Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചരിക്കാം, ചിത്രമെടുക്കാം സമ്മാനം നേടാം

doha

ദോഹ ∙ ഖത്തറിലെ പ്രവാസികളെ ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമാക്കാൻ ഖത്തർ ടൂറിസം അതോറിറ്റി. ഒരു വിനോദസഞ്ചാരിയുടെ മനസ്സോടെ ഖത്തറിനെ നോക്കിക്കാണാനും ആഘോഷങ്ങളിൽ പങ്കുചേർന്നു സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണ്‌ ഇത്തവണ ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) ഒരുക്കുന്നത്‌. ഇതിന്റെ ഭാഗമായി പ്രവാസികൾക്കു ടൂർ ഓപ്പറേറ്റർമാർ പ്രത്യേക നിരക്കും ഹോട്ടലുകൾ നിരക്കിളവും നൽകും.

ഇതിനു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ ക്യുടിഎ നടത്തുന്ന മത്സരങ്ങളിലും പങ്കാളികളാകാം. പ്രവാസികളെ വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമാക്കുന്നതിലൂടെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ സ്വീകാര്യത നേടാനാണു ക്യുടിഎയുടെ ശ്രമം. ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ എട്ടു പ്രധാന കേന്ദ്രങ്ങൾക്കു മുന്നിൽ വലിയ ഫോട്ടോ ഫ്രെയിമുകൾ സ്‌ഥാപിക്കുന്നുണ്ട്‌.

ഈ ലൊക്കേഷനുകൾ ക്യുടിഎയുടെ ട്വിറ്റർ, ഫെയ്‌സ്‌ബുക്‌, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രസിദ്ധപ്പെടുത്തും. ഇതിനു മുന്നിൽ നിന്നു പ്രവാസികളെടുക്കുന്ന ചിത്രങ്ങൾ ഡബ്ല്യുടിഡി2016, ഷോകേസ്‌ ഖത്തർ എന്നിങ്ങനെ സമൂഹമാധ്യമങ്ങളിൽ ഹാഷ്‌ടാഗ്‌ ചെയ്യാം. എട്ടു സ്‌ഥലങ്ങളിൽനിന്നുള്ള ചിത്രങ്ങളും അപ്‌ലോഡ്‌ ചെയ്യാം. ഇതിൽ മികച്ച ഫോട്ടോകൾക്കു ക്യുടിഎ സമ്മാനങ്ങൾ നൽകും. ഖത്തറിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു വാരാന്ത്യം ചെലവിടുന്നവർക്കു സമ്മാനങ്ങൾ ലഭിക്കാൻ സാധ്യത കൂടുതലാണ്‌.

qta

ലോക വിനോദസഞ്ചാരദിനമായ സെപ്‌റ്റംബർ 27 മുതൽ ഒക്‌ടോബർ ഒന്നുവരെയാണു മത്സരം. സ്‌പെഷൽ പാക്കേജുകളും നിരക്കിളവുകളും ഈ ദിവസങ്ങളിൽ ലഭ്യമാണ്‌. സ്‌പാകളിലെ മസാജ്‌, ഡിന്നർ, ബുഫേ, ഡെസേർട്ട്‌ സഫാരി, ദൗ ബോട്ടുകളിലുള്ള സമുദ്രസഞ്ചാരം, മത്സ്യബന്ധന ട്രിപ്പുകൾ, രാത്രി മുഴുവൻ നീളുന്ന ക്യാംപിങ്‌ എന്നിവയ്‌ക്കെല്ലാം നിരക്കിളവു ബാധകമാണ്‌.

ഖത്തർ വെഞ്ചേഴ്‌സ്‌, അറേബ്യൻ അഡ്വഞ്ചേഴ്‌സ്‌ ഖത്തർ, ഗൾഫ്‌ അഡ്വഞ്ചേഴ്‌സ്‌, ഖത്തർ ഇന്റർനാഷനൽ അഡ്വഞ്ചേഴ്‌സ്‌ എന്നീ ടൂർ ഓപ്പറേറ്റർമാരാണു പരിപാടിയുമായി സഹകരിക്കുന്നത്‌. 35 ഹോട്ടലുകളാണു നിരക്കിളവു പ്രഖ്യാപിച്ചിരിക്കുന്നത്‌. ലോക വിനോദസഞ്ചാര സംഘടനയുടെ നേതൃത്വത്തിൽ യുഎൻ മുൻകൈയെടുത്താണു ലോക വിനോദസഞ്ചാരദിനം ആഘോഷിക്കുന്നത്‌.

സാമ്പത്തിക – സാമൂഹിക സാംസ്‌കാരിക മൂല്യങ്ങൾ പരസ്‌പരം പകർന്ന്‌ ലോകമെമ്പാടും ജനജീവിതം പുഷ്‌ടിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു യുഎൻ ലോക വിനോദസഞ്ചാരദിനം ആഘോഷിക്കുന്നത്‌. ഇത്തവണത്തെ യുഎൻ ആഘോഷങ്ങൾക്ക്‌ ആതിഥ്യമരുളുന്നതു ഖത്തറാണെന്ന പ്രത്യേകതയുമുണ്ട്‌.

വികസനത്തിനു വിനോദസഞ്ചാരം എന്നതാണ്‌ ഇത്തവണത്തെ ആഘോഷങ്ങളുടെ സന്ദേശവാക്യം. വർഷങ്ങളായി ഖത്തറിൽ കഴിയുന്ന പ്രവാസികൾ ഖത്തറിലെ ടൂറിസം സാധ്യതകൾ കൂടുതൽ മനസ്സിലാക്കാൻ ഈ അസുലഭാവസരം വിനിയോഗിക്കണമെന്നു ക്യുടിഎ പബ്ലിക്‌ റിലേഷൻസ്‌ ഡയറക്‌ടർ സയീഫ്‌ അൽകുവാരി അഭ്യർഥിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.