Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിഘട്ടം പിന്നിട്ട് പൊതുമാപ്പ്

office സൽവാ റോഡിലെ സേർച്ച് ആൻഡ് ഫോളോ അപ് ഓഫിസ്

ദോഹ ∙ അനധികൃത താമസക്കാർക്കായുള്ള പൊതുമാപ്പിന്റെ കാലാവധിയുടെ പാതിഘട്ടം പിന്നിട്ടപ്പോൾ ആനുകൂല്യം ലഭിച്ചു രാജ്യത്തിനു പുറത്തു പോയത് രണ്ടായിരത്തോളം പേർ. സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ ഒന്നു വരെയുള്ള മൂന്നുമാസത്തേക്കാണ് ഖത്തർ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇനി ഒന്നര മാസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. കാലാവധി തീരുമ്പോഴേക്കും കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പൊതുമാപ്പ് നേടിയവരിൽ കൂടുതൽ പേരും. ഒട്ടേറെ ഇന്ത്യക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലെത്തി. ഏഴുനൂറിലധികം ബംഗ്ലദേശികൾ രാജ്യം വിടാൻ എംബസിയുടെ സഹായം തേടി. 450 ശ്രീലങ്കൻ സ്വദേശികളും 229 നേപ്പാളി സ്വദേശികളും 117 ഇത്യോപ്യക്കാരും 61 ഫിലിപ്പീൻ സ്വദേശികളും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി.

ഇന്ത്യക്കാർ ഉൾപ്പെടെ മറ്റു രാജ്യക്കാരുടെ എണ്ണം കൂടി ഉൾപ്പെടുത്തുമ്പോൾ പൊതുമാപ്പ് തേടിയവരുടെ എണ്ണം രണ്ടായിരത്തോളം വരും. ആറായിരത്തോളം ഇന്ത്യക്കാർ ആനുകൂല്യം ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് ഇന്ത്യൻ എംബസി അധികൃതർ കണക്കാക്കിയിരുന്നത്. എന്നാൽ ഈ ഒഴുക്ക് ഉണ്ടായിട്ടില്ല. ഇതിനോടകം എത്ര ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയെന്നതിൽ എംബസിക്കും കൃത്യമായ വിവരമില്ല. വർഷങ്ങളായി നാട്ടിൽ പോകാതെ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ വിവിധ സംഘടനകളുടെ സഹായത്തോടെ അടുത്തിടെ നാട്ടിലേക്കു മടങ്ങിയിരുന്നു.

വിവിധ ഇന്ത്യൻ സംഘടനകൾ പൊതുമാപ്പ് ആനുകൂല്യം തേടുന്നവരെ സഹായിക്കാനായി ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. മറ്റു രാജ്യക്കാർക്ക് അതാത് എംബസി തന്നെ സഹായം ഒരുക്കുന്നു. പൊതുമാപ്പ് തേടുന്നവർക്കു നേരിട്ടു സൽവാ റോഡിലുള്ള ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിലെത്താമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്കു 12 മുതൽ രാത്രി എട്ടു വരെയാണ് ഓഫിസ് പ്രവർത്തനം. ഇവിടെയെത്തുന്ന എല്ലാവർക്കും ഉദ്യോഗസ്ഥരെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ലഭിക്കും.

മലയാളം, ഹിന്ദി, ഉർദു, തമിഴ് ഉൾപ്പെടെ വിവിധ ഏഷ്യൻ ഭാഷകൾ മാത്രമറിയാവുന്നവരെ സഹായിക്കാനും ഓഫിസുകളിൽ സംവിധാനമുണ്ട്. ഈ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഉദ്യോഗസ്ഥർ ഇവിടെ സഹായത്തിനുണ്ടാകും. അവരുടെ കൈവശമുള്ള രേഖകളുമായി എത്തണം. ഒളിച്ചോടി പോയ തൊഴിലാളികളുടെ പാസ്പോർട്ട് ചില സ്പോൺസർമാർ സെർച്ച് ആൻഡ് ഫോളോ അപ് വിഭാഗത്തിനു കൈമാറാറുണ്ട്. അതിനാൽ പാസ്പോർട്ട് കൈവശമില്ലെങ്കിലും ഇവിടെയെത്തി അന്വേഷിച്ചാൽ ഇതു സംബന്ധിച്ച വിവരം ലഭിക്കും.

പുതിയ തൊഴിൽ നിയമത്തിന് മുന്നോടിയായി പൊതുമാപ്പ്

12 വർഷത്തിനു ശേഷമാണു ഖത്തർ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ഡിസംബർ 14നു പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ, സ്പോൺസർഷിപ് നിയമത്തിനു മുന്നോടിയായാണ് ഖത്തർ പൊതുമാപ്പ് പ്രഖ്യാപിച്ചത്. സ്പോൺസറുടെ പക്കൽ നിന്ന് ഒളിച്ചോടി മറ്റു തൊഴിൽ ചെയ്യുന്നവർ, റസിഡൻസ് വീസയുടെ കാലാവധി കഴിഞ്ഞവർ, കുടുംബത്തെ കൊണ്ടുവന്ന ശേഷം അവരുടെ വീസ പുതുക്കാത്തവർ തുടങ്ങി വിവിധ കാരണങ്ങളാൽ അനധികൃത താമസം നീണ്ടവർക്കാണു നിയമനടപടികളും പിഴയും ഒഴിവാക്കി നാടുവിടാൻ അവസരം ലഭിക്കുന്നത്.

പൊതുമാപ്പ് ലഭിച്ചവർക്കു പുതിയ വീസയിൽ മടങ്ങി വരുന്നതിനു ബുദ്ധിമുട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പാസ്പോർട്ട്, ഐഡി കാർഡ് അല്ലെങ്കിൽ ഖത്തറിൽ എത്തിയപ്പോഴുള്ള വീസയുടെ പകർപ്പ് എന്നിവയാണു മന്ത്രാലയത്തിനു കീഴിലുള്ള സേർച്ച് ആൻഡ് ഫോളോ അപ് വിഭാഗത്തിൽ സമർപ്പിക്കേണ്ടത്. പാസ്പോർട്ട് ഇല്ലാത്തവർ എംബസിയിൽ നിന്നുള്ള അടിയന്തര യാത്രാ രേഖകൾ സമർപ്പിക്കണം. ഇതിനായി 60 റിയാൽ അടച്ച് അപേക്ഷ നൽകണം. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരുടെ അപേക്ഷാ ഫീസ് എംബസി ഒഴിവാക്കുന്നുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.