Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്ലിങ് ചാംപ്യൻഷിപ്: പേൾ ഖത്തറിൽ നിയന്ത്രണം

ദോഹ ∙ യൂണിയൻ സൈക്കിളിസ്റ്റ് ഇന്റർനാഷനൽ (യുസിഐ) ലോക സൈക്ലിങ് ചാംപ്യൻഷിപ് നടക്കുന്ന എട്ടു ദിവസങ്ങളിൽ പേൾ ഖത്തറിൽ ഭാഗിക നിയന്ത്രണം. ചാംപ്യൻഷിപ് ദിവസങ്ങളിൽ ദ്വീപ് പൂർണമായും അടച്ചിടുമെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ. ഒൻപതു മുതൽ 16 വരെയാണു ചാംപ്യൻഷിപ് നടക്കുന്നത്.

കഴിഞ്ഞ ദിവസം സംഘാടകർ പേൾ ഖത്തറിലെ താമസക്കാർ, വ്യാപാരികൾ, കരാറുകാർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തു നിയന്ത്രണങ്ങൾ വിശദീകരിച്ചിരുന്നു. ഗതാഗതത്തിനായി പകരം ഏർപ്പെടുത്തുന്ന സംവിധാനങ്ങളെ കുറിച്ചും വിശദീകരിച്ചു. പേൾ ഖത്തറിലെ ജനജീവിതത്തെ കഴിവതും ബാധിക്കാത്ത വിധമാകും ടൂർണമെന്റ് നടത്തുകയെന്നു സംഘാടകർ ഉറപ്പുനൽകി. ഗോൾഫ് കാർട്ടുകൾ, വാട്ടർ ടാക്സി, കാറുകൾ തുടങ്ങിയ അധിക സംവിധാനങ്ങൾ ടൂർണമെന്റ് ദിവസങ്ങളിൽ ഏർപ്പെടുത്തും. താമസക്കാർക്കും സന്ദർശകർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാകും. റോഡ് നിയന്ത്രണങ്ങളുടെ പട്ടികയും സംഘാടക സമിതി പുറത്തിറക്കി. പേൾ ഖത്തറിലെ പാർക്കിങ്ങിനും നിയന്ത്രണമുണ്ടാകും. ദിവസേന മൽസരങ്ങൾക്കുശേഷം ഗതാഗത നിയന്ത്രണം പിൻവലിക്കും.

95 വർഷത്തെ യുസിഐ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അറബ് ലോകം വേദിയാകുന്നത്. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം സൈക്ലിസ്റ്റുകളാണു പങ്കെടുക്കുക. വ്യക്തിഗത ടൈംട്രയൽ, ടീം ടൈംട്രയൽ, റോഡ് റേസ് ഉൾപ്പെടെ ഒരാഴ്ച നീളുന്ന ചാംപ്യൻഷിപ് വിവിധ ഘട്ടങ്ങളിലായാണു അരങ്ങേറുക. പേൾ ഖത്തറിനു പുറമേ ആസ്പയർ സോൺ, എജ്യുക്കേഷൻ സിറ്റി, ലുസൈൽ, അൽഖോർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു റോഡ് റേസ് നടക്കുക. പ്രധാന മൽസരങ്ങളിലൊന്നായ പുരുഷന്മാരുടെ റോഡ് റേസ് 16ന് ആണു നടക്കുക. 257.5 കിലോമീറ്റർ നീളുന്ന മൽസരം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് ലുസൈൽ, റാസ്‌ലഫാൻ, അൽഖോർ ചുറ്റി പേളിലെത്തും.

പേളിനു ചുറ്റുമായി 15 ലാപ്പുകൾ കൂടിയുണ്ട്. വനിതകളുടെ റോഡ് റേസ് 15ന് ആണ്. 134.5 കിലോമീറ്ററാണു ദൈർഘ്യം. എജ്യുക്കേഷൻ സിറ്റിയിൽ ആരംഭിച്ചു പേളിൽ അവസാനിക്കുന്ന വിധമാണു മൽസരം ക്രമീകരിച്ചിട്ടുള്ളത്. ലുസൈൽ സ്പോർട്സ് കോംപ്ലക്സിലാണു വനിതകളുടെയും പുരുഷന്മാരുടെയും ടീം ട്രയൽസ് നടക്കുക.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.