Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിതല പദ്ധതികളുമായി ഒമാനിൽ ‘ഹെൽത്ത് വിഷൻ 2050’

health

മസ്‌കത്ത് ∙ ഒമാനിലെ ആരോഗ്യരംഗത്തു നൂതന സംവിധാനങ്ങളോടെ സമഗ്രമാറ്റം ലക്ഷ്യമിടുന്ന ‘ഹെൽത്ത് വിഷൻ 2050’ എന്ന വൻ പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം രൂപംനൽകി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അത്യാധുനിക സംവിധാനങ്ങളോടെ ചികിൽസാ സൗകര്യമൊരുക്കാനുള്ള കർമ പരിപാടിയാണിത്. രാജ്യാന്തര മികവുള്ള ആശുപത്രികൾ ഓരോ മേഖലയിലും സജ്‌ജമാക്കുന്നതോടെ ഉൾപ്രദേശങ്ങളിലുള്ളവർക്കും മികച്ച ചികിൽസ അതിവേഗം ലഭ്യമാകുമെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കി. മൂന്നുതലങ്ങളിലാകും പദ്ധതി നടപ്പാക്കുക. പ്രാദേശിക, മേഖലാ തലങ്ങളിലും നഗരങ്ങളിലും മികച്ച ആശുപത്രികൾ നിർമിക്കും.

ഇവിടെ മികച്ച ഡോക്‌ടർമാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കും. മൊബൈൽ യൂണിറ്റുകൾ വഴി സേവനം ലഭ്യമാക്കാനും ആലോചിക്കുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പോളിക്ലിനിക്കുകൾ, സ്‌പെഷ്യൽറ്റി ആശുപത്രികൾ എന്നിങ്ങനെയാണ് പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ ലഭിക്കുന്ന ചികിൽസയ്‌ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഓരോ ഗവർണറേറ്റിലും റഫറൽ ആശുപത്രികൾ നിർമിക്കുകയെന്നതാണ് അടുത്തഘട്ടം. ഇവിടെ കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകുകയും വിവിധ വിഭാഗങ്ങളിൽ സ്‌പെഷലൈസ്‌ഡ് ഡോക്‌ടർമാരുടെ സേവനം ലഭ്യമാകുകയും ചെയ്യും.

റോയൽ, ഖൗല, അൽ നഹ്‌ദ, അൽ മസറ ആശുപത്രികൾപോലെ അത്യാധുനിക ചികിൽസാ കേന്ദ്രങ്ങൾ നിർമിക്കുന്നതാണു മൂന്നാമത്തെ ഘട്ടം. ഒമാനിൽ നിലവിൽ 69 ആശുപത്രികളാണുള്ളത്. ഇതിൽ 49 എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ്. എല്ലാ ആശുപത്രികളിലുംകൂടി 6468 കിടക്കകൾ. കഴിഞ്ഞവർഷം 3.26 ലക്ഷം പേർ ചികിൽസ തേടിയതായാണു കണക്ക്. 1.02 ലക്ഷം പേർ ശസ്‌ത്രക്രിയയ്‌ക്കു വിധേയരായി. മന്ത്രാലയത്തിന്റെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ സമയബന്ധിതമായി കൂടുതൽ ആശുപത്രികൾ സജ്ജമാക്കും. ഇതിനായി 2050 വരെയുള്ള കർമപരിപാടികൾ ആവിഷ്‌കരിച്ചുകഴിഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ ഇപ്പോൾ കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ നിർമിച്ചു വരികയാണ്.

ശിശുക്ഷേമത്തിനും ദേശീയ കർമപദ്ധതി

മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളിലൊന്നാണ് ഒമാനെന്നും റിപ്പോർട്ട് വ്യക്‌തമാക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിൽ മികച്ച ശ്രദ്ധ പുലർത്തുന്നു. വിവിധ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്‌പുകൾ ഊർജിതമായി നടത്തുന്നു. ക്ഷയം, പോളിയോ, ഡിഫ്‌തീരിയ, അഞ്ചാംപനി, വില്ലൻചുമ, മുണ്ടിനീര് തുടങ്ങിയവയ്‌ക്കെതിരായ പ്രതിരോധ നടപടികൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നു. ശിശുക്ഷേമത്തിനായി 2025 വരെയുള്ള ദേശീയ കർമപരിപാടി ഒമാൻ നടപ്പാക്കിവരികയാണ്. കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമെല്ലാം പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പദ്ധതികളുടെ പുരോഗതി ഓരോ ഘട്ടത്തിലും വിലയിരുത്തും. തുടർച്ചയായ 16–ാം വർഷവും രാജ്യം പോളിയോ വിമുക്‌തമാണ്.

ഒന്നാമതാകാൻ ഒമാൻ

∙ മധ്യപൂർവദേശത്ത് ഏറ്റവും മികച്ച ചികിൽസ കിട്ടുന്ന രാജ്യമാക്കി ഒമാനെ മാറ്റുകയെന്നതും ലക്ഷ്യമാണ്. സ്വകാര്യ സംരംഭകർക്കും പങ്കാളിത്തം നൽകും.

∙ രാജ്യത്ത്‌ അവയവം മാറ്റിവയ്‌ക്കുന്നതടക്കമുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതും സജീവ പരിഗണനയിലാണ്. വിദേശത്തുനിന്നുള്ള ആരോഗ്യ വിദഗ്‌ധരെ പങ്കെടുപ്പിച്ചുള്ള എക്‌സിബിഷനുകൾ, ശിൽപശാലകൾ തുടങ്ങിയവ സംഘടിപ്പിക്കും.

∙ വൃക്ക–ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയയ്‌ക്കും അനുബന്ധ ചികിൽസയ്‌ക്കും സൗകര്യമുള്ള ആശുപത്രികൾ രാജ്യത്തു സജ്‌ജമാക്കാനും ലക്ഷ്യമിടുന്നു. ഇതര ഗൾഫ്‌ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇതു സൗകര്യമാകും.

∙ ബർക്ക അൽഫു ജൈലിൽ സ്‌ഥാപിക്കുന്ന സുൽത്താൻ ഖാബൂസ്‌ മെഡിക്കൽ സിറ്റിയുടെ നിർമാണം പുരോഗമിക്കുകയാണ്. 2020ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അഞ്ച്‌ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രികൾ ഇവിടെയുണ്ടാകും. നൂതന ലാബുകൾ, പഠന–ഗവേഷണ കേന്ദ്രങ്ങൾ, ശസ്‌ത്രക്രിയയ്‌ക്കു മാത്രമായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടാകും.

∙ സ്വദേശികളിൽ പകുതിയോളം പേർ ചികിൽസയ്‌ക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതായും റിപ്പോർട്ടുണ്ട്. ഏറ്റവും മികച്ച ചികിൽസ ലഭ്യമാക്കി ഇതു കുറച്ചുകൊണ്ടുവരാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്.

∙ രാജ്യത്തു കണ്ടെത്തിയ ഔഷധ സസ്യങ്ങളെ കുറിച്ചു ഗവേഷണം ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സസ്യങ്ങൾക്കു വലിയ തോതിൽ ഔഷധ ഗുണമുണ്ടെന്നും പല രോഗങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. വിശാലമായ പർവതമേഖലകളുള്ള ഒമാനിൽ അപൂർവയിനം ചെടികളും മരങ്ങളുമുണ്ട്.

Your Rating: