Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിലെ ദുഖമിനടുത്ത് മേഖലയിലെ മുഖ്യ എണ്ണസംഭരണ ടെർമിനൽ

മസ്‌കത്ത് ∙ ഒമാനിലെ തീരദേശമേഖലയായ ദുഖമിനടുത്തു റാസ് മർക്കസിൽ 40 കോടി ഡോളർ മുതൽമുടക്കിൽ എണ്ണസംഭരണ ടെർമിനൽ നിർമിക്കുന്നു. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ടെർമിനലായി ഇതു മാറും. ഒമാൻ ടാങ്ക് ടെർമിനൽ കമ്പനിക്കാണു നിർമാണച്ചുമതല. അതിനിടെ, ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡിൽ (ബിഒആർഎൽ) ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) നിക്ഷേപം വർധിപ്പിക്കാൻ ഇന്ത്യ അംഗീകാരം നൽകി. റാസ് മർക്കസ് ടെർമിനലിന്റെ ആദ്യഘട്ടത്തിന് ഒരുകോടി വീപ്പ സംഭരണശേഷിയുണ്ടാകും. ഭാവിയിലെ വികസനംകൂടി പൂർത്തിയാകുന്നതോടെ സംഭരണശേഷി 20 കോടി വീപ്പയാകും.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്‌ദ് അൽ സെയ്‌ദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് തന്ത്രപ്രധാനമായ ഈ മേഖലയിൽ കൂറ്റൻ എണ്ണസംഭരണകേന്ദ്രം നിർമിക്കുന്നതെന്ന് എണ്ണ – വാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി പറഞ്ഞു. ആദ്യഘട്ടത്തിന്റെ നിർമാണത്തിനു മാത്രം 40 കോടി ഡോളർ വേണ്ടിവരും. തുടർന്നു ഘട്ടംഘട്ടമായി കൂടുതൽ സംഭരണികൾ നിർമിക്കും. വിവിധ മേഖലകളിൽ സാധ്യതാപഠനം നടത്തിയശേഷമാണു റാസ് മർക്കസിൽ ടെർമിനൽ നിർമിക്കാൻ തീരുമാനിച്ചത്. ദുഖമിൽനിന്ന് 70 കിലോമീറ്റർ അകലെയാണിത്. ദുഖം പ്രത്യേക സാമ്പത്തികമേഖല ഇതിനടുത്താണ്. പദ്ധതി വരുന്നതിനോടു പല രാജ്യാന്തര കമ്പനികളും താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.

വിവിധ രാജ്യങ്ങളിലേക്ക് എണ്ണ കൊണ്ടുപോകാൻ പുതിയ കേന്ദ്രം സഹായകമാകും. തന്ത്രപ്രധാന തീരദേശമേഖലയായ ദുഖമിൽനിന്ന് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കടക്കം എളുപ്പം പോകാനാകും. ദുഖമിൽനിന്നു 300 കിലോമീറ്റർ ചുറ്റളവിലാണ്‌ ഒമാന്റെഎണ്ണ – വാതക മേഖലയുടെ 70 ശതമാനവും വ്യാപിച്ചുകിടക്കുന്നത്. എണ്ണമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കമ്പനികളും ഉരുക്കുവ്യവസായ സ്‌ഥാപനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന മേഖലയാണിത്. മസ്‌കത്തിൽനിന്ന് 700 കിലോമീറ്റർ അകലെയുള്ള വിശാലമായ തീരദേശമേഖലയായ ദുഖമിനെ മധ്യപൂർവദേശത്തെ പ്രമുഖ വാണിജ്യകേന്ദ്രമാക്കുക എന്നതാണു ലക്ഷ്യം. ഇതിനുള്ള പ്രവർത്തനങ്ങൾ ഏറെനാളായി നടന്നുവരുന്നു. മികച്ച തുറമുഖം, ചരക്കു സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, താമസകേന്ദ്രങ്ങൾ, വ്യവസായശാലകൾ തുടങ്ങിയവ സജ്‌ജമാക്കി വികസനതീരമാക്കും.

തീരദേശത്തു വൻ പദ്ധതികളുടെ തിരയിളക്കം

∙ ദുഖമിൽ *28.3 കോടി റിയാലിന്റെ ടൂറിസം കോംപ്ലക്‌സ്‌ നിർമാണം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ജിസിസി റെയിലിന്റെ ഭാഗമായ ഒമാൻ റെയിൽ കടന്നുവരുന്ന ദുഖമിൽ അടിസ്‌ഥാനസൗകര്യ മേഖലകളിലടക്കം വൻപദ്ധതികൾ പുരോഗമിക്കുകയാണ്.

∙ നക്ഷത്രഹോട്ടലുകൾ, ഷോപ്പിങ്‌ മാൾ, താമസ – ഉല്ലാസ കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്ക്, പാർക്കുകൾ, പൂന്തോട്ടങ്ങൾ, റസ്‌റ്ററന്റുകൾ, ബീച്ച്‌ ഗെയിമുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ ടൂറിസം കോംപ്ലക്‌സിന്റെ ഭാഗമായിരിക്കും.

∙ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും ചതുർനക്ഷത്ര ഹോട്ടലുകളും വില്ലകളും ഇവിടെയുണ്ടാകും. നാലു ഘട്ടങ്ങളിലായാണു പദ്ധതി പൂർത്തിയാക്കുക. ഓരോ ഘട്ടത്തിനും നാലു വർഷം വേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നു. ഒട്ടേറെ തൊഴിൽസാധ്യതകൾക്കും ഇതു വഴിയൊരുക്കും.

∙ ദുഖമിൽ 2020നു മുൻപ് 23 പദ്ധതികൾ നടപ്പാക്കാനാണു തീരുമാനം. അതിനു പുറമേ ഇതരമേഖലകളിലും അനുബന്ധ പദ്ധതികൾ പൂർത്തിയാക്കും. ഇതിനോടകം 33 പദ്ധതികൾ പൂർത്തിയായിട്ടുണ്ട്.

∙ യുഎഇയിലെ ജബൽ അലിയിൽനിന്നു ദുഖമിലേക്കു നേരിട്ടുള്ള കപ്പൽ സർവീസും വൈകാതെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

ബിഒആർഎല്ലിൽ ഇന്ത്യൻ നിക്ഷേപം വർധിപ്പിക്കുന്നു

മധ്യപ്രദേശിൽ ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡിൽ (ബിഒആർഎൽ) ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) നിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. റിഫൈനറിയുടെ ശേഷി വർധിപ്പിക്കാൻ 3000 കോടി രൂപവരെ നിക്ഷേപിക്കാനാണ് അനുമതി. ബിപിസിഎല്ലും ഒമാൻ ഓയിൽ കമ്പനിയും ചേർന്നുള്ള സംയുക്‌ത സംരംഭമാണു ബിഒആർഎൽ. ഇന്ത്യയ്ക്കു പ്രകൃതിവാതകം നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണു റിപ്പോർട്ട്.

ഇതിനായി കടലിനടിയിൽക്കൂടി പൈപ്പ്‌ ലൈൻ സ്‌ഥാപിക്കുന്നതിനെക്കുറിച്ചു കഴിഞ്ഞ വർഷം സുഷമ സ്വരാജിന്റെ ഒമാൻ സന്ദർശനവേളയിൽ ചർച്ച നടത്തിയിരുന്നു. നിലവിൽ ഇരുരാജ്യങ്ങളുടെയും സഹകരണത്തിൽ ആയിരത്തഞ്ഞൂറിലേറെ സംരംഭങ്ങളാണുള്ളത്. സുറിലെ ഒമാൻ – ഇന്ത്യ ഫെർട്ടിലൈസർ കമ്പനി, മധ്യപ്രദേശ്‌ ബിനയിലെ ഭാരത് – ഒമാൻ റിഫൈനറീസ്‌ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Your Rating: