Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പിനു തിരക്കേറുന്നു

search-and-follow-up-qatar പൊതുമാപ്പ് ആനുകൂല്യം തേടി ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ അപ്പ് ഓഫീസിലെത്തി കാത്തിരിക്കുന്നവർ

ദോഹ ∙ പൊതുമാപ്പിന്റെ രണ്ടാംദിനം നാട്ടിലേക്കു മടങ്ങാൻ രേഖകൾ ശരിയാക്കാൻ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സെർച് ആൻഡ് ഫോളോഅപ് ഓഫിസിൽ‌ മലയാളികൾ ഉൾപ്പെടെ നൂറിലേറെ പേരെത്തി. കഴിഞ്ഞ വ്യാഴാഴ്ചമുതലാണു പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും അന്ന് എത്തിയവരുടെ എണ്ണം കുറവായിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാതെവന്ന ഒട്ടേറെപ്പേരെ പൊലീസ് മടക്കിയയച്ചു. എല്ലാ രേഖകളും ശരിയാക്കിവന്നവർക്ക് അടുത്ത ദിവസംതന്നെ മടങ്ങിപ്പോകാം. വിമാനടിക്കറ്റ് എടുക്കാനുള്ള സൗകര്യവും സെർച് ആൻഡ് ഫോളോഅപ് ഓഫിസിലുണ്ട്.

ഖത്തർ എയർവേയ്സ് ഉൾപ്പെടെ ചില വിമാനക്കമ്പനികളുടെ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ വിമാനടിക്കറ്റ് ഇല്ലാത്തവരെ മറ്റു നടപടികൾ പൂർത്തിയായാൽ അവിടെയുള്ള ഓഫിസിലേക്ക് അയയ്ക്കും. ഓപ്പൺ ടിക്കറ്റുമായി വന്നവർക്കു ടിക്കറ്റ് ഉറപ്പാക്കാനുള്ള സൗകര്യവുമുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും വിമാനടിക്കറ്റും ഉള്ളവർക്ക് എക്സിറ്റ് പെർമിറ്റ് നൽകും. ഏഴു ദിവസത്തിനകം രാജ്യത്തിനു പുറത്തുപോകാനുള്ള അനുമതിയാണിത്. പാസ്പോർട്ട്, പാസ്പോർട്ട് ഇല്ലെങ്കിൽ എംബസിയിൽനിന്നുള്ള യാത്രാരേഖ, വിമാന ടിക്കറ്റ് എന്നിവയാണു വേണ്ടത്.

അബു സംറ റോഡിൽ രണ്ടാമത്തെ പാലത്തിനു മുൻപ് അകത്തേക്കു പോകുന്നിടത്താണു സെർച് ആൻഡ് ഫോളോഅപ് ഓഫിസ്. ഉച്ചയ്ക്കു രണ്ടുമുതൽ എട്ടുവരെയാണു പ്രവർത്തനം. ഇന്നലെ ഉച്ചയ്ക്കു മുൻപുതന്നെ ഒട്ടേറെപ്പേരാണു പൊതുമാപ്പ് തേടി എത്തിയത്. ചിലർ വലിയ ലഗേജുമായാണ് എത്തിയത്. ഓഫിസിനു പുറത്തു ക്യൂ നിർത്തി പാസ്പോർട്ടോ യാത്രാരേഖയോ പരിശോധിച്ചാണ് ഓഫിസിലേക്കു കടത്തിവിടുന്നത്. തുടർന്ന് ഇവിടെ കാത്തിരിക്കാൻ സൗകര്യമുണ്ട്.

ഒരോരുത്തരെയായി കൗണ്ടറിൽ വിളിച്ചു രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ടു വിവരങ്ങൾ രേഖപ്പെടുത്തിയശേഷമാണ് എക്സിറ്റ് പെർമിറ്റിനും വിരലടയാളം എടുക്കുന്നതിനും അകത്തേക്ക് അയയ്ക്കുന്നത്. ഇതിനിടെ ടിക്കറ്റ് ഇല്ലാത്തവർക്കു ടിക്കറ്റ് എടുക്കാനും ഓപ്പൺ ടിക്കറ്റ് ഉറപ്പാക്കുന്നതിനും സൗകര്യമുണ്ട്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിലെ മലയാളി ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇതു വലിയ സഹായമാണ്.

പാസ്പോർട്ട് ഇല്ലാത്തവർക്കു യാത്രാരേഖകൾക്ക് അപേക്ഷിക്കാനുള്ള ഫോം ഐസിബിഎഫ് മുൻ പ്രസിഡന്റ് കരീം അബ്ദുല്ല ക്യൂവിലുണ്ടായിരുന്ന ഇന്ത്യക്കാർക്കു വിതരണം ചെയ്തു. അപേക്ഷ പൂരിപ്പിച്ച് എംബസിയിൽ സമർപ്പിച്ചു യാത്രാരേഖകളുമായി എത്താൻ നിർദേശിച്ചു. ഐസിസി ജനറൽ സെക്രട്ടറി ദിവാകർ പൂജാരി, ഇൻകാസ് നേതാവ് സുരേഷ് കരിയാട് എന്നിവരും ഇന്നലെ സെർച് ആൻഡ് ഫോളോഅപ് ഓഫിസിൽ ഇന്ത്യക്കാരുടെ വിവരങ്ങൾ തിരക്കാനെത്തി.

പുതിയ വീസയിലെത്താൻ വിലക്കില്ല

പൊതുമാപ്പിൽ ഉൾപ്പെട്ടു പോകുന്നവർക്കു മറ്റൊരു വീസയിൽ മടങ്ങിവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് അപേക്ഷകരോട് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനായി പിഴയോ മറ്റു സമയപരിധിയോ ഉണ്ടാകില്ല എന്നാണു സൂചന. കേസിൽ ഉൾപ്പെട്ടവർക്കു പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. ഇവരുടെ കേസ് തീരാതെ മടങ്ങിപ്പോകാനാകില്ല. സ്പോൺസർ എക്സിറ്റ് പെർമിറ്റ് കൊടുക്കാത്തതിനെത്തുടർന്നു പൊതുമാപ്പ് ആനുകൂല്യം തേടിയെത്തുന്നവരുണ്ട്. സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടിപ്പോയവരും മറ്റു പ്രശ്നങ്ങൾകൊണ്ടു വീസ പുതുക്കിക്കിട്ടാത്തവരും കൂട്ടത്തിലുണ്ട്.

കൊല്ലം സ്വദേശിയായ പ്രദീപ്, അനുരാഗ് എന്നിവരുടെ തൊഴിൽസ്ഥാപനം കരിമ്പട്ടികയിൽ ഉൾപ്പെട്ടതാണു വിനയായത്. ഇവരുടെ സ്പോൺസർ ജയിലിലായതോടെ വീസ പുതുക്കാനോ മറ്റു സേവനങ്ങളോ സാധ്യമായില്ല. ഇതോടെയാണു പൊതുമാപ്പ് തേടിയെത്തിയത്. തന്റെ കമ്പനിയിലെ ഇരുപതോളം പേരും ഇതേ പ്രശ്നത്തിലാണെന്ന് അവർ പറഞ്ഞു. പാസ്പോർട്ട് ഇല്ലാത്തതിനാൽ യാത്രാരേഖകൾ ശരിയാക്കാൻ ഇരുപതോളം പേർ ഇന്നലെ ഇന്ത്യൻ എംബസിയിലെത്തി. പാസ്പോർട്ടിന്റെ പകർപ്പോ ഐഡിയോ സഹിതമാണ് അപേക്ഷിക്കേണ്ടത്. 60 റിയാൽ ഫീസും നൽകണം. എന്നാൽ ബുദ്ധിമുട്ട് അറിയിക്കുന്നവരിൽനിന്നു ഫീസ് ഈടാക്കുന്നില്ല. 

Your Rating: