Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി അണ്ടർ 19: ഖത്തറിന് സമനില

ദോഹ ∙ ബഹ്‌റൈനിലെ മനാമയിൽ കഴിഞ്ഞദിവസം തുടങ്ങിയ എഎഫ്‌സി അണ്ടർ-19 ഫുട്‌ബോൾ ചാംപ്യൻഷിപ്പിലെ ആദ്യമൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ ഖത്തറിനു സമനില (1–1). ഇറാനാണു ഖത്തറിനെ സമനിലയിൽ തളച്ചത്. മൽസരത്തിൽ പിറന്ന രണ്ടുഗോളുകളും സ്‌കോർ ചെയ്തത് ഇറാന്റെ അബ്ദുൽഫാസി റസഗ്പൂറാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. 38–ാം മിനിറ്റിൽ ഇറാന്റെ അബ്ദുൽ ഫാസിയുടെ സെൽഫ്‌ ഗോളിൽ ഖത്തർ മുന്നിലെത്തിയെങ്കിലും അതു മുതലാക്കാനായില്ല.

രണ്ടാം പകുതിയിൽ ഇറാൻ താരം ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെത്തുടർന്നു പത്തുപേരുമായാണ് ഇറാൻ കളിച്ചത്. ആദ്യപകുതിയിലെ പിഴവിന് രണ്ടാം പകുതിയുടെ 58–ാം മിനിറ്റിൽ സ്‌കോർ ചെയ്ത് അബ്ദുൽ ഫാസി മറുപടി നൽകി. ഗ്രൂപ്പ് സിയിൽ ഇറാനു പുറമെ ജപ്പാനും യെമനുമാണ് ഖത്തറിന്റെ എതിരാളികൾ. ആദ്യ റൗണ്ടിലെ മറ്റു മൽസരങ്ങളിൽ 17ന് ഖത്തർ യെമനെയും 20ന് ജപ്പാനെയും നേരിടും. 2014ൽ മ്യാൻമറിൽ നടന്ന ചാംപ്യൻഷിപ്പിൽ ഉത്തരകൊറിയയെ പരാജയപ്പെടുത്തിയാണ് ഖത്തർ കിരീടം സ്വന്തമാക്കിയത്.

അതിനുശേഷം 2015ൽ ന്യൂസിലൻഡിൽ നടന്ന ഫിഫ അണ്ടർ-20 ലോകചാംപ്യൻഷിപ്പിനും ഖത്തർ യോഗ്യത നേടിയിരുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച 16 ടീമുകളാണ് 30വരെ തുടരുന്ന ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. നാലു ടീമുകൾ വീതം ഉൾപ്പെടുന്ന നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാലു ടീമുകൾക്കു ഫിഫ അണ്ടർ-20 ലോകകപ്പിന് യോഗ്യത നേടാം. ആതിഥേയരെന്ന നിലയിൽ ദക്ഷിണകൊറിയ യോഗ്യത നേടിയിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.