Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലാവകാശ സംരക്ഷണം: ഒമാൻ ഒന്നാമത്

child

മസ്‌കത്ത് ∙ ഗൾഫ് മേഖലയിൽ ബാലാവകാശ സംരക്ഷണത്തിൽ ഒമാന് ഒന്നാം സ്‌ഥാനം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അംഗീകാരം. ഗൾഫ് രാജ്യങ്ങളിൽ ഖത്തറിനു രണ്ടാം സ്‌ഥാനവും കുവൈത്തിനു മൂന്നാം സ്‌ഥാനവും ലഭിച്ചു. യുഎഇ നാലാമതും സൗദി അറേബ്യ അഞ്ചാമതും എത്തിയപ്പോൾ ബഹ്‌റൈൻ ആണു മേഖലയിൽ ഏറ്റവും പിന്നിലെന്നും 163 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ‘കിഡ്‌സ് റൈറ്റ്‌സ്’ സൂചികയിൽ വ്യക്‌തമാക്കുന്നു.

അതേസമയം അറബ് രാജ്യങ്ങളിൽ ട്യൂണീസിയയ്‌ക്കും ഈജിപ്‌തിനും പിന്നിൽ മൂന്നാമതാണ് ഒമാന്റെ സ്‌ഥാനം. രാജ്യാന്തര തലത്തിൽ നാൽപതാമതും. കുട്ടികളുടെ അവകാശം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, മെച്ചപ്പെട്ട ജീവിതത്തിനുള്ള അനുകൂല സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആടിസ്‌ഥാനമാക്കിയാണു പഠനം നടത്തിയത്. ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉറപ്പാക്കുന്ന സുരക്ഷയും മറ്റു ഘടകങ്ങളും വിലയിരുത്തി.

ശിശുമരണ നിരക്ക്, ബാലവേല, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം, പോഷകാഹാര ലഭ്യത, സാംസ്‌കാരികാവബോധം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓരോ കാര്യത്തിലും രാജ്യാന്തര നിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്നും പരിശോധിച്ചു. ആരോഗ്യകരമായ ജീവിതത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കി. മുൻകാലങ്ങളിലെ ചില ന്യൂനതകൾ പരിഹരിക്കാൻ രാജ്യത്തിനു കഴിഞ്ഞതായി റിപ്പോർട്ടിൽ വ്യക്‌തമാക്കി.

ശിശുക്ഷേമത്തിനായി 2025 വരെയുള്ള ദേശീയ കർമപരിപാടി ഒമാൻ നടപ്പാക്കുകയാണ്. കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും സ്വാഭാവരൂപീകരണത്തിനുമെല്ലാം പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ബജറ്റിൽ ഇതിനായി പ്രത്യേക വിഹിതം വകയിരുത്തുകയും ചെയ്യും. പദ്ധതികളുടെ പുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്തും. ശിശുക്ഷേമം മുൻനിർത്തി നിയമരൂപീകരണം ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങളും പരിഗണനയിലാണ്.

മേഖലയ്‌ക്കു മാതൃകയായി ജിസിസി രാജ്യങ്ങൾ

മധ്യപൂർവദേശത്തെ പലരാജ്യങ്ങളിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുകയും ഇവർ അഭയാർഥികളായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണു ജിസിസി രാജ്യങ്ങൾ മാതൃകയാകുന്നത്. അഭയാർഥികളുടെ ക്ഷേമത്തിനു യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിവരികയാണ്. സിറിയ, യെമൻ, ഇറാഖ്, പലസ്‌തീൻ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽ വലിയൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

മരുന്നും ഭക്ഷണവും പാർപ്പിടസൗകര്യങ്ങളും ഇല്ലാതെ ആയിരങ്ങളാണു വലയുന്നത്. ആഭ്യന്തരകലാപം നിലനിൽക്കുന്ന യെമനിൽ സായുധസംഘങ്ങൾ കുട്ടികളെ ചാവേറുകളാക്കി കൂട്ടക്കുരുതി നടത്തുകയാണെന്നാണു യൂണിസെഫ് റിപ്പോർട്ട്. അപകടകരമായ ആയുധങ്ങളും സ്ഫോട‌ക വസ്തുക്കളും സൂക്ഷിക്കാൻ ഏൽപിക്കുന്നതിനു പുറമെ പോർമുഖങ്ങളിലേക്കു കുട്ടികളെ തള്ളിവിടുകയുംചെയ്യുന്നു. മാതാപിതാക്കളും ബന്ധുക്കളും നഷ്‌ടപ്പെട്ട്‌ അഭയാർഥികളായിത്തീരുന്ന നൂറുകണക്കിനുകുട്ടികളാണ്‌ അത്യന്തം അപകടകരമായ ജോലിയിൽ ഏർപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരുങ്ങുന്നു, കൂടുതൽ ആരോഗ്യകേന്ദ്രങ്ങൾ

അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പുവരുത്താൻ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ നൂതന ആശുപത്രികൾ സജ്‌ജമാക്കാനുള്ള പദ്ധതി ഒമാനിൽ തുടങ്ങിക്കഴിഞ്ഞു. മധ്യപൂർവദേശത്ത്‌ ഏറ്റവും മികച്ച ചികിൽസ ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നായി ഒമാനെ മാറ്റാൻ ഇതുവഴി കഴിയുമെന്നു പ്രതീക്ഷിക്കുന്നു. സ്‌പെഷലിസ്‌റ്റ്‌ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവ തുടങ്ങാനാണു പദ്ധതി. ഗ്രാമീണ മേഖലയിൽ ഏറ്റവും മികച്ച ചികിൽസാ സംവിധാനമൊരുക്കും.

ഇതിനകം പല ആശുപത്രികളുടെയും രൂപരേഖ തയാറായിക്കഴിഞ്ഞു. ബർക്ക അൽഫുജൈലിൽ സ്‌ഥാപിക്കുന്ന സുൽത്താൻഖാബൂസ്‌ മെഡിക്കൽസിറ്റിയുടെ നിർമാണം പുരോഗമിക്കുകയാണ്. 2020ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അഞ്ച്‌സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികൾ ഇവിടെയുണ്ടാകും. നൂതനലാബുകൾ, പഠന–ഗവേഷണകേന്ദ്രങ്ങൾ, ശസ്‌ത്രക്രിയയ്‌ക്കു മാത്രമായി പ്രത്യേകപരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടാകും.

Your Rating: