Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴസമൃദ്ധിയുടെ പച്ചപ്പിൽ ഒമാൻ

Vegitables

മസ്‌കത്ത് ∙ മരുഭൂമിയിലെ കത്തുന്ന കാലാവസ്‌ഥയിൽ നിന്നുള്ള വ്യത്യാസവും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഒമാനിലെ കാർഷികമേഖലയ്‌ക്ക് ആഴത്തിൽ വേരോട്ടമേകുന്നു. ഈന്തപ്പഴത്തിന്റെയും മറ്റു പഴവർഗങ്ങളുടെയും ഉൽപാദനം വൻതോതിൽ വർധിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ വിളയുന്ന പഴങ്ങൾ പോലും ഒമാന്റെ ചിലമേഖലകളിൽ ഉൽപാദിപ്പിക്കുന്നു. കാർഷികോൽപാദനം കൂട്ടാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്‌ദ് അൽ സെയ്‌ദ് പ്രഖ്യാപിച്ച പദ്ധതികൾ വൻമാറ്റമാണുണ്ടാക്കിയത്.

ശാസ്‌ത്രീയ രീതിയിലുള്ള കൃഷിയും പുതിയ വിളകളുടെ പരീക്ഷണവും വിജയകരമായി മുന്നേറുന്നു. കേരളത്തിലെ കാലാവസ്‌ഥയുള്ള സലാലയും പരിസരപ്രദേശങ്ങളും തനിനാടൻ പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും കേന്ദ്രമാണ്. മലയോരമേഖലകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അവിടത്തെ കാലാവസ്‌ഥയ്‌ക്കിണങ്ങിയ പഴവർഗങ്ങൾ ഉൽപാദിപ്പിക്കുന്നു. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഗ്രാമങ്ങളിലും കാർഷികരംഗം തളിർക്കുകയാണ്. കർഷകരെ പ്രോൽസാഹിപ്പിക്കാൻ അധികൃതർ കൂടുതൽ ഇളവുകൾ നൽകുകയും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു.

വേനലിലും മഴയിലും മഞ്ഞിലുമൊക്കെ വിളയുന്ന പഴവർഗങ്ങളുടെ ഉൽപാദനം രാജ്യത്തിന്റെ വിവിധമേഖലകളിൽ വർധിച്ചതായാണു റിപ്പോർട്ട്. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരമുള്ള ജബൽ അൽ അഖ്‌ദർ മലനിരകളാണ് പഴവർഗങ്ങളുടെ ഉൽപാദനത്തിൽ മുന്നിൽ. ഗൾഫ്‌മേഖലയിൽ ഏറ്റവും നല്ല വിളവുലഭിക്കുന്ന സ്‌ഥലങ്ങളിലൊന്നാണിത്. ചൂടുകാലത്ത് കഠിനമായ ചൂടോ തണുപ്പുകാലത്ത് കഠിനമായ തണുപ്പോ ഇല്ലെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. മുന്തിയ ഇനം മാതളനാരങ്ങ, ആപ്പിൾ, പീച്ച്, പ്ലം, ആപ്രിക്കോട്ട്, ബദാം, വാൽനട്ട്, മുന്തിരി, ചെറി, ഫിഗ്, ഒലിവ് ഉൾപ്പെടെയുള്ളവ ഇവിടെ ധാരാളമായി വിളയുന്നു.

അപൂർവമായ ചെടികളും മരങ്ങളും ഇവിടെയുണ്ട്. ഗുണമേന്മയുള്ള വെള്ളമാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത. ബതീനയുടെയും അൽ ഷർഖിയയുടെയും വടക്കൻ മേഖലകൾ, ബുറൈമി, അൽ ദഹീറ, മുധൈബി എന്നിവിടങ്ങളിൽ തണ്ണിമത്തന്റെ വിവിധയിനങ്ങൾ, മുന്തിരി, ഫിഗ്, പേരയ്‌ക്ക എന്നിവ നന്നായി വിളയുന്നു. ബതീനയുടെ തെക്കൻ മേഖല, വകാൻ ഗ്രാമം, വാദി ബനി ഖറൂസിലെ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ആപ്പിൾ ഉൾപ്പെടെയുള്ള പഴങ്ങളുടെ വിളവു വർധിച്ചു.

കൂടുതൽ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഈ പ്രദേശങ്ങളിൽ സീതപ്പഴവും നന്നായി വിളയുന്നു. ഇവിടെനിന്നുള്ള സീതപ്പഴങ്ങൾ മറ്റിടങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയയ്‌ക്കുന്നു. ചൂടുകാലത്ത് ഏറ്റവും ഇണങ്ങിയ പഴമാണിത്. ബതീനയുടെ തീരദേശമേഖലയിൽ ഈന്തപ്പഴം, മാമ്പഴം, ഏത്തക്കായ, പപ്പായ എന്നിവ സമൃദ്ധമായി വിളയുന്നു. തെങ്ങ്, ഏത്തവാഴ, മാതളം തുടങ്ങിയവയുടെ കേന്ദ്രമാണു ദോഫാർ. ഓരോ വർഷവും ഉൽപാദനം കൂടുന്നതായാണു റിപ്പോർട്ട്.

ഈന്തപ്പഴ ഉൽപാദനം കൂട്ടാൻ ശാസ്‌ത്രീയ പദ്ധതികൾ

ഈന്തപ്പഴ ഉൽപാദനം കൂട്ടാൻ ശാസ്‌ത്രീയ പദ്ധതികൾ ആവിഷ്‌കരിച്ചുവരുന്നു. മസ്‌കത്ത്, അൽ ദഖിലിയ, അൽ ദഹീറ, ബുറൈമി, ഷർഖിയയുടെ വടക്കു–തെക്കൻ മേഖലകൾ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ സമൃദ്ധമായി ഉണ്ടാകുന്നു. രുചിയും ഗുണവും കൂടുതലുള്ള ഇനങ്ങളാണിത്. ഈന്തപ്പന തോട്ടങ്ങളോടു ചേർന്നു മാവിൻതോട്ടങ്ങളുമുണ്ട്. കൂടാതെ ഓറഞ്ച് കൃഷിയും തുടങ്ങി. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനും കാർഷികരംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്താനും കർമപരിപാടികൾ നടപ്പാക്കിവരികയാണ്.

പ്രതികൂല കാലാവസ്‌ഥയിലും വേഗം വളരുകയും കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഈന്തപ്പന ഇനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഇനങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മികച്ചയിനങ്ങൾ വികസിപ്പിക്കുകയും ചെയ്യും. കർഷകർക്കായി സബ്‌സിഡികളും നൽകുന്നുണ്ട്. കാർഷിക– മൽസ്യോൽപാദന മേഖലയ്‌ക്കു മുഖ്യപരിഗണന നൽകി 24 ലക്ഷം റിയാലിന്റെ 16 പദ്ധതികളാണ്‌ കഴിഞ്ഞവർഷം തുടങ്ങിയത്. വിവിധമേഖലകളിൽ 212 പദ്ധതികൾക്കായി ആകെ 3.87 കോടി റിയാൽ ചെലവഴിച്ചു.

Your Rating: