Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുശുചിത്വ നിയമത്തിന്‌ മന്ത്രിസഭാ അംഗീകാരം

clean

ദോഹ∙ പൊതുസ്‌ഥലങ്ങളും വീടുകളുടെ ബാൽക്കണിയും മട്ടുപ്പാവുമടക്കം വൃത്തിയായും സുന്ദരമായും സൂക്ഷിക്കാൻ വ്യവസ്‌ഥ ചെയ്യുന്ന പൊതുശുചിത്വ നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം. 1974ലെ പൊതുശുചിത്വ നിയമം പരിഷ്‌കരിച്ചാണു കരടുനിയമത്തിനു രൂപം നൽകിയത്‌. മന്ത്രിസഭ അംഗീകരിച്ച നിയമം ശൂറാ കൗൺസിലിന്റെ പരിഗണനയ്‌ക്കു വിട്ടു. പൊതുസ്‌ഥലത്തിന്റെ പരിധിയിൽ പൊതുജനദൃഷ്‌ടി പതിയുന്ന സ്വകാര്യയിടങ്ങളും ഉൾപ്പെടുന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

മട്ടുപ്പാവുകൾ, ബാൽക്കണി, നടപ്പാതകൾ, ബീച്ചുകൾ എന്നിവയ്‌ക്കു പുറമേ നഗരസഭ നിശ്‌ചയിക്കുന്ന സ്‌ഥലങ്ങളിലും മാലിന്യം തള്ളുന്നതിന് വിലക്കുണ്ട്. പൊതുശുചിത്വ പദ്ധതികളുടെ ഉത്തരവാദിത്തം നഗരസഭകൾക്കാണ്‌. മാലിന്യങ്ങളുടെ പുനരുപയോഗവും സംസ്‌കരണവും നഗരസഭകളുടെ ഉത്തരവാദിത്വത്തിൽ പെടും.

ഇതിനായി മുനിസിപ്പാലിറ്റികൾക്ക്‌ ഒന്നോ അതിലധികമോ കരാറുകാരെ നിയമിക്കാനും കരടുനിയമം അനുവാദം നൽകുന്നു. മനുഷ്യർക്ക്‌ ഭക്ഷണയോഗ്യമായ സാധനങ്ങൾ സംബന്ധിച്ച 1990ലെ എട്ടാം നമ്പർ നിയമത്തിലെ ഏതാനും വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള നിർദേശവും പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

ഇതനുസരിച്ച്‌ മോശം ഭക്ഷണം നൽകുന്ന സ്‌ഥാപനങ്ങൾ അടച്ചുപൂട്ടി അവയുടെ പേരുവിവരങ്ങൾ സ്‌ഥാപനത്തിന്റെതന്നെ ചെലവിൽ ഏറ്റവുമധികം പ്രചാരമുള്ള രണ്ടു പ്രാദേശിക ദിനപത്രങ്ങളിൽ പരസ്യപ്പെടുത്തും. ഓഡിറ്റിങ്‌ വിഭാഗത്തിന്റെ വികസനം ലക്ഷ്യമിട്ട്‌ ഓഡിറ്റിങ്‌ പ്രഫഷൻ നിയമം ഭേദഗതിചെയ്യാനും തീരുമാനമായി. ഓഡിറ്റർമാരുടെ ചുമതലകളും അവകാശങ്ങളും അച്ചടക്കനടപടികളും വിശദമായി ഉൾക്കൊള്ളിച്ചാണ്‌ പുതിയ നിയമം തയാറാക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.