Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 വർഷത്തിനുള്ളിൽ വാഹനാപകട മരണനിരക്ക്‌ പകുതിയാക്കും

ദോഹ ∙ അടുത്ത നാലുവർഷത്തിനുള്ളിൽ വാഹനാപകട മരണനിരക്ക്‌ പകുതിയായി കുറയ്‌ക്കാൻ ഊർജിതശ്രമം ആരംഭിച്ചതായി ദേശീയ ഗതാഗത സുരക്ഷാ ഓഫിസ്‌ ജനറൽ മാനേജർ കിം റൈവ്‌ പറഞ്ഞു.

ദോഹയിൽ ഖത്തർ ഗതാഗത സുരക്ഷാഫോറം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ഓടെ ആഗോളതലത്തിൽ റോഡ്‌ അപകട മരണനിരക്ക്‌ പകുതിയായി കുറയ്‌ക്കുകയെന്നതു യുഎൻ സുസ്‌ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമാണ്‌. പോയവർഷം വിവിധ വാഹനാപകടങ്ങളിലായി 227 ജീവനുകളാണു ഖത്തറിൽ പൊലിഞ്ഞത്‌. 2022 ഓടെ വാഹനാപകട മരണനിരക്ക്‌ 130 ആക്കി കുറയ്‌ക്കുമെന്നും ഗുരുതരമായ അപകടങ്ങളുടെ എണ്ണം 550ൽനിന്നു 300 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിൽ വാഹനാപകട മരണനിരക്ക്‌ കുറഞ്ഞുവരികയാണ്‌. ദേശീയ ഗതാഗത സുരക്ഷാ ഓഫിസ്‌ കൈക്കൊണ്ട നടപടികളാണു മരണനിരക്കു കുറയ്‌ക്കാൻ സഹായിച്ചത്‌. ഗതാഗത സുരക്ഷാക്രമീകരണങ്ങൾക്കുള്ള സർക്കാർ ഏജൻസികളുടെ എണ്ണം 15ൽനിന്നു 30 ആക്കിയപ്പോൾ പ്രതിവർഷം 15 മരണം ഒഴിവാക്കാനാകുന്നുണ്ട്‌. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ റോഡുകളിൽ തിരക്കേറുകയാണ്‌. ഇത്‌ അപകട സാധ്യത കൂട്ടുന്നു. അതിനാൽ കൂടുതൽ സിഗ്നലുകളും ഇന്റർസെക്‌ഷനുകളും സ്‌ഥാപിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ റോഡുകളിലും ലെയ്‌ൻ ട്രാഫിക്‌ ഏർപ്പെടുത്തും. അപകടങ്ങളിൽ മരണസംഖ്യ കൂടാൻ പ്രധാനകാരണം അമിതവേഗമാണ്‌. ഇതിനായി എല്ലാ പ്രധാനപാതകളിലും കൂടുതൽ സ്‌പീഡ്‌ ക്യാമറകൾ സ്‌ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹൈവേകളിലെ അപകടമരണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനായി ഖത്തർ 2014 വിഷൻ സീറോ നിർദേശങ്ങൾ നടപ്പാക്കിവരികയാണ്‌. മരണങ്ങൾ മാത്രമല്ല അപകടങ്ങളിൽ ഗുരുതര പരുക്കേൽക്കുന്നത്‌ ഒഴിവാക്കുകയെന്നതും വിഷൻ സീറോയുടെ ലക്ഷ്യമാണ്‌. രാജ്യത്തെ എല്ലാ ഹൈവേകളിലും വിഷൻ സീറോ നടപ്പാക്കും. ഏറ്റവുംകൂടുതൽ അപകടങ്ങളും മരണങ്ങളും ഉണ്ടായിരുന്ന അൽഷമാൽ റോഡിൽ വിആർഎസ്‌ (വെഹിക്കിൾ റസ്‌ട്രയ്‌ന്റ്‌ സിസ്‌റ്റം) ഏർപ്പെടുത്തിയതോടെ അപകടങ്ങൾ ഗണ്യമായി കുറയ്‌ക്കാനായി. ഈ സംവിധാനം അൽ ഹുവൈല, ഉംബിർക, അൽഖോർ ലിങ്ക്‌ റോഡുകളിലും നടപ്പാക്കിവരികയാണ്‌.

ഓരോ അപകടവും സർക്കാരിനു വൻബാധ്യതയാണു വരുത്തുന്നത്‌. അതിനാൽ അപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതു സാമ്പത്തികമായും നല്ലതാണെന്നു കിം റൈവ്‌ പറഞ്ഞു. 2020 ഓടെ ലോകത്തൊട്ടാകെ അപകടമരണങ്ങൾ പകുതിയാക്കി കുറയ്‌ക്കാനായാൽ എല്ലാ രാജ്യങ്ങൾക്കുംകൂടി ഒരു ട്രില്യൺ ഡോളർ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.