Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റകൃത്യങ്ങൾ‌ തടച്ചുനീക്കും

police

ദോഹ ∙ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവുമില്ലാത്ത സമൂഹ സൃഷ്‌ടിക്ക്‌ കഴിയാവുന്നതെല്ലാം ചെയ്യാൻ പ്രതിജ്‌ഞാബദ്ധമാണെന്നും ഇതിനായി 2015 ഏപ്രിലിൽ ദോഹയിൽ നടന്ന യുഎൻ ക്രൈം പ്രിവൻഷൻ, ക്രിമിനൽ ജസ്‌റ്റിസ്‌ കോൺഗ്രസിലെ നിർദേശങ്ങളെല്ലാം നടപ്പാക്കുമെന്നും ഖത്തർ. യുഎൻ പൊതുസഭയിൽ കുറ്റകൃത്യങ്ങൾ തടയലും നീതിനടപ്പാക്കലും, രാജ്യാന്തര ലഹരിക്കടത്ത്‌ നിയന്ത്രണം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുസംസാരിക്കവേ ഖത്തർ പ്രതിനിധിസംഘാംഗം സാറ അബ്‌ദുൽഅസിസ്‌ അൽ ഖദീർ ആണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഇക്കാര്യത്തിൽ യുഎൻ ഡ്രഗ്‌ ആൻഡ്‌ ക്രൈം ഓഫിസുമായി (യുഎൻഒഡിസി) അംഗരാജ്യങ്ങൾ കൂടുതൽ സഹകരിക്കണം. ഇതുസംബന്ധിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ പുറപ്പെടുവിച്ച നിർദേശങ്ങൾ സ്വാഗതാർഹമാണ്‌. ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ഇല്ലാതായാൽ ലോകത്തെവിടെയും സമാധാനമുണ്ടാകും. മാത്രമല്ല ഇത്‌ സുസ്‌ഥിര വളർച്ചയിലേക്ക്‌ വഴിതുറക്കുമെന്നും ഖത്തർ പ്രതിനിധി പറഞ്ഞു. 2030ഓടെ സുസ്‌ഥിരവികസനവും വളർച്ചയുമെന്നതാണ്‌ ഖത്തറിന്റെ ലക്ഷ്യം. വിജ്‌ഞാനാധിഷ്‌ഠിത സമൂഹത്തിലേ ഇതുസാധ്യമാകൂ.

മാത്രമല്ല ശരിയായ രീതിയിൽ നീതി നടപ്പാക്കപ്പെടുകയുംവേണം. ദോഹയിൽ നടന്ന പതിമൂന്നാം ക്രൈം പ്രിവൻഷൻ, ക്രിമിനൽ ജസ്‌റ്റിസ്‌ കോൺഗ്രസിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിലൂടെയേ ഇതു സാധ്യമാകൂ. സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ വിജയകരമായി നേരിട്ട്‌ ദേശീയ, രാജ്യാന്തരതലങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാനും നീതിനടപ്പാക്കാനും സഹായകമായ ഒട്ടേറെ നിർദേശങ്ങൾ ദോഹ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നതായി സാറ അബ്‌ദുൽഅസിസ്‌ ചൂണ്ടിക്കാട്ടി. ഇതു ഫലപ്രദമായി നടപ്പാക്കാനാവശ്യമായ ഒട്ടേറെ നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു.

അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ ഖത്തറിൽ തീരെ കുറവാണ്‌. മാത്രവുമല്ല, രാജ്യാന്തരതലത്തിൽ അഴിമതിവിരുദ്ധ നടപടികൾ ശക്‌തമാക്കാൻ ഏറ്റവുമധികം ധനസഹായം നൽകുന്നതും ഖത്തറാണ്‌. രാജ്യാന്തര കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും തടയാനും കുട്ടികളേയും സ്‌ത്രീകളേയും കടത്തുന്നവരെ ശിക്ഷിക്കുന്നതിലും ഖത്തർ മുമ്പിലാണ്‌. മാത്രവുമല്ല, ഇക്കാര്യങ്ങളിൽ യുഎന്നിന്റെ ശ്രമങ്ങൾക്ക്‌ പ്രാദേശിക, മേഖലാ, രാജ്യാന്തരതലങ്ങളിൽ ഏറ്റവുംസഹായം നൽകുന്നതും ഖത്തറാണ്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.