Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിപ്പിനൊരുങ്ങി ഒമാൻ റെയിൽ പദ്ധതി

by സ്വന്തം ലേഖകൻ
map

മസ്‌കത്ത് ∙ ഒമാന്റെ വികസനത്തിനു കുതിപ്പേകുന്ന റെയിൽ പദ്ധതി വീണ്ടും അതിവേഗ ട്രാക്കിലേക്ക്. എണ്ണവിലയിടിവിനെ തുടർന്നുള്ള സാഹചര്യങ്ങൾ പദ്ധതിയുടെ വേഗം കുറച്ചെങ്കിലും ചെറിയൊരു ഇടവേളയ്‌ക്കുശേഷം നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാകുകയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഒമാൻ ഗ്ലോബൽ ലോജിസ്‌റ്റിക് ഗ്രൂപ്പ് (ഒജിഎൽജി) നിർമാണച്ചുമതല ഏറ്റെടുത്തതോടെയാണു വികസനപാതയിൽ വീണ്ടും പദ്ധതിയുടെ ചൂളംവിളി. ജിസിസി റെയിൽ പദ്ധതിയുടെ ഭാഗമായ ഒമാൻ റെയിൽ രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നു.

2117 കിലോമീറ്റർ വരുന്ന പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം വൻമാറ്റത്തിനു തുടക്കം കുറിക്കും. സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ.

പാതനിർമാണത്തിനു പുറമേ ചരക്കു സംഭരണത്തിനുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കുന്നതോടെ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പിനു വഴിയൊരുങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ഒമാനെ മേഖലയിലെ ലോജിസ്‌റ്റിക് ഹബ് ആക്കി മാറ്റാനും ലക്ഷ്യമിടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര–വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കാനും ഇതുവഴി കഴിയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2040 ആകുമ്പോഴേക്കും 1400 കോടി റിയാലാകുമെന്നാണു വിലയിരുത്തൽ.

കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നതാണു മറ്റൊരു നേട്ടം. ലോജിസ്‌റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ തൊഴിലവസരങ്ങളുണ്ടാകും. ഭൂമിശാസ്‌ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള തുറമുഖങ്ങളാണ് രാജ്യത്തുള്ളത്. റെയിൽ പാതയെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യ ഇടത്താവളമായി മാറ്റാനാകുമെന്നും പ്രതീക്ഷിക്കുന്നു. കാർഷിക–അക്വാകൾചർ മേഖലയിൽ വൻമുന്നേറ്റം നടത്തുന്ന ഒമാനെ സംബന്ധിച്ചിടത്തോളം തുറമുഖങ്ങളും റെയിൽ പാതയും നിർണായകമാണ്.

സൊഹാർ തുറമുഖത്ത് കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായി അഗ്രോ ടെർമിനൽ ഒരുങ്ങുകയാണ്. ഉൽപന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും പുനർകയറ്റുമതിയും കൂടുതൽ സുഗമമാക്കി കാർഷികമേഖലയ്‌ക്ക് ഉണർവേകാൻ ഇതു സഹായകമാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി കാർഷികമേഖലയിൽ സഹകരണം കൂടുതൽ ശക്‌തമാക്കാനും ഇതോടെ വഴിയൊരുങ്ങും. പഞ്ചസാര നിർമാണത്തിനും മറ്റുമുള്ള റിഫൈനറി, വെയർഹൗസുകൾ, ഭക്ഷ്യസംഭരണത്തിനുള്ള കൂറ്റൻ അറകൾ എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും.

വികസനം അതിവേഗ ട്രാക്കിലേക്ക്

യാത്രയ്‌ക്കും ചരക്കുഗതാഗതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന റെയിൽ പദ്ധതി പ്രധാന തുറമുഖങ്ങളെയും വാണിജ്യമേഖലകളെയും നഗരങ്ങളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ബുറൈമി, സൊഹാർ, സലാല, അൽ ദുഖം മേഖലകളെ ബന്ധിപ്പിച്ചു യെമൻ അതിർത്തിവരെയാണ് റെയിൽ ശൃംഖല. പാസഞ്ചർ ട്രെയിനുകൾ തലസ്‌ഥാനമായ മസ്‌കത്ത്, പ്രധാന വിമാനത്താവളങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും.

ആഭ്യന്തര ശൃംഖല പൂർത്തിയാക്കി മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ദുഖം–തുംറൈത്–സലാല, സോഹാർതുറമുഖം–മസ്‌കത്തറ്റ്, അൽമിസ്‌ഫ–സിനാ, തുംറൈത്–അൽമേസൂന, സോഹാർ–ഖത്‌മത് മലാലാ പാതകളാണ് ഒമാൻ റെയിൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. ഉൾനാടൻ ഗ്രാമങ്ങളെ നഗരങ്ങളുമായി കൂട്ടിയിണക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്. കാർഷികോൽപന്നങ്ങളും മറ്റും എളുപ്പത്തിൽ വിപണിയിൽ എത്തിക്കാനാകും.

റെയിൽ പദ്ധതി കടന്നുപോകുന്ന ദുഖം മേഖലയിൽ വൻവികസനത്തിനു വഴിയൊരുങ്ങുകയാണ്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഫ്രീസോണുകളിൽ ഒന്നായ ഇവിടെ റിഫൈനറി, വൻവ്യവസായ സ്‌ഥാപനങ്ങൾ, പെട്രോകെമിക്കൽ കമ്പനികൾ എന്നിവ കടന്നുവരും. വൻതോതിലുള്ള വിദേശനിക്ഷേപമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. റിഫൈനറിയുടെ ജോലി 2018ൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പെട്രോകെമിക്കൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ഇതുവഴി സാധ്യമാകും.

സ്വപ്‌നപദ്ധതിയിൽ പങ്കാളികൾ ആകുന്നത് ആറു ജിസിസി രാജ്യങ്ങൾ

ജിസിസി റെയിൽപദ്ധതിയുടെ ആദ്യഘട്ടം 2021 ഡിസംബർ 31നും രണ്ടാംഘട്ടം 2023 ഡിസംബർ 31നും പൂർത്തിയാക്കാൻ ജിസിസി ഗതാഗതമന്ത്രിമാരുടെയോഗം തീരുമാനിച്ചിട്ടുണ്ട്. ജിസിസിയിലെ ആറു രാജ്യങ്ങൾ അവരുടെ ഭാഗത്തുള്ള ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു മുൻ തീരുമാനം. എണ്ണവിലയിടിവിനെ തുടർന്നുള്ള സാഹചര്യങ്ങൾ അനുകൂലമാകാതിരുന്നതിനാൽ പലരാജ്യങ്ങൾക്കും പദ്ധതിയുമായി മുന്നോട്ടുപോകാനായില്ല.

അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്കു മാത്രം ജിസിസി രാജ്യങ്ങൾ മുൻഗണന നൽകിത്തുടങ്ങിയതോടെ ഈ പദ്ധതി പല രാജ്യങ്ങളും മരവിപ്പിക്കുകയായിരുന്നു. എന്നാൽ ചെലവു കുറഞ്ഞ ഗതാഗതം സാധ്യമാക്കുകയും വാണിജ്യമേഖലയിൽ നിർണായകമാകുകയും ചെയ്യുന്ന പദ്ധതി നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നു ജിസിസി ഗതാഗത മന്ത്രിമാർ തീരുമാനിക്കുകയായിരുന്നു.

കുവൈത്ത് തീരത്തുനിന്നാരംഭിച്ച് സൗദി അറേബ്യ, യുഎഇ വഴി ഒമാനിലെത്തുകയും അവിടെനിന്ന് ഇതര മേഖലകളിലേക്കു പ്രവേശിക്കുകയും ചെയ്യുന്നതാണ് ജിസിസി റെയിൽ. ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും പദ്ധതിയുടെ ഭാഗമാകുന്നതോടെ ഗൾഫ്‌ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാത യാഥാർഥ്യമാകും.

സൗദിയിലെ ദമാമിൽനിന്നു ബഹ്‌റൈനെയും ഖത്തറിനെയും ഉപപാത വഴി ബന്ധിപ്പിക്കാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടുതൽ മേഖലകളിലേക്കും റെയിൽ ശൃംഖല വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇതു ഗുണകരമാണ്. വിവിധ മേഖലകളിലെ നിർമാണ കരാർ നേടാൻ ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ രംഗത്തുണ്ട്.

സ്‌റ്റേഷനുമായി ബന്ധപ്പെട്ട അടിസ്‌ഥാന സൗകര്യങ്ങൾ, സാങ്കേതിക വിദ്യകൾ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കരാർ നേടുകയാണു ലക്ഷ്യം. 20,000 കോടിയിലേറെ ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നതെങ്കിലും വരുംവർഷങ്ങളിൽ നിർമാണ സാമഗ്രികളുടെ വില കൂടാനുള്ള സാധ്യതകൂടി കണക്കിലെടുക്കുമ്പോൾ ഇതുയർന്നേക്കും.

Your Rating: