Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ പൊതുമാപ്പ്: ഇവിടെയുണ്ട്, സഹായഹസ്തം

ദോഹ ∙ ഖത്തർ സർക്കാർ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പിൽ ആദ്യമാസം പിന്നിട്ടപ്പോൾ നാട്ടിൽ പോവാനുള്ള രേഖകൾ ശരിയാക്കുന്നതിനു സന്നദ്ധ സംഘടനകളുടെ ഹെൽപ് ഡെസ്‌ക് തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഹെൽപ് ഡെസ്‌കിൽ ഒട്ടേറെപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതായി ഭാരവാഹികൾ പറഞ്ഞു. ദിവസേന ഒട്ടേറെ ഫോൺ കോളുകളും ലഭിക്കുന്നുണ്ട്.

രേഖകൾ ശരിയായ ഏതാനും പേർ നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. ചിലർക്കു നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകളും ചിലർക്ക് ആവശ്യമായ സാമ്പത്തിക സഹായവും സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു നൽകാനും ഹെൽപ് ഡെസ്‌കിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി നാട്ടിൽ പോകാൻ സാധിക്കാത്ത കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു സ്ത്രീകൾക്കു കഴിഞ്ഞ ദിവസം നാട്ടിലേക്കു പോകാനുള്ള രേഖകൾ ശരിയാക്കി നൽകി.

രേഖകൾ ശരിയായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ് അവർ. തിരുവനന്തപുരം സ്വദേശി സലാഹുദ്ദീൻ, കാസർകോഡ് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവർക്ക് അഭ്യുദയ കാംക്ഷികളുടെ സഹായത്തോടെ ലഭിച്ച വിമാന ടിക്കറ്റ് കഴിഞ്ഞ ദിവസം സോഷ്യൽ ഫോറം ഹെൽപ് ഡസ്‌കിൽ നടന്ന ചടങ്ങിൽ കൈമാറി.

തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള ടിക്കറ്റുകൾ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുസ്സലാം കുന്നുമ്മലാണ് കൈമാറിയത്. രോഗം കൊണ്ട് പ്രയാസപ്പെടുന്ന വയനാട് സ്വദേശി നസീമ ഹെൽപ് ഡസ്‌കിന്റെ സഹായത്തോടെ ശനിയാഴ്ച നാട്ടിലേക്കു മടങ്ങും. വീട്ടുജോലികളും മറ്റും ചെയ്തിരുന്ന മറ്റു മൂന്ന് അനധികൃത താമസക്കാരായ സ്ത്രീകൾ കൂടി ഹെൽപ് ഡസ്‌കിന്റെ സഹായത്തോടെ ഇന്ന് ഖത്തർ വിടുമെന്നും കോഓർഡിനേറ്റർ മൊയിനുദ്ദീൻ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.