Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരം സമൃദ്ധം; പദ്ധതികളുടെ ചാകരയുമായി ഒമാൻ

by സ്വന്തം ലേഖകൻ
sea

മസ്‌കത്ത്∙ അറബ് മേഖലയിലെ ഏറ്റവും വലിയ മൽസ്യബന്ധന–സംസ്‌കരണ കേന്ദ്രമാകാൻ വിശാല തീരവും മൽസ്യ സമൃദ്ധിയുമുള്ള ഒമാൻ ഒരുങ്ങുന്നു. വരുംവർഷങ്ങളിൽ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണു ഫിഷറീസ്–കൃഷി മന്ത്രാലയത്തിന്റെ പദ്ധതി. വൈവിധ്യമാർന്ന മൽസ്യ ഇനങ്ങൾ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന വിശാല തീരമായ ഒമാനിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനാകുമെന്നു ഫിഷറീസ്–കൃഷി മന്ത്രി ഡോ. ഫുവാദ് ബിൻ ജാഫർ അൽ സജ്‌വാനി പറഞ്ഞു. ഇതര മേഖലകളിൽ നിന്നു വ്യത്യസ്‌തമായി രാജ്യത്തെ മൽസ്യലഭ്യത ഓരോ വർഷവും കൂടിവരികയാണ്.

ഈ മേഖലയെ ആശ്രയിച്ചുള്ള വിവിധ വ്യവസായങ്ങളുടെ വളർച്ചയ്‌ക്കു പ്രത്യേക പദ്ധതികൾ നടപ്പാക്കും. തൊഴിലവസരങ്ങൾ കൂടുമെന്നതാണു നേട്ടം. മൽസ്യ ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടാനും മന്ത്രാലയം ലക്ഷ്യമിടുന്നു. കൃഷിയും മൽസ്യം വളർത്തലും ഏകോപിപ്പിച്ചുള്ള പദ്ധതി ഗ്രാമീണ മേഖലകളിൽ നടപ്പാക്കിവരികയാണ്. രാജ്യാന്തര നിക്ഷേപം ആകർഷിക്കാൻ ഇതു സഹായകമാകുന്നു. ഏറ്റവും മികച്ച അടിസ്‌ഥാന സൗകര്യങ്ങളാണു രാജ്യത്തുള്ളത്.

സ്വദേശികൾക്കു മുൻഗണന നൽകി ഈ രംഗത്തു പ്രത്യേക പരിശീലന പരിപാടികൾ പരിഗണനയിലാണെന്നും വ്യക്‌തമാക്കി. സലാല, സോഹാർ, മുസണ്ടം എന്നിവിടങ്ങളിൽ മികച്ച മൽസ്യച്ചന്തകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വിൽപനയ്‌ക്കും സംസ്‌കരണത്തിനും കയറ്റുമതിക്കും ഇവിടെ സംവിധാനമൊരുക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മൽസ്യം സെൻട്രൽ മാർക്കറ്റിൽ ലേലം ചെയ്‌തു വിവിധയിടങ്ങളിലേക്കു കൊണ്ടുപോകുന്നതായിരുന്നു നേരത്തേയുള്ള രീതി. സ്വകാര്യ ഏജൻസിക്കായിരുന്നു ഇതിന്റെ ചുമതല. ഇപ്പോൾ മന്ത്രാലയം നേരിട്ടാണ് ഇതെല്ലാം ചെയ്യുന്നത്.

മസ്സനയിലും ലിവയിലും പുതിയ പദ്ധതികൾ

തീരമേഖലയായ മസ്സന, ലിവ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെ മൽസ്യബന്ധന തുറമുഖങ്ങൾ സ്‌ഥാപിക്കാനുള്ള പദ്ധതിക്കു തുടക്കമായി. ആയിരത്തിലേറെ മൽസ്യത്തൊഴിലാളികൾക്കു പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണു പ്രതീക്ഷ. മൽസ്യ മേഖലയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കും പ്രയോജനമുണ്ടാകും. മസ്സനയിൽ അഞ്ഞൂറോളം ഫൈബർ ഗ്ലാസ്‌ ബോട്ടുകളുണ്ട്. പരമ്പരാഗത വള്ളങ്ങൾ വേറെയും.

2013ൽ മസ്സനയിൽ മാത്രം 3,127 ടൺ മൽസ്യം ലഭിച്ചു. അറബ്‌ മേഖലയിലെ തന്നെ റെക്കോർഡ്‌ ആണിത്. മൽസ്യലഭ്യത കൂടുതലുള്ള ഇവിടെനിന്ന്‌ സംസ്‌കരിച്ചതും അല്ലാത്തതുമായ മൽസ്യങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. മൽസ്യ സംസ്‌കരണകേന്ദ്രങ്ങൾ, ഐസ്‌ ഫാക്‌ടറികൾ, ഗോഡൗണുകൾ, പായ്‌ക്കിങ്‌ യൂണിറ്റുകൾ തുടങ്ങിയവ തുറമുഖത്തോടനുബന്ധിച്ചുണ്ടാകും. പാതകളും ഉപപാതകളും വരുന്നതോടെ ഗതാഗതരംഗത്തും പദ്ധതി വൻ വികസനം കൊണ്ടുവരും.

ആയിരത്തിലേറെ മൽസ്യ ഇനങ്ങൾ


ഒമാൻ തീരത്ത്‌ ആയിരത്തിലേറെ ഇനം മൽസ്യങ്ങളും മറ്റു കടൽ ജീവികളും ഉള്ളതായാണു കണക്ക്. വലിയ ഇനം കൊഞ്ച്, ചെമ്മീൻ, ഞണ്ട്, അയക്കൂറ, ട്യൂണ തുടങ്ങിയവ ധാരാളമുണ്ട്. സീസണിൽ ലഭിക്കുന്ന മൽസ്യം സൂക്ഷിക്കാനും സംസ്‌കരിക്കാനും കയറ്റുമതി ചെയ്യാനും സംവിധാനങ്ങളൊരുക്കി വരികയാണ്. ഒമാനിൽ നിന്നുള്ള സമുദ്രവിഭവങ്ങൾക്ക്‌ അറബ്‌ മേഖലയിൽ വൻ ഡിമാൻഡ്‌ ആണ്. വിവിധയിനം മൽസ്യ ഇനങ്ങളെക്കുറിച്ചു സുൽത്താൻ ഖാബൂസ്‌ യൂണിവേഴ്‌സിറ്റി മറൈൻ സയൻസ്‌ ആൻഡ് ഫിഷറീസ്‌ വിഭാഗം ഗവേഷണം നടത്തിവരികയാണ്.

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന കാളാഞ്ചിയുടെ ഇനത്തിൽപ്പെട്ട ബറാമുണ്ടി എന്ന മൽസ്യത്തിന്റേത് ഉൾപ്പെടെ ഉൽപാദനം കൂട്ടും. പഠനത്തിന്റെ ഭാഗമായി ഈയിനം മൽസ്യങ്ങളെ വിവിധ മേഖലകളിൽനിന്നു കൊണ്ടുവരുന്നു. ഒമാൻ തീരങ്ങളിൽ മൽസ്യങ്ങൾക്ക്‌ അനുകൂലമായ ആവാസ വ്യവസ്‌ഥ ഒരുക്കുന്നതിനൊപ്പം മൽസ്യക്കുളങ്ങളും വളർത്തൽ കേന്ദ്രങ്ങളും വ്യാപകമാക്കും. കടലിലും നദികളിലും കൂറ്റൻ കൂടുകൾ സ്‌ഥാപിച്ചു സ്വാഭാവിക രീതിയിൽ മൽസ്യങ്ങളെ വളർത്തുന്ന രീതിയും പരീക്ഷിക്കും.


ആവാസ വ്യവസ്‌ഥ ഒരുക്കി പവിഴപ്പുറ്റുകൾ

മൽസ്യസമ്പത്തു വർധിപ്പിക്കാൻ കൃത്രിമ പവിഴപ്പുറ്റുകൾ ഉണ്ടാക്കി കടലിൽ സ്‌ഥാപിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. മൽസ്യങ്ങളുടെയും മറ്റു ജീവികളുടെയും പ്രജനനം വർധിപ്പിക്കുകയും സുരക്ഷിത ആവാസ മേഖലയൊരുക്കുകയുമാണു ലക്ഷ്യം. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി കാർഷിക–മൽസ്യബന്ധന മേഖലകളിൽ വൻ പദ്ധതികൾ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. മൽസ്യസമ്പത്ത് സംരക്ഷിക്കാനുള്ള ഏറ്റവും ശാസ്‌ത്രീയമായ പദ്ധതികളിലൊന്നാണു പവിഴപ്പുറ്റ് പദ്ധതിയെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

മൽസ്യമുൾപ്പെടെയുള്ള ജീവികൾക്കു സുരക്ഷിതമായി ഇവിടെ കഴിയാനാകും. പവിഴപ്പുറ്റുകൾക്ക്‌ ഇടയിലേക്കു വലിയ മൽസ്യങ്ങൾക്കും ശത്രുക്കളായ മറ്റു ജീവികൾക്കും കടന്നുവരാനാവില്ല. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും സുരക്ഷിത കേന്ദ്രമായതിനാൽ പലയിനം മൽസ്യങ്ങളും ഇവിടം താവളമാക്കുന്നു. മീനുകൾക്കു പുറമേ ചിപ്പി വർഗത്തിൽപ്പെട്ട ജീവികൾ, ഞണ്ടുകൾ, ചെമ്മീൻ, അപൂർവസസ്യങ്ങൾ തുടങ്ങിയവ പവിഴപ്പുറ്റു മേഖലയിലുണ്ടാകും. തീര സംരക്ഷണത്തിനും പവിഴപ്പുറ്റുകൾ സഹായകമാണ്.

കടലിലെ മഴക്കാട്‌ എന്നാണു പവിഴപ്പുറ്റ് മേഖലകൾ അറിയപ്പെടുന്നത്. കടലിലെ അപൂർവ ആവാസ വ്യവസ്‌ഥയാണിവിടെയുള്ളത്. ഏതു കാലാവസ്‌ഥയിലും ഇവിടം സുരക്ഷിതത്വം നൽകുന്നു. കൂറ്റൻ കടൽത്തിരകളെ ചെറുക്കാൻ കഴിയുന്ന പവിഴപ്പുറ്റുകൾ തീരമേഖലയുടെ സൗന്ദര്യം കൂട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവികമായും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്കും ഇതു വഴിയൊരുക്കും. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെ സഹകരണത്തോടെ കൃഷി–ഫിഷറീസ്‌ മന്ത്രാലയമാണ്‌ പവിഴപ്പുറ്റുകൾ നിർമിക്കുന്നത്.

വരുന്നു, പുതിയ തുറമുഖങ്ങൾ

ഒൻപതാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി ഒമാൻ പുതിയ മൽസ്യബന്ധന തുറമുഖങ്ങൾ നിർമിക്കുകയാണ്. ഇതോടെ രാജ്യത്തെ മൊത്തം മൽസ്യബന്ധന തുറമുഖങ്ങളുടെ എണ്ണം 31 ആകും. ആവശ്യമുള്ളതിലും പതിന്മടങ്ങ്‌ മൽസ്യം കിട്ടുന്നതിനാൽ കയറ്റുമതി മേഖല സജീവമാണ്. ഈ മേഖലയിൽ ഇനിയും സാധ്യതകളുണ്ട്. അതോടൊപ്പം മൽസ്യം വളർത്തൽ ഊർജിതമാക്കുകയും ചെയ്യും. കടലിലും കരയിലും മീൻ വളർത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. യുഎഇയും ഇതുമായി സഹകരിക്കുന്നുണ്ട്. 2011ൽ ഒമാന്റെ മൽസ്യോൽപാദനം 1.6 ലക്ഷം ടൺ ആയിരുന്നു. രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്കു മൽസ്യ മേഖല നൽകുന്ന സംഭാവന വളരെ വലുതാണ്.

അക്വാകൾച്ചർ രംഗത്തു 13 കോടി റിയാൽ ചെലവുവരുന്ന 19 പദ്ധതികളാണു പുരോഗമിക്കുന്നത്. മൽസ്യത്തൊഴിലാളി ക്ഷേമം മുൻനിർത്തി പുതിയ പദ്ധതികൾക്കു തുടക്കമിട്ടു കഴിഞ്ഞു. പഴയ ബോട്ടുകൾക്കു പകരം 500 ആധുനിക ജലയാനങ്ങൾ നൽകും. 500 നൂതന ബോട്ടുകൾക്കു ലൈസൻസ്‌ നൽകാനും ലക്ഷ്യമിടുന്നു. ബോട്ടുകൾ വാങ്ങാൻ വായ്‌പയും മറ്റു സഹായവും ലഭ്യമാക്കും. മൽസ്യബന്ധന മേഖലയുടെ വികസനത്തിനൊപ്പം പരമ്പരാഗത അറിവുകൾ സംരക്ഷിക്കാനും മൽസ്യോൽപാദനം കൂട്ടാനും കൃഷി–ഫിഷറീസ്‌ മന്ത്രാലയം കർമപദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്.

Your Rating: