Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാമൻ ഒമാൻ മത്തി

fish ഒമാൻ മത്തി

മസ്‌കത്ത് ∙ ഒമാനിൽ മൽസ്യലഭ്യതയിലും കയറ്റുമതിയിലും ഒന്നാം സ്‌ഥാനം ഒമാൻ മത്തിക്ക്. കഴിഞ്ഞവർഷം കയറ്റുമതി ചെയ്‌ത സമുദ്രവിഭവങ്ങളിൽ 61 ശതമാനവും ഒമാൻ മത്തിയായിരുന്നു. 2.96 കോടി റിയാൽ ആയിരുന്നു ഇതിൽ നിന്നുള്ള വരുമാനം. ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ ഒമാനിൽ നിന്നുള്ള മത്തി എത്തുന്നുണ്ട്. ഒമാനിലെ വിവിധ തീരദേശ മേഖലകളിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന മീനാണ് മത്തി. ഇതോടനുബന്ധിച്ച് സംസ്‌കരണ കേന്ദ്രങ്ങളുമേറെയാണ്. മത്തിയിൽ നിന്നുള്ള മീനെണ്ണയും മറ്റ് ഉൽപന്നങ്ങളും വാണിജ്യ മേഖലയിൽ ഒമാനു മുൻതൂക്കം നൽകുന്നു. കഴിഞ്ഞവർഷം 82,654 ടൺ മത്തി ലഭിച്ചതായാണു കണക്ക്. മുൻവർഷത്തേക്കാൾ 32% വർധന. ഇതിൽ 79389 ടണ്ണും കയറ്റുമതി ചെയ്‌തു.

ലഭ്യതയിൽ ഒന്നാംസ്‌ഥാനം അൽ വുസ്‌ത ഗവർണറേറ്റിനായിരുന്നു–43047 ടൺ. മൊത്തം ഉൽപാദനത്തിന്റെ 52% വരുമിത്. 24103 ടണ്ണുമായി തെക്കൻ ഷെർഖിയയാണു രണ്ടാമത്. ഇതര ഗവർണറേറ്റുകളായ ബത്തീന–6588 ടൺ, ദോഫാർ 5243 ടൺ, മസ്‌കത്ത്–2361, മുസണ്ടം– 1312 എന്നിങ്ങനെയും. എല്ലാ മേഖലയിലും ഉൽപാദനം കൂടി. അൽ വുസ്‌ത, ദോഫാർ, ബത്തീന, ഷർഖിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ മത്തിയുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. വിശാലവും സുരക്ഷിതവുമായ തീരവും കാലാവസ്‌ഥയിലെ പ്രത്യേകതകളുമാണ് ഇതിനു കാരണം. വരുംവർഷങ്ങളിൽ ലഭ്യത കൂടുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടി. സീസണിൽ ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള മൽസ്യങ്ങളും ധാരളമായെത്തുന്നു.

മീനെണ്ണയ്‌ക്കും വിപണി

ഒമാനിൽ മത്തിയിൽ നിന്നുള്ള എണ്ണയും ഉൽപന്നങ്ങളും ധാരാളമായി ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു പുറമേ വാണിജ്യാവശ്യത്തിനും വ്യാപകമായി ഇത് ഉപയോഗിക്കുന്നുണ്ട്. ബോട്ടുകളുടെയും കപ്പലുകളുടെയും നിർമാണത്തിൽ ഈ എണ്ണ അവിഭാജ്യഘടകമാണ്. ചോർച്ച തടയാൻ അടിത്തട്ടിലും മറ്റും ഇതു പുരട്ടുന്നു. നാടൻ വള്ളങ്ങളിൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നു. മത്തി ഉണക്കി വളങ്ങളിലും മൃഗങ്ങൾക്കുള്ള തീറ്റയിലും ഉൾപ്പെടുത്തുന്നുണ്ട്.

കേരളത്തിലും എത്തി; ഒമാനി ‘ചാകര’

കേരളത്തിലുൾപ്പെടെ മത്തിയുടെ ലഭ്യത കുറഞ്ഞപ്പോൾ ഒമാനിൽ നിന്നുള്ള വരവു കൂടുകയായിരുന്നു. ഒമാൻ മത്തിക്ക് വലുപ്പം കൂടുതലാണെങ്കിലും രുചി കുറവാണെന്നു പൊതുവെ മലയാളികൾ പറയുന്നു. എന്നാൽ നാടൻ മത്തിക്കു പലപ്പോഴും ക്ഷാമമായതിനാൽ ഹോട്ടലുകാരും മറ്റും ഇതു ധാരാളമായി വാങ്ങുന്നു.

സമൃദ്ധിയോടെ ഒമാൻ തീരം

∙ ഒമാൻ തീരത്ത്‌ ആയിരത്തിലേറെ ഇനം മൽസ്യങ്ങളും മറ്റു കടൽജീവികളും ഉള്ളതായാണു കണക്ക്. വലിയ ഇനം കൊഞ്ച്, ചെമ്മീൻ, ഞണ്ട്, അയക്കൂറ, ട്യൂണ തുടങ്ങിയവ ധാരാളമായുണ്ട്. സീസണിൽ ലഭിക്കുന്ന മൽസ്യം സൂക്ഷിക്കാനും സംസ്‌കരിക്കാനും കയറ്റുമതി ചെയ്യാനും സംവിധാനങ്ങളൊരുക്കി വരികയാണ്.

∙ തീരദേശ മേഖലയായ മസ്സന, ലിവ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടെ മൽസ്യബന്ധന തുറമുഖങ്ങൾ സജ്‌ജമാകുകയാണ്. 2013ൽ മസ്സനയിൽ മാത്രം 3127 ടൺ മൽസ്യം ലഭിച്ചു. അറബ്‌ മേഖലയിലെ തന്നെ റെക്കോർഡ്‌ ആണിത്. മൽസ്യലഭ്യത കൂടുതലുള്ള ഇവിടെ നിന്ന്‌ സംസ്‌കരിച്ചതും അല്ലാത്തതുമായ മൽസ്യങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്.

∙ മൽസ്യ സംസ്‌കരണ കേന്ദ്രങ്ങൾ, ഐസ്‌ ഫാക്‌ടറികൾ, ഗോഡൗണുകൾ, പായ്‌ക്കിങ്‌ യൂണിറ്റുകൾ തുടങ്ങിയവ തുറമുഖത്തോടനുബന്ധിച്ചുണ്ടാകും.

∙ സലാല, സോഹാർ, മുസണ്ടം എന്നിവിടങ്ങളിൽ മികച്ച മൽസ്യച്ചന്തകൾ തുടങ്ങാനും പദ്ധതിയുണ്ട്. വിൽപനയ്‌ക്കും സംസ്‌കരണത്തിനും കയറ്റുമതിക്കും ഇവിടെ സംവിധാനമൊരുക്കും. മൽസ്യസമ്പത്ത്‌ വർധിപ്പിക്കാനുള്ള ബഹുമുഖ കർമപദ്ധതികളുടെ ഭാഗമായി കൃത്രിമമായി പവിഴപ്പുറ്റുകൾ ഉണ്ടാക്കി കടലിൽ സ്‌ഥാപിക്കുന്ന പദ്ധതിക്കും ഒമാനിൽ തുടക്കമായിട്ടുണ്ട്. പവിഴപ്പുറ്റുകൾ കൃത്രിമമായി നിർമിക്കാനുള്ള ഫാമുകളും സജ്‌ജമാക്കിവരികയാണ്.

∙ മൽസ്യബന്ധന മേഖലയുടെ വികസനത്തിനൊപ്പം പരമ്പരാഗത അറിവുകൾ സംരക്ഷിക്കാനും മൽസ്യോൽപാദനം കൂട്ടാനും കൃഷി–ഫിഷറീസ്‌ മന്ത്രാലയം കർമപദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്.

Your Rating: