Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക മേഖലയ്ക്ക് ഉണർവേകി ഒമാനിൽ ഹരിതഗൃഹങ്ങൾ

മസ്‌കത്ത് ∙ കാർഷികമേഖലയ്‌ക്കു വേരോട്ടമേകാൻ ഒമാനിൽ ഹരിതകൂടാരങ്ങൾ വ്യാപകമാക്കുന്നു. ഇതിനുള്ള ബൃഹദ്‌പദ്ധതിക്കു രൂപം നൽകുകയാണു കാർഷിക ശാസ്‌ത്രജ്‌ഞർ. കടുത്തചൂടിനെയും പ്രതിരോധിക്കാൻ കഴിയുന്ന ഹരിതകൂടാരങ്ങളിൽ പച്ചക്കറി വളർത്തി വിപണിയിലെത്തിക്കാനാണു പദ്ധതി. സ്വാഭാവികവും കുളിർമയുള്ളതുമായ അന്തരീക്ഷം സജ്‌ജമാക്കി വേനൽക്കാലത്തും പച്ചക്കറി ഉൽപാദനം കൂട്ടാൻ ഇതു സഹായകമാകും.

സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്തവിധം സ്‌ഫടികവും പ്ലാസ്‌റ്റിക്കും മറ്റും ഉപയോഗിച്ചുള്ള വിശാലമായ പന്തലൊരുക്കി പച്ചക്കറി കൃഷിചെയ്യുന്നു. ഇതിനോടകം തുടങ്ങിയ പദ്ധതി വൻവിജയമായതിനെ തുടർന്നു കൂടുതൽ മേഖലകളിലേക്കു വ്യാപകമാക്കാനാണു തീരുമാനം. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിനാണ് ഇതിന്റെ നേതൃത്വം. ഹരിതകൂടാരങ്ങൾ വ്യാപകമാക്കിയാൽ മുഖ്യമായും രണ്ടുനേട്ടങ്ങളാണ് ഉണ്ടാകുകയെന്നു കാർഷിക ശാസ്‌ത്രജ്‌ഞർ ചൂണ്ടിക്കാട്ടുന്നു.

കാർഷിക മേഖലയിൽ സ്വയംപര്യാപ്‌ത കൈവരിക്കാമെന്നതാണ് ആദ്യത്തേത്. ഭൂഗർഭജലനിരപ്പ് ഉയർത്തി ഹരിതമേഖലകൾ വ്യാപകമാക്കാമെന്ന വലിയനേട്ടമാണു മറ്റൊന്ന്. ഗ്രാമീണ–മലയോര മേഖലകളിലടക്കം നിലവിൽ കാർഷിക പദ്ധതികൾ പുരോഗമിക്കുകയാണ്. ഗ്രീൻഹൗസ് എന്ന ഹരിത കൂടാരങ്ങൾ വ്യാപിച്ചു തുടങ്ങിയതോടെ ഉൽപാദനത്തിൽ 12 മടങ്ങ് വർധനയുണ്ടായതായാണ് കാർഷിക മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഭൂഗർഭജലനിരപ്പ് ഉയർന്നതിനാൽ മണ്ണിലെ ഉപ്പിന്റെ അംശം കുറയുകയും ചെയ്‌തു.

ശാസ്‌ത്രീയ സംവിധാനങ്ങളിലൂടെ ഗ്രീൻഹൗസുകളിലെ ഉൽപാദനം കൂട്ടാനും ലക്ഷ്യമിടുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, വെണ്ട, പീച്ചിങ്ങ, പാവയ്‌ക്ക, ചീര, കക്കിരി തുടങ്ങിയവയെല്ലാം ഗ്രീൻഹൗസുകളിൽ നന്നായി വിളയുന്നു. ഓരോ സീസണിലും വിളകൾ മാറ്റി പരീക്ഷിക്കുന്നു. കാർഷിക മേഖലയോടനുബന്ധിച്ചുള്ള മൽസ്യം വളർത്തലും വ്യാപകമായി വരികയാണ്. ഹരിത കൂടാരങ്ങളുടെ വളർച്ചയിൽ വൻ കുതിപ്പുണ്ടായതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2001ൽ ഇത് 782 ആയിരുന്നെങ്കിൽ 2003ൽ 2491 ആയി. 2010ൽ 4740 ആയി ഉയർന്നു.

പുതിയ വിളകളും കാർഷികപദ്ധതികളും കർഷകർക്കു പരിചയപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നു. ക്വിനോവ കൃഷി ഉൾപ്പെടെ വ്യാപകമായിക്കഴിഞ്ഞു. സാധാരണ നിലയിൽ മൈനസ് നാലു മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷ ഊഷ്‌മാവിലാണു ക്വിനോവ വളരുന്നതെങ്കിലും കടുത്തചൂടിലും നന്നായി വിളയുന്ന ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. യുഎഇയും ക്വിനോവ കൃഷിയിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. 160 മുതൽ 180 ദിവസംകൊണ്ടു വിളവെടുക്കാൻ കഴിയും.

ഒമാനിലെ ബതീനാ മേഖലയിൽ ബാർലി വൻതോതിൽ കൃഷിചെയ്യുന്നുണ്ട്. കോസ്‌റ്ററിക്കയിൽ ഉരുളക്കിഴങ്ങ് കൃഷിയും മൊറോക്കോയിൽ ഈന്തപ്പനകൃഷിയും വ്യാപകമാക്കിയ അതേ മോഡലാണ് ഒമാനിലും പരീക്ഷിച്ചത്. ഒമാനിൽ 24 ലക്ഷം റിയാലിന്റെ 16 പദ്ധതികളാണ് കഴിഞ്ഞവർഷം തുടങ്ങിയത്. ഈന്തപ്പന വിളവെടുപ്പ് കൂട്ടാൻ ലക്ഷ്യമിട്ട് 2040വരെയുള്ള ബൃഹദ് പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. കാർഷികമേഖലയിൽ സ്വദേശി യുവാക്കൾക്കു പരിശീലനം നൽകുകയും നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന പദ്ധതിയും പുരോഗമിക്കുകയാണ്.

പന്തലിൽ പടരുന്നത് കാർഷിക സമൃദ്ധി

നേരിട്ടു വെയിൽ അടിക്കാതിരിക്കാൻ വലിയ പന്തലുകളിൽ പച്ചക്കറി കൃഷിചെയ്യുന്നു. ഇരുമ്പുകമ്പികൊണ്ട് കമാനംപോലെ വളച്ചുകെട്ടി മുകളിൽ പ്ലാസ്‌റ്റിക് ഷീറ്റ് വിരിക്കുന്നതാണ് പൊതുവെയുള്ള രീതി. സൂര്യപ്രകാശത്തെ ഇതു തീർത്തും തടയുന്നില്ല. ശക്‌തമായ കാറ്റിനെയും ഇതു പ്രതിരോധിക്കുന്നു. ദിവസവും രണ്ടുനേരം നനയ്‌ക്കണം.

ആട്ടിൻ കാഷ്‌ഠവും പുല്ലിന്റെയും മറ്റും അവശിഷ്‌ടങ്ങളും പ്രധാനമായും വളമായി ഉപയോഗിക്കുന്നു. വേറെയും ജൈവവളമുണ്ട്. കൃഷിക്കൊപ്പം ആടിനെയും വളർത്താമെന്നതാണ് ഏറ്റവും വലിയ മെച്ചം. പുൽകൃഷിയുള്ളതിനാൽ ഇവയ്‌ക്കുള്ള തീറ്റ പുറമെനിന്നു കൊണ്ടുവരേണ്ടതില്ല. കാഷ്‌ഠവും മറ്റ് അവശിഷ്‌ടങ്ങളും വളമായി ഉപയോഗിക്കുകയും ചെയ്യാം.

ചൂടുകാലത്തേക്കുള്ള പുല്ല് ഉണക്കി സൂക്ഷിക്കുന്നു. പുല്ലു ചെത്തി ചെറിയ കെട്ടുകളാക്കി ഉണക്കി ഷെഡ്‌ഡുകളിൽ സൂക്ഷിക്കുന്നു. ഒട്ടകത്തിന്റെയും പ്രിയപ്പെട്ട ഭക്ഷണമാണിത്. കടുത്ത ചൂടും കനത്ത കാറ്റുമാണ് കൃഷിക്കു പലപ്പോഴും വില്ലന്മാരാകുന്നത്. ചൂടത്ത് വാടിക്കരിയുമെങ്കിൽ കാറ്റത്ത് പൂവും മറ്റും പറന്നുപോകും. ഇതൊഴിവാക്കാനാണ് പന്തൽ.

Your Rating: