Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനംമയക്കും മസീറ

mazeera01

മസ്‌കത്ത് ∙ കൗതുകക്കാഴ്‌ചകൾ തിരതല്ലുന്ന ഒമാനിലെ മസീറ ദ്വീപസമൂഹങ്ങളിലേക്കു വിനോദസഞ്ചാരികളുടെ പ്രവാഹം. സലാലയിലെ മൺസൂൺമേളയായ ഖരീഫ് ഫെസ്‌റ്റിവലിനു സമാപനമായതോടെയാണ് മസീറ ദ്വീപിൽ തിരക്കേറിയത്.

ദേശാടനപ്പക്ഷികളുടെയും ആമകളുടെയും പ്രിയപ്പെട്ട തീരം പരിസ്‌ഥിതിപ്രേമികളുടെ പഠനകേന്ദ്രം കൂടിയാണ്. ജനവാസം കുറവാണെങ്കിലും എല്ലാ സീസണിലും വിനോദസഞ്ചാരികളെത്തുന്നു എന്നതാണ് പ്രത്യേകത.

മസ്‌കത്തിൽ നിന്നു 380 കിലോമീറ്റർ അകലെയുള്ള ദ്വീപിലെത്താൻ വാഹനത്തിലും ജങ്കാറിലുമായി ഒന്നരമണിക്കൂറിലേറെ യാത്രചെയ്യണം. മരുഭൂമി പിന്നിട്ടാൽ ഉപ്പുപാടങ്ങളായി. വേലിയേറ്റവും ഇറക്കവും അനുസരിച്ച് യാത്രാസമയത്തിൽ വ്യത്യാസമുണ്ടാകും. 200 കിലോമീറ്റർ പിന്നിടുമ്പോൾ തിരമാലകൾക്കു നടുവിൽ പച്ചപുതച്ച ദ്വീപിന്റെ സൗന്ദര്യം കാണാം. തെക്കൻ ഷർഖിയ ഗവർണറേറ്റിന്റെ ഭാഗമായ ഈ ദ്വീപിലെത്താൻ ബോട്ടുകളും ജങ്കാറും മാത്രമാണ് ആശ്രയം. ജങ്കാറുകളിൽ വാഹനങ്ങളും കയറ്റിയാണ് വിനോദസഞ്ചാരികളുടെ യാത്ര.

ഒരാൾക്ക് മൂന്നു റിയാലും ഒരുവാഹനത്തിന് പത്ത് റിയാലുമാണ് ഒമാൻ നാഷനൽ ഫെറിയുടെ നിരക്ക്. തിരിച്ചുവരാനും ഇത്രയും നൽകണം. സ്വകാര്യ ഫെറി സർവീസുമുണ്ട്.

വിനോദസഞ്ചാരികൾക്കായി ദ്വീപിൽ കൂടുതൽ സൗകര്യങ്ങളൊരുക്കിവരികയാണ്. മർസിസ് ആണ് ഇവിടത്തെ ഏറ്റവും വലിയ ദ്വീപ്. ഷാൻസി, കൽബാൻ, സൂർ മസീറ എന്നിവയാണ് അരികിലുള്ള മറ്റു ദ്വീപുകൾ. സർഫിങ്, പാരാഗ്ലൈഡിങ് എന്നിവയ്‌ക്കു പേരുകേട്ട സ്‌ഥലമാണ് സൂർ മസീറ. ഇന്ത്യയിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്.

ദ്വീപുകളെ കൂട്ടിയിണക്കിയുള്ള ടൂറിസത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ ബോട്ട് സർവീസുകൾ തുടങ്ങും. ഗതാഗത–ടൂറിസം പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. മഹൂത്, മസീറ വിലായത്തുകളിലെ സ്വദേശി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകിവരികയാണ്. പരിശീലനം പൂർത്തിയാകുന്നമുറയ്‌ക്ക്‌ ഇവരെ റിസർവേഷൻ കേന്ദ്രങ്ങളിലും വർക്ക്‌ഷോപ്പുകളിലും ബോട്ടുകളിലും നിയമിക്കും.

ഒമാന്റെ ടൂറിസം മേഖലയുടെ വളർച്ചയ്‌ക്കു വഴിയൊരുക്കുന്ന, 60കോടിഡോളർ ചെലവിലുള്ള സറായബന്തർജിസ പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നാണു റിപ്പോർട്ട്. ഹജ്‌ർമലനിരകളിൽ 22 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ വില്ലകൾ, ഹോട്ടലുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടാകും. ഇതിന്റെ ഒന്നാം ഘട്ടം അടുത്തവർഷം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.

കിളികളുടെയും ആമകളുടെയും ആവാസതീരം

സ്വദേശികൾ താറ എന്നുവിളിക്കുന്ന അപൂർവയിനം പക്ഷികളും അൽ റിമാനി ആമകളുമാണ് മസീറ ദ്വീപിലെ താരങ്ങൾ. മുന്നൂറിലേറെയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെമാത്രമുള്ള ഇനങ്ങളുമുണ്ട്. ഇന്ത്യ, പാക്കിസ്‌ഥാൻ, ആഫ്രിക്ക, സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷികളെ വിവിധ സീസണുകളിൽ കാണാനാകും. ശാന്തമായ അന്തരീക്ഷവും മീനുകളും ഞണ്ടുകളും ധാരാളമുള്ളതും പക്ഷികളെ ആകർഷിക്കുന്നു.

mazeera

അൽ റിമാനി ആമകൾക്കും പ്രത്യേകതകളേറെയാണ്. മുട്ടയിടാൻ കൂട്ടത്തോടെയെത്തുന്ന ഇവയുടെ സംരക്ഷണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. കടലിലെ മാലിന്യങ്ങളും ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള ഇന്ധനച്ചോർച്ചയും ഇവയ്‌ക്കു ഭീഷണിയായതിനാൽ പരിസ്‌ഥിതി സംരക്ഷണത്തിന് പ്രത്യേക സംഘത്തെ സജ്‌ജമാക്കിയിട്ടുണ്ട്. മുട്ടവിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കടലിലേക്കു മടങ്ങുന്നത് ആകർഷകമായ കാഴ്‌ചയാണ്.

മീൻവലകളുമായി മൽസ്യത്തൊഴിലാളികൾ നടത്തുന്ന അൽ മസോബൽ നൃത്തമാണ് ദ്വീപിലെ മറ്റൊരു കൗതുകക്കാഴ്‌ച. പരമ്പരാഗത കലാരൂപമാണിത്.

Your Rating: