Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൺസൂൺ കുളിരിൽ സലാല; സഞ്ചാരികളുടെ പ്രവാഹം

rain-a

സലാല ∙ ഒമാനിലെ കേരളം എന്നറിയപ്പെടുന്ന സലാലയിൽ മഴക്കാലം ആസ്വദിക്കാൻ സഞ്ചാരികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യ, അറബ് രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ളവരാണു പ്രധാനമായും എത്തുന്നത്. പച്ചപുതച്ച മലനിരകളും കോടമഞ്ഞും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന നേർത്ത മഴയും വിശാലമായ കൃഷിയിടങ്ങളും ഏവരെയും മോഹിപ്പിക്കും. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്‌തമാകുമെന്നാണു കാലാവസ്‌ഥാ നിരീക്ഷകരുടെ റിപ്പോർട്ട്. സെപ്‌റ്റംബർ അവസാനംവരെ നീണ്ടുനിൽക്കുന്നതാണു മൺസൂൺ സീസൺ. കഴിഞ്ഞ മൺസൂണിൽ ആറുലക്ഷത്തോളം വിനോദസഞ്ചാരികൾ എത്തിയതായാണു ടൂറിസം മന്ത്രാലയത്തിന്റെ കണക്ക്.

ഇത്തവണ അതിലും കൂടുമെന്നു പ്രതീക്ഷിക്കുന്നു. ഒമാന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ളവരും ധാരാളമായെത്തുന്നു. മൺസൂൺ ഉൽസവമായ ഖരീഫ് ഫെസ്‌റ്റിവൽ തുടങ്ങുന്നതോടെ വൻതിരക്കാണ് അനുഭവപ്പെടുക. പൈതൃക – ഭക്ഷ്യ മേളകൾ, സംഗീത – നൃത്ത പരിപാടികൾ, ഷോപ്പിങ് മേള തുടങ്ങിയവ ഉണ്ടായിരിക്കും. വിവിധയിനം കരകൗശലവസ്‌തുക്കൾ കിട്ടുമെന്നതും സന്ദർശകരെ ആകർഷിക്കുന്നു. കേരളീയ രീതിയിലുള്ള അടുക്കള ഉപകരണങ്ങൾ ലഭ്യമാണ്. ചന്തകളിൽനിന്നും തോട്ടങ്ങളിൽനിന്നും പുതുമയോടെ ഈന്തപ്പഴങ്ങളും ഈന്തപ്പഴസിറപ്പും കപ്പയും കാച്ചിലും പച്ചക്കറിയുമെല്ലാം വാങ്ങാനാകും.

വാദിദർബാത്, മിർബാത്, ജബൽസമ്‌ഹാൻ, അൽഫസായെ ബീച്ച്, സൂഖ്‌അൽഹഫ തുടങ്ങിയവ സഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചാറ്റൽമഴയും ഇവിടത്തെ പ്രത്യേകതയാണ്. ആദ്യമഴയോടെ മലനിരകളിലാകെ പച്ചപ്പു പടരും. ഒമാന്റെ ഇതരമേഖലകളും മറ്റു ഗൾഫ് രാജ്യങ്ങളും വേനലിൽ ചുട്ടുപൊള്ളുമ്പോഴാണു സലാലയിൽ പ്രകൃതിയുടെ ഇന്ദ്രജാലം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്‌ ബിൻ സെയ്‌ദിന്റെ ജന്മദേശം കൂടിയായ സലാലയിൽ ഒട്ടേറെ പൈതൃക പദ്ധതികളുണ്ട്. തടാകങ്ങളും വാദികളും മുനമ്പുകളും മലയോരങ്ങളുമെല്ലാം പ്രകൃതിഭംഗിക്കു ഭംഗം വരാതെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഒഴിവുകാലം, യാത്രകളുടെ ഉൽസവകാലം

അവധിക്കാലമായി; ഉല്ലാസയാത്രകളുടെയും. ഒഴിവുകാലം വെറുതേ കളയരുതെന്നു ഗൾഫ് മലയാളികൾക്കു നിർബന്ധമുണ്ട്. വേനലവധിക്കു നാട്ടിൽ പോകുന്നതാണു ശീലമെങ്കിലും പല കാരണങ്ങളാൽ പലർക്കും കഴിയാറില്ല. എന്നാൽ, അവധിക്കാലം ഗൾഫിൽത്തന്നെ ആഘോഷിക്കാൻ അവസരങ്ങളേറെ. വിവിധയിടങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നാൽ പൊടിപൂരമായി. ഗൾഫിൽ അവധിക്കാലം ആഘോഷമാക്കാൻ ഇതാ ഒരുപിടി രസികൻ സ്ഥലങ്ങൾ.

കൂടുതൽ വിമാന സർവീസുകൾ

സന്ദർശകരുടെ സൗകര്യാർഥം വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിക്കുകയാണ്. മസ്‌കത്ത് – സലാല റൂട്ടിൽ പ്രതിദിനം ഒമാൻ എയർ 11 സർവീസുകൾ നടത്തും. ഫ്‌ളൈ ദുബായ്, ഖത്തർ എയർവെയ്‌സ് എന്നിവയും കൂടുതൽ സർവീസുകൾ നടത്തുമെന്നാണു റിപ്പോർട്ട്. ആകർഷകമായ പാക്കേജുകളോടെ ഹോട്ടലുകളും സന്ദർശകരെ കാത്തിരിക്കുന്നു. റോഡുമാർഗം എത്തുന്നവരുടെയും എണ്ണം കൂടുതലാണ്. യുഎഇയിൽനിന്നുള്ളവർ റോഡുമാർഗം പോകാനാണ് ഇഷ്‌ടപ്പെടുന്നത്. കൃഷിയിടങ്ങളും മലനിരകളും കടന്നുള്ള യാത്ര ഏവർക്കും ആവേശമേകുന്നു. ഇടയ്‌ക്കിടെയുള്ള മഴയും കോടമഞ്ഞും വളഞ്ഞുപുളഞ്ഞ റോഡുകളും അപകടസാധ്യത കൂട്ടുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.

വിസ്‌മയങ്ങളുടെ വിരുന്ന്

അപൂർവയിനത്തിൽപ്പെട്ട ഒട്ടേറെ ജീവികളുടെ ആവാസകേന്ദ്രമെന്ന നിലയ്‌ക്കും സലാല ശ്രദ്ധേയമാണ്. അറേബ്യൻ പുള്ളിപ്പുലി, കഴുതപ്പുലി, കൃഷ്‌ണമൃഗങ്ങൾ, പലയിനം ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ എന്നിവയുണ്ട്. അരയന്നങ്ങൾ, കുരുവികൾ, കൊക്കുകൾ, വിവിധയിനം നീർപ്പക്ഷികൾ, പ്രാവുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പക്ഷികൾ ധാരാളമുള്ളതിനാൽ പഠന – ഗവേഷണങ്ങൾക്കായി പക്ഷിനിരീക്ഷകരും എത്തുന്നു.

Your Rating: