Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രവാദഭീഷണി; പ്രതിരോധം ഇരട്ടിയാക്കണം: അൽമുറൈഖി

ദോഹ ∙ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഖത്തർ ഐക്യരാഷ്ട്ര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുമെന്ന്‌ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ്‌ അൽമുറൈഖി. ന്യൂയോർക്കിൽ യുഎൻ ആഗോള ഭീകരവിരുദ്ധ ഫോറ(ജിസിടിഎഫ്‌)ത്തിന്റെ ഏഴാമതു മന്ത്രിതല സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്‌ട്ര സംഘടനയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു വലിയ സഹായം നൽകുന്ന രാജ്യമാണ്‌ ഖത്തറെന്ന്‌ അൽമുറൈഖി പറഞ്ഞു.

ഭീകരഭീഷണി ഫലപ്രദമായി നേരിടാൻ രാജ്യാന്തര സമൂഹം ഇപ്പോഴുള്ളതിന്റെ ഇരട്ടി ശ്രമം നടത്തേണ്ടതുണ്ട്‌. ഇതിനായി പുതിയ തന്ത്രങ്ങളും സംവിധാനങ്ങളും ആവിഷ്‌കരിക്കണം. യുഎന്നിന്റെ ഭീകരവിരുദ്ധ പ്രവർത്തന നിധിയിലേക്കു വലിയ സംഭാവന നൽകുന്ന രാജ്യമാണ്‌ ഖത്തർ. ദാരിദ്ര്യം മൂലം യുവാക്കൾ ഭീകരസംഘടനകളിലേക്ക്‌ ആകൃഷ്‌ടരാകുന്നതു തടയാനും അവരെ തീവ്രവാദ സംഘടനകളിൽനിന്ന്‌ അകറ്റിനിർത്താനും ഖത്തർ വലിയ സഹായമേകുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.

മാനവികമൂല്യങ്ങളിലൂന്നിയും പൊതുതാൽപര്യം മുൻനിർത്തിയും ഭീകര വിപത്തുകൾ നേരിടാൻ ഒരു പൊതുവേദി ആവിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഖത്തർ എല്ലാ പിന്തുണയും നൽകുന്നുണ്ട്‌. ജിസിടിഎഫും മറ്റു രാജ്യാന്തര ഫോറങ്ങളും തമ്മിൽ ഈ വിഷയത്തിലുള്ള സഹകരണത്തെ മന്ത്രി പ്രശംസിച്ചു. ഇത്‌ ഭീകരവിരുദ്ധപ്പോരാട്ടം കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു സഹായകമാകുന്നുണ്ട്‌.

എന്നാൽ ഈ വിഷയത്തിൽ പൂർണ വിജയം കൈവരിക്കണമെങ്കിൽ ഭീകരതയുടെ മൂല കാരണങ്ങൾ നിർമാർജനം ചെയ്യണം. ഭീകരതയും തീവ്രവാദവും വളർത്തുന്നതിൽ ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അവഗണന എന്നിവയടക്കമുള്ള സാമൂഹിക, സാമ്പത്തിക ഘടകങ്ങൾക്ക്‌ വലിയ പങ്കുണ്ടെന്നും ഇവ ഫലപ്രദമായി പരിഹരിച്ചാലേ ഇക്കാര്യത്തിൽ പൂർണ വിജയം നേടാനാവൂ എന്നും അൽമുറൈഖി അഭിപ്രായപ്പെട്ടു.

യെമൻ പ്രശ്നപരിഹാരത്തിനായി എല്ലാ പിന്തുണയും നൽകും


യെമൻ പ്രതിസന്ധിക്ക്‌ രാഷ്‌ട്രീയ പരിഹാരം കാണുന്നതിന്‌ റിയാദ്‌ പ്രഖ്യാപനത്തിന്റെയും യുഎൻ സുരക്ഷാസമിതി അംഗീകരിച്ച പ്രമേയങ്ങൾക്കും അനുസൃതമായി ഗൾഫ്‌ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക്‌ ഖത്തറിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്‌ ഇക്കാര്യം ചർച്ചചെയ്യാൻ ചേർന്ന വിദേശകാര്യമന്ത്രിതല യോഗത്തിൽ അൽ മുറൈഖി വ്യക്‌തമാക്കി. യെമനിലേക്ക്‌ ഖത്തർ നേരിട്ടും ജിസിസി സഖ്യകക്ഷികൾ മുഖാന്തരവും ജീവകാരുണ്യ സഹായങ്ങൾ തുടർന്നുമെത്തിക്കും. യെമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ അതിന്റെ മൂലകാരണം മനസ്സിലാക്കിയുള്ള നീക്കങ്ങളാണ്‌ വേണ്ടത്‌.

യെമൻ ഭരണകൂടത്തിനെതിരെ ഹൂത്തി വിമതർ ആരംഭിച്ച പോരാട്ടമാണ്‌ പ്രശ്നകാരണം. പ്രസിഡന്റിനെ പുറത്താക്കാൻ വിമതർ ജനവാസ കേന്ദ്രങ്ങൾക്കുനേരേ വലിയ തോതിൽ ഷെല്ലാക്രമണം നടത്തുകയാണ്‌. ഇത്‌ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നു. തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ്‌ ഹൂത്തികൾ നടത്തുന്നത്‌.

കുട്ടികൾക്കുപോലും സൈനികപരിശീലനം നൽകി പോരാട്ടത്തിനിറക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ എല്ലാ വിധത്തിലും തടയുകയുമാണ്‌ ഹൂത്തികൾ ചെയ്യുന്നത്‌. യുഎൻ സുരക്ഷാസമിതിയുടെ 2216-ാം നമ്പർ പ്രമേയത്തിലെ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നതിലൂടെ മാത്രമേ യെമനിലെ പ്രതിസന്ധി പരിഹരിക്കാനാവൂ എന്നും അൽമുറൈഖി പറഞ്ഞു. ജിസിസി വിദേശകാര്യമന്ത്രിമാർ ന്യൂയോർക്കിൽ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ജോൺ കെറിയുമായും ബ്രിട്ടിഷ്‌ വിദേശകാര്യ സെക്രട്ടറി ബോറിസ്‌ ജോൺസണുമായും യെമനിലെ യുഎൻ പ്രത്യേക പ്രതിനിധി ഇസ്‌മായിൽ ഔൽദ്‌ ചെയ്‌ഖ്‌ അഹമ്മദുമായും കൂടിക്കാഴ്‌ച നടത്തി.

ജിസിസി സെക്രട്ടറി ജനറൽ ഡോ. അബ്‌ദുലത്തീഫ്‌ ബിൻ റാഷിദ്‌ അൽസയാനിയും കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു. യെമനിലെ ഇപ്പോഴത്തെ സ്‌ഥിതിഗതികൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി. യുഎൻ സുരക്ഷാസമിതി പ്രമേയത്തിനനുസൃതമായി നാഷണൽ ഡയലോഗ്‌ കോൺഫറൻസിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ ജിസിസി വിദേശകാര്യ മന്ത്രിമാർ ജോൺകെറിയെയും ബോറിസ്‌ ജോൺസണെയും ഇസ്‌മായിൽ ഔൽദിനെയും ധരിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.