Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിലെ ക്യാംപിങ്ങിന് ആളു കൂടി; സൈറ്റ് പണിമുടക്കി

ദോഹ ∙ മരുഭൂമിയിൽ ക്യാംപ് ചെയ്യാൻ അപേക്ഷിച്ചവരുടെ തിരക്കു കൂടിയതോടെ ആദ്യദിനംതന്നെ ഓൺലൈൻ റജിസ്ട്രേഷൻ തടസ്സപ്പെട്ടു. തിരക്കു വർധിച്ചതോടെ സൈറ്റ് പണിമുടക്കി. ഞായറാഴ്ച മുതലാണ് ക്യാംപിങ് റജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.

നവംബർ 17 വരെ അപേക്ഷിക്കാൻ സമയം ഉണ്ടെങ്കിലും നേരത്തേ തന്നെ റജിസ്റ്റർ ചെയ്യുന്നതാണു നല്ലതെന്ന നിർദേശം കൂടി വന്നതോടെ ആദ്യദിനം തന്നെ കൂടുതൽ പേർ അപേക്ഷിച്ചു. ഇതോടെ വെബ്സൈറ്റ് തകരാറിലായി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ റജിസ്ട്രേഷൻ ആരംഭിക്കുമെന്നു ട്വിറ്ററിൽ മന്ത്രാലയം പിന്നീട് അറിയിച്ചെങ്കിലും തകരാർ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും റജിസ്ട്രേഷൻ പുനരാരംഭിക്കുന്നതു സംബന്ധിച്ച് പിന്നീട് അറിയിപ്പു നൽകുമെന്നും നഗരസഭാ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

നവംബർ ഒന്ന‍ു മുതൽ ഏപ്രിൽ15വരെയാണു ശൈത്യകാല ക്യാംപിങ് സീസൺ. 25വയസ്സിനു മുകളിലുള്ള സ്വദേശികൾക്കു മാത്രമാണു റജിസ്ട്രേഷന് അനുമതിയുള്ളത്. 23 സൈറ്റുകളിലായി കഴിഞ്ഞ വർഷം 2058 ക്യാംപുകളാണുണ്ടായിരുന്നത്. ഈ വർഷം ക്യാംപുകളുടെ എണ്ണം 2500 ലെത്തുമെന്നാണു പ്രതീക്ഷ.

റജിസ്ട്രേഷൻ സമയത്ത് പതിനായിരം റിയാൽ കെട്ടിവയ്ക്കണം. ക്യാംപിങ് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം സെക്യൂരിറ്റി തുകയായി നൽകിയ പതിനായിരം റിയാൽ ഈടാക്കുകയും ചെയ്യും. നിയമപ്രകാരം ക്യാംപിങ് പൂർത്തിയാക്കുന്നവർക്കു തുക മടക്കി നൽകും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.