Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാഖിന്റെ തേങ്ങലുകൾ തൊട്ടറിയാൻ ഖത്തർ മ്യൂസിയത്തിന്റെ പ്രദർശനം

ദോഹ ∙ ഖത്തർ മ്യൂസിയത്തിന്റെ നേതൃത്വത്തിൽ വിഖ്യാത അറബ്‌ ചിത്രകാരന്മാരായ ദിയ അൽഅസ്സാവി, മഹ്‌മൂദ്‌ ഒബൈദി എന്നിവരുടെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു. അറബ്‌ ചിത്രകല ലോകത്തിനു കൂടുതൽ പരിചയപ്പെടുത്താനും പ്രാദേശിക ചിത്രകാരന്മാർക്കു കൂടുതൽ പ്രശസ്‌തിയും അംഗീകാരവും ലഭ്യമാക്കാനുമാണ്‌ ശിശിരകാല പ്രദർശനം സംഘടിപ്പിക്കുന്നതെന്ന്‌ ഖത്തർ മ്യൂസിയംസ് ചീഫ്‌ സ്‌ട്രാറ്റജിക്‌ പ്ലാനിങ്‌ ഓഫിസർ ഖാലിദ്‌ അൽ ഇബ്രാഹിം പറഞ്ഞു.

ദിയ അൽ അസ്സാവി 1963 മുതൽ വരച്ച 546 ചിത്രങ്ങളാണ്‌ രണ്ടുവേദികളിലായി പ്രദർശിപ്പിക്കുന്നത്‌. മത്താഫിലും (അറബ്‌ മ്യൂസിയം ഓഫ്‌ മോഡേൺ ആർട്ട്‌), അൽ റിവാഖിലെ ഖത്തർ മ്യൂസിയം ഗാലറിയിലുമാണ്‌ പ്രദർശനങ്ങൾ. മത്താഫിൽ ഈ മാസം 16നും അൽ റിവാഖിൽ 17നും ആരംഭിക്കുന്ന പ്രദർശനങ്ങൾ 2017 ഏപ്രിൽ വരെ നീളും.

അമ്പതുവർഷം നീണ്ട കലാസപര്യയിൽ ശിൽപനിർമാണവും ഇൻസ്‌റ്റലേഷനും അടക്കം ചിത്രകലയിലെ എല്ലാ മാധ്യമങ്ങളും ദിയ പരീക്ഷിച്ചിട്ടുണ്ട്‌. ‘ഞാനാണ്‌ തേങ്ങൽ, ആരെനിക്കു ശബ്‌ദം തരും’ എന്നവിഷയത്തിലാണ്‌ ദിയയുടെ റിട്രോസ്‌പെക്‌ടീവ്‌ ഒരുങ്ങുന്നത്‌. ഈ മാസം 18ന്‌ കത്താറയിലെ ഖത്തർ മ്യൂസിയംസ് ഗാലറിയിലാണ്‌ സമകാലീന ഇറാഖി-കനേഡിയൻ ചിത്രകലാ പ്രതിഭയായ മഹ്‌മൂദ്‌ ഒബൈദിയുടെ പ്രദർശനം ആരംഭിക്കുന്നത്‌. ഇതാദ്യമായാണ്‌ ഒബൈദിയുടെ പ്രദർശനം കത്താറയിൽ സംഘടിപ്പിക്കുന്നത്‌.

ഏഴായിരം വർഷം പഴക്കമുള്ള ഇറാഖി നാഗരികതയ്‌ക്കുമേലേയുള്ള അധിനിവേശവും ഒരു ജനതയുടെ പലായനവും ഒരു സംസ്‌കാരം എങ്ങനെയെല്ലാമാണ്‌ നശിപ്പിക്കപ്പെടുന്നതെന്നതുമാണ്‌ ഒബൈദി തന്റെ ചിത്രങ്ങളിലൂടെയും ഇൻസ്‌റ്റലേഷനിലൂടെയും വ്യക്‌തമാക്കുന്നത്‌. ശിശിരകാല പ്രദർശനങ്ങളുടെ ഭാഗമായി നവംബറിൽ നാല്‌ ചൈനീസ്‌ ഫൊട്ടോഗ്രഫർമാരും രണ്ടു ഖത്തരി വനിതാ ഫൊട്ടോഗ്രഫർമാരും പകർത്തിയ ചിത്രങ്ങളുടെ പ്രദർശനവും നടക്കും. ഖത്തർ- ചൈനീസ്‌ സാംസ്‌കാരിക വർഷാചരണത്തിന്റെ ഭാഗമായി മിയ പാർക്കിൽ നവംബർ രണ്ടുമുതൽ അഞ്ചുവരെ ചൈനീസ്‌ ഫെസ്‌റ്റിവലും അരങ്ങേറും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.