Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുഖമിൽ ഇറാൻ–ഒമാൻ വാഹനനിർമാണ സംരംഭം

car

മസ്‌കറ്റ് ∙ പുതിയ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യാന്തര വിപണിയിൽ മുന്നേറാൻ വാഹനനിർമാണരംഗത്ത് ഒമാനും ഇറാനും കൈകോർക്കുന്നു. ഒമാനിൽ കാർ നിർമാണ യൂണിറ്റ് സ്‌ഥാപിച്ച് സംയുക്‌ത പദ്ധതികൾക്കു വേഗമേകുകയാണ് ആദ്യഘട്ടം. അടുത്ത വർഷത്തോടെ ഇതു പ്രവർത്തനമാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇറാനെതിരെയുള്ള രാജ്യാന്തര ഉപരോധം നീങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്‌തമാക്കിവരികയാണ്. ഓട്ടമൊബീൽ രംഗത്ത് ഇറാനുള്ള മികവ് പുതിയ സംരംഭത്തിനു കൂടുതൽ സാധ്യതകൾ നൽകുന്നു. ഒമാനിലെ തീരദേശമേഖലയായ ദുഖമിലാണ് വാഹനനിർമാണ യൂണിറ്റ് തുടങ്ങുക. ആദ്യഘട്ടത്തിൽ 10,000 കാറുകൾ നിർമിക്കും.

രണ്ടാം ഘട്ടത്തിൽ ഇത് ഇരട്ടിയാക്കും. ഇറാനിലെ പ്രമുഖ കമ്പനിയായ ഖൊദ്രോ ഗ്രൂപ്പാണ് ആദ്യം കടന്നുവരുന്നത്. ഇതിനു മുന്നോടിയായുള്ള സാധ്യതാപഠനം നടന്നുവരികയാണെന്നാണ് റിപ്പോർട്ട്. അടുത്തമാസത്തോടെ ഇതു പൂർത്തിയാകും. കെട്ടിടങ്ങൾ നിർമിക്കാനും മറ്റു സംവിധാനങ്ങളൊരുക്കാനും ഒരു വർഷം വേണ്ടിവരും. ഒമാനിൽ ചുവടുറപ്പിച്ച് യൂറോപ്യൻ വിപണിയിലടക്കം കടന്നുകയറാമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. മധ്യപൂർവദേശത്തും ആഫ്രിക്കൻ രാജ്യങ്ങളിലും സാധ്യതകളേറെയാണ്. കുറഞ്ഞചെലവിൽ മികച്ച വാഹനങ്ങൾ നിർമിച്ച് വിപണിയിൽ നേട്ടമുണ്ടാക്കാമെന്നാണു കണക്കുകൂട്ടൽ. ദുഖം യൂണിറ്റിൽ തുടക്കത്തിൽ സെഡാൻ കാറുകൾ നിർമിക്കാനാണ് ധാരണയെന്നറിയുന്നു. ഒന്നരക്കോടി ഡോളറാണ് പ്രാരംഭനിക്ഷേപം.

രണ്ടാം ഘട്ടത്തിൽ വാഹനങ്ങളുടെ ബോഡി നിർമാണ കേന്ദ്രവും പെയിന്റ് യൂണിറ്റും തുടങ്ങാൻ ലക്ഷ്യമിടുന്നു. രണ്ടാംഘട്ടത്തിൽ മൂന്നു കോടി ഡോളറാണു നിക്ഷേപിക്കുക. സാങ്കേതികവിദ്യകളടക്കം ഒമാനുമായി പങ്കുവയ്‌ക്കുമെന്നാണു റിപ്പോർട്ട്. തൊഴിലാളികൾക്കു പരിശീലനം നൽകുകയും ചെയ്യും. സ്‌പെയർപാർട്‌സ് യൂണിറ്റുകൾ തുടങ്ങാനും ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചെലവു കൂട്ടുമെന്നതിനാൽ പൂർണമായും ഒമാനിൽ നിർമിക്കുന്ന കാർ എന്നതാണ് ആശയം. ഭാവിയിൽ മറ്റു വാഹനങ്ങളും നിർമിക്കുമെന്നാണു സൂചന. ഉസ്‌ബക്കിസ്‌ഥാനിൽ നിന്ന്‌ ഇറാൻ വഴി ഒമാനിലേക്കുള്ള നിർദിഷ്‌ട വ്യാപാര–സഞ്ചാര ഇടനാഴി പദ്ധതിയിൽ ഒമാനും പങ്കാളിയാകാൻ സാധ്യതയുള്ളതിനാൽ വാഹനനിർമാണ യൂണിറ്റിന് ഏറെ സാധ്യതകളാണുള്ളത്.

ഉസ്‌ബക്കിസ്‌ഥാനിൽ നിന്നാരംഭിച്ച്‌ തുർക്ക്‌മെനിസ്‌ഥാനു കുറുകെ കടന്ന്‌ ഒമാൻ വഴി ഇറാനിൽ അവസാനിക്കുന്ന പദ്ധതിയാണിത്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സംയുക്‌ത വ്യാപാര–നിക്ഷേപ പദ്ധതികളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാനും വിവിധ മേഖലകളിലേക്ക്‌ എളുപ്പത്തിൽ ഇറാനു കടന്നുവരാനും സഹായകമാണെന്നു വിലയിരുത്തപ്പെടുന്നു. ദീർഘകാലാടിസ്‌ഥാനത്തിലുള്ള സംയുക്‌ത നിക്ഷേപകമ്പനികൾക്കും ഒമാനും ഇറാനും തമ്മിൽ ധാരണയായിട്ടുണ്ട്. അണക്കെട്ട്‌നിർമാണം, ജലശുദ്ധീകരണ പ്ലാന്റുകൾ, മലിനജല നിർഗമനം, വിതരണശൃംഖലകൾ, കിണറുകൾ തുടങ്ങിയപദ്ധതികളിലും സഹകരണത്തിനു ധാരണയായിട്ടുണ്ട്. സാങ്കേതികകാര്യങ്ങൾ, നിർമാണം, മാനേജ്‌മെന്റ്‌ തുടങ്ങിയ മേഖലകളിലുള്ള പരിജ്‌ഞാനം ഇരുരാജ്യങ്ങളും പങ്കുവയ്‌ക്കും.

വഴിതുറക്കുന്നു, സാധ്യതകളിലേക്ക്

∙ വാഹനനിർമാണ ഫാക്‌ടറി ആദ്യഘട്ടത്തിൽ മുന്നൂറോളം പേർക്കു തൊഴിലവസരമൊരുക്കും. അനുബന്ധ വ്യവസായങ്ങളും വളരുമെന്നതിനാൽ തൊഴിൽ സാധ്യതകളേറെയാണ്. ഇന്ത്യക്കാർക്കും ഇതിന്റെ ഗുണഭോക്‌താക്കളാകാം.

∙ രാജ്യമാകെ സ്‌പെയർപാർട്‌സ് വിതരണ ശൃംഖലയും സർവീസ് കേന്ദ്രങ്ങളും സജ്‌ജമാകും. ഇതും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും.

∙ തീരദേശമേഖലയായ ദുഖമിൽ ഫാക്‌ടറി തുടങ്ങുന്നത് വാഹനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കാൻ സഹായകമാകും. മേഖലയിലെ ഏറ്റവും വലിയ തുറമുഖ നഗരമായി ദുഖമിനു മാറാൻ ഇതു സഹായകമാകും.

∙ ഒമാൻ റയിൽ പദ്ധതി ദുഖമിലൂടെ കടന്നുപോകുന്നതിനാൽ വൻവികസനം പ്രതീക്ഷിക്കാം. ഖനന, അടിസ്‌ഥാനസൗകര്യ, വ്യവസായ മേഖലകളിൽ വൻ കുതിച്ചു കയറ്റത്തിന്‌ ഇതു വഴിതുറക്കും.

∙ ഇതിനോടകം സോഹാർ, ദുഖം മേഖലകളിൽ മാത്രം 400 കോടി ഡോളറിന്റെ ഇറാനിയൻ നിക്ഷേപമുണ്ടായതായാണു കണക്ക്.

∙ ഒമാനെ വാണിജ്യ ഇടത്താവളമായി മാറ്റാൻ ഇറാൻ ലക്ഷ്യമിടുന്നു. അതോടൊപ്പം ഇറാനിൽ നിർമിച്ച ഹെവി, ലൈറ്റ്‌ വാഹനങ്ങൾക്ക് ഇതര രാജ്യങ്ങളിൽ വിപണി കണ്ടെത്താനാകുമെന്നും ഇറാൻ പ്രതീക്ഷിക്കുന്നു.

∙ ഒമാനെയും ഇറാനെയും കൂട്ടിയിണക്കി ഹോർമുസ്‌ കടലിടുക്കിനു മുകളിലൂടെ പാലം നിർമിക്കാനുള്ള സുപ്രധാന പദ്ധതിയും സജീവമാണ്. ഒമാനിലെ മുസണ്ടത്തെയും തെക്കൻ ഇറാനെയും ബന്ധിപ്പിച്ചാണു 39 കിലോമീറ്റർ വരുന്ന പാലം. ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു ജിസിസി രാജ്യത്തേക്ക്‌ ഇറാൻ പാലം നിർമിക്കുന്നത്.

Your Rating: