Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു പുതിയ 30 യാത്രാവിമാനങ്ങൾ

aeroplane

ദോഹ ∙ ബോയിങ് യുദ്ധ വിമാനങ്ങളുടെ കരാറിന് വൈറ്റ് ഹൗസ് അന്തിമ അനുമതി നൽകിയതോടെ 30 ബോയിങ് യാത്രാവിമാനങ്ങൾ കൂടി ഖത്തർ വാങ്ങിയേക്കുമെന്നു റിപ്പോർട്ട്. 670 കോടി ഡോളറിന്റേതാണു യാത്രാ വിമാനങ്ങളുടെ ഇടപാട്.

യുദ്ധവിമാനങ്ങളുടെ അനുമതി വൈകിയതിനാൽ ഖത്തർ എയർവേയ്സിനായി ബോയിങ് വിമാനങ്ങൾ വാങ്ങുന്നതും ഖത്തർ വൈകിപ്പിച്ചിരുന്നു. ഇരു കരാറുകളിലുമായി ആയിരം കോടി ഡോളറിലധികമാണു ബോയിങ്ങിനു ലഭിക്കുന്നത്. ഖത്തറിന് 36 ബോയിങ് എഫ് 15 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിന് വൈറ്റ് ഹൗസ് അനുമതി നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 400 കോടി യുഎസ് ഡോളറിന്റേതാണ് ഇടപാട്.

ഇതിനൊപ്പം കുവൈത്തിനും ബഹ്റൈനും യുദ്ധവിമാനങ്ങൾ വിൽക്കുന്ന കരാറിനും അനുമതിയായിട്ടുണ്ട്. ഇസ്രയേലിന്റെ സമ്മർദത്തെ തുടർന്നു രണ്ടു വർഷമായി കരാർ മാറ്റി വച്ചിരിക്കുകയായിരുന്നു വൈറ്റ് ഹൗസ്. യുദ്ധ വിമാനങ്ങളുടെ കരാർ നീണ്ടതോടെ ബോയിങ്ങിൽ നിന്ന് 30 യാത്രാ വിമാനങ്ങൾ വാങ്ങുന്ന കരാറും ഖത്തർ വൈകിപ്പിച്ചു.

പ്രതിരോധ കരാർ യാഥാർഥ്യമാകുന്നതോടെ ഖത്തർ എയർവേയ്സ് 30 യാത്രാവിമാനങ്ങൾ ബോയിങ്ങിൽ നിന്നു വാങ്ങിയേക്കുമെന്നാണു റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ബോയിങ്ങോ ഖത്തർ എയർവെയ്സോ പ്രതികരിച്ചിട്ടില്ല. നേരത്തേ ഓർഡർ ചെയ്ത എയർബസ് വിമാനങ്ങൾ വൈകുന്നതിനാൽ ഖത്തർ എയർവെയ്സ് വൈകാതെ വലിയൊരു വിമാന ഓർഡർ കൂടി നൽകുമെന്ന് ഓഗസ്റ്റ് അവസാനം ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ പ്രഖ്യാപിച്ചിരുന്നു.

യൂറോപ്യൻ വിമാനക്കമ്പനിയായ എയർബസുമായുള്ള ബന്ധം മോശമായി തുടരുന്നതിനാൽ ബോയിങ്ങിലാണു ഖത്തർ എയർവേയ്സ് താൽപര്യം കാട്ടുന്നത്. നേരത്തെ 80 എയർബസ് എ 320 നിയോ വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നെങ്കിലും വിമാന എൻജിനുമായി ബന്ധപ്പെട്ട തർക്കം മൂലം ഒരു വിമാനം പോലും ഖത്തർ എയർവേയ്സ് ഏറ്റെടുത്തിട്ടില്ല.

ബോയിങ് വൈഡ് ബോഡി വിമാനങ്ങളായ 777, 787 ഡ്രീലൈനർ എന്നിവ വാങ്ങാനാണു ഖത്തർ എയർവേയ്സ് പദ്ധതിയിടുന്നതെന്നു ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു.

30 വിമാനങ്ങൾക്കായി 670 കോടി ഡോളറാണ് വില. എന്നാൽ ചർച്ചയിലൂടെ വില കുറച്ചാകും കരാർ ഒപ്പു വയ്ക്കുക. ചിക്കാഗോ കേന്ദ്രമായുള്ള ബോയിങ് കമ്പനിക്ക് അടുത്ത കാലത്തു ലഭിക്കുന്ന വമ്പൻ കരാറാകും ഇത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാന നിർമാതാക്കളും രണ്ടാമത്തെ പ്രതിരോധ കരാറുകാരുമാണു ബോയിങ് കമ്പനി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.