കാർഷിക–ഫിഷറീസ് മന്ത്രാലയം അക്വാകൾചർ കേന്ദ്രങ്ങൾ അനുവദിച്ചു. പദ്ധതികൾ തുടങ്ങാൻ ഒമാനി സ്‌ഥാപനങ്ങൾക്കും കമ്പനികൾക്കുമുള്ള റജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും.

അടുത്തമാസം ഏഴുമുതൽ സെപ്‌റ്റംബർ ഏഴുവരെയായിരിക്കും റജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വീകരിക്കുക. കരയിലും കടലിലും മീൻ വളർത്താനുള്ള സ്‌ഥലങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അൽ വുസ്‌ത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ ഉൾപ്പെട്ട റാസ് മദർക്ക, അൽ സാദനത്ത്, ഹിതം അൽ ബർ, തെക്കൻ ഷർഖിയയിലെ ജാലൻ ബനി ബുഅലി വിലായത്തിൽ ഉൾപ്പെട്ട റുവൈസ്, സുവൈഹ്, സർജ്ജ, മസ്‌കത്ത് ഗവർണറേറ്റിലെ അൽ ജിറി മേഖല എന്നിവിടങ്ങളിലാണു കരയിൽ മീൻ വളർത്താനുള്ള പദ്ധതി. കരയിൽ സജ്‌ജമാക്കിയ കൂറ്റൻ ടാങ്കുകളിൽ മീൻ വളർത്തുന്നു.

ഗൾഫ് മേഖലയിലെ കടുത്ത ചൂട് വെല്ലുവിളിയാണെങ്കിലും ഇതു മറികടക്കാനുള്ള സംവിധാനങ്ങളൊരുക്കും. മസ്‌കത്ത് ഗവർണറേറ്റിലെ ഖുറിയാത് വിലായത്തിലുള്ള ധബാബ് ഉൾപ്പെടെയുള്ള മേഖലകളിലാണ് കടലിൽ മീൻ വളർത്താനുള്ള പദ്ധതി. നാലര ഹെക്‌ടർ മുതൽ 452 ഹെക്‌ടർ വരെ വ്യാപിച്ചു കിടക്കുന്നതാണു പദ്ധതി മേഖലകൾ. വലിയ കൂടുകൾ, സ്വാഭാവിക ആവാസവ്യവസ്‌ഥ സജ്‌ജമാക്കിയ അറകൾ, കടൽവെള്ളം കെട്ടിനിർത്തിയുണ്ടാക്കുന്ന തടാകം എന്നിവയിൽ മീൻ വളർത്തുന്ന രീതിയാണിത്.

മൽസ്യോൽപാദനം കൂട്ടാനുള്ള വിവിധ പദ്ധതികൾ രാജ്യത്ത് ഊർജിതമായി നടപ്പാക്കിവരികയാണ്. മൽസ്യക്കൃഷിയിൽ പുതിയ തലമുറ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നു. കൂടുതൽ നിക്ഷേപകർ ഈരംഗത്തേക്കു കടന്നുവരുന്നുണ്ട്. ഭക്ഷ്യസുരക്ഷയ്‌ക്കും വരുമാനം കൂട്ടുന്നതിനും ഏറ്റവും എളുപ്പമുള്ള മേഖലയാണിതെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മൽസ്യോൽപാദനത്തിൽ 50 ശതമാനവും മൽസ്യം വളർത്തൽ കേന്ദ്രങ്ങളിൽ നിന്നാണെന്നാണു റിപ്പോർട്ട്.

മൽസ്യോൽപാദനം ഗണ്യമായി വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. രുചികൂടിയ ഇനം തിലോപ്പിയയുടെ ഉൽപാദനം ഒമാനിൽ കൂടിയതായി മന്ത്രാലയം വ്യക്‌തമാക്കി. വിവിധ ഗവർണറേറ്റുകളിലായി 12 ഫാമുകളാണുള്ളത്. 2014ൽ അഞ്ചുടൺ തിലോപ്പിയയാണ് ഉൽപാദിപ്പിച്ചതെങ്കിൽ കഴിഞ്ഞവർഷം ആയപ്പോഴേക്കും 20 ടൺ ആയി. കൂടുതൽ തിലോപ്പിയ ഫാമുകൾ തുടങ്ങാൻ കൂടുതൽപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്‌തമാക്കി. ‌‌

മൽസ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനവും കൂട്ടുന്നു

ഒമാനിൽ വിവിധയിനം മൽസ്യക്കുഞ്ഞുങ്ങളെ വ്യാപകമായി ഉൽപാദിപ്പിക്കാനുള്ള ബൃഹത്പദ്ധതിക്കും രൂപംനൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അൽബുസ്‌താനിലെ അക്വാകൾചർ ഫാമിങ് സെന്ററിൽ പ്രതിവർഷം 1.5 കോടി മൽസ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ കാർഷിക–ഫിഷറീസ് മന്ത്രാലയവും ഒമാൻ അക്വാകൾചർ ഡവലപ്‌മെന്റ്‌ കമ്പനിയും (ഒഎഡിസി) ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ അക്വാകൾചർ കേന്ദ്രങ്ങളിലേക്കുള്ള മൽസ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉൽപാദിപ്പിക്കുക.

സമീപ രാജ്യങ്ങളിലേക്കു മൽസ്യക്കുഞ്ഞുങ്ങളെ കയറ്റുമതി ചെയ്യാനും ആലോചിക്കുന്നു. വാണിജ്യാടിസ്‌ഥാനത്തിൽ ഏറെസാധ്യതകളുള്ള പദ്ധതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിലവിൽ വിദേശരാജ്യങ്ങളിൽനിന്നു മൽസ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുകയാണ്. സാൽമൺ, ഹമൂർ, കാളാഞ്ചി ഇനത്തിപ്പെട്ട ബറാമുണ്ടി തുടങ്ങിയവയെ കൃത്രിമമായി വളർത്തി വാണിജ്യ മേഖലയിൽ നേട്ടമുണ്ടാക്കാനാണു തീരുമാനം.

അക്വാകൾചർ കേന്ദ്രങ്ങളിലും ഇനി ചാകര

∙ ഗൾഫ് മേഖലയിൽ ഉപയോഗിക്കുന്ന 30% മൽസ്യവും അക്വാകൾചർ കേന്ദ്രങ്ങളിൽ നിന്നാണ്. മികച്ചയിനം മൽസ്യങ്ങളെ ശാസ്‌ത്രീയമായി വളർത്തുന്ന സംവിധാനമാണ് ഇവിടെയുള്ളത്. യുഎഇക്കും സൗദിക്കും പുറമെ ഈജിപ്‌ത്, തുനീസിയ, മൊറോക്കോ, ജോർദാൻ എന്നിവിടങ്ങളിലും വൻ പദ്ധതികൾക്കു നിക്ഷേപകർ ഒരുങ്ങുകയാണ്.

∙ ഒമാനിലെ തീരദേശമേഖലയായ മസ്സന, ലിവ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെ മൽസ്യബന്ധന തുറമുഖങ്ങൾ സ്‌ഥാപിക്കാനുള്ള പദ്ധതിക്കും തുടക്കമായിട്ടുണ്ട്. മൽസ്യബന്ധന–മൽസ്യോൽപന്ന മേഖലയുടെയും അനുബന്ധ വ്യവസായങ്ങളുടെയും വളർച്ചയ്‌ക്കു വഴിയൊരുക്കുന്ന പദ്ധതി സമീപഭാവിയിൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

∙ ആയിരത്തിലേറെ മൽസ്യത്തൊഴിലാളികൾക്കു പദ്ധതിയുടെ ഗുണം ലഭിക്കും. മൽസ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്കും നേട്ടമുണ്ടാകും. മസ്സനയിൽ അഞ്ഞൂറോളം ഫൈബർ ഗ്ലാസ് ബോട്ടുകളുണ്ട്. പരമ്പരാഗത വള്ളങ്ങൾ വേറെയും. 2013ൽ മസ്സനയിൽ മാത്രം 3127 ടൺ മൽസ്യം ലഭിച്ചു. അറബ് മേഖലയിലെ റെക്കോർഡ് ആണിത്.

∙ ലിവയും അതിവേഗം വളർന്നുവരുന്നു. തുറമുഖം യാഥാർഥ്യമാകുന്നതോടെ തൊഴിൽമേഖലയിലടക്കം വലിയ മാറ്റമുണ്ടാകും. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുങ്ങുകയാണ്. സംസ്‌കരണ–പായ്‌ക്കിങ് യൂണിറ്റുകൾ, ഗ്യാസ് സ്‌റ്റേഷൻ തുടങ്ങിയവയും ഉണ്ടാകും.

∙ ഒമാൻ തീരത്ത്‌ ആയിരത്തിലേറെ ഇനം മൽസ്യങ്ങളും മറ്റു കടൽ ജീവികളും ഉള്ളതായാണു കണക്ക്. വലിയ ഇനം കൊഞ്ച്, ചെമ്മീൻ, ഞണ്ട്, അയക്കൂറ, ട്യൂണ തുടങ്ങിയവ ധാരാളമായുണ്ട്. സീസണിൽ ലഭിക്കുന്ന മൽസ്യം സൂക്ഷിക്കാനും സംസ്‌കരിക്കാനും കയറ്റുമതി ചെയ്യാനും സംവിധാനമൊരുക്കി വരികയാണ്. ഒമാനിൽ നിന്നുള്ള സമുദ്രവിഭവങ്ങൾക്ക് അറബ് മേഖലയിൽ വൻ ഡിമാൻഡ്‌ ആണ്.

Your Rating: