Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരിൽ അറബിക് അറിയുന്നവർ നിർബന്ധം

ദോഹ ∙ വാണിജ്യസ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ഇടപാടുകാരോട്‌ സംവദിക്കാൻ അറബിക്‌ ഭാഷ അറിയുന്ന ഒരു ജീവനക്കാരനെങ്കിലും ഉണ്ടാകണമെന്നും മന്ത്രാലയവുമായുള്ള കത്തിടപാടുകൾക്ക്‌ അറബിക്‌ ഭാഷ ഉപയോഗിക്കണമെന്നും സാമ്പത്തിക വാണിജ്യമന്ത്രാലയം. ബില്ലുകൾ, ലേബലുകൾ, വിലവിവരം, ആരോഗ്യ മുന്നറിയിപ്പുകൾ, സേവനങ്ങൾ തുടങ്ങിയവ അറബിക്‌ ഭാഷയിലാക്കണമെന്നും നിർദേശമുണ്ട്. ഹോട്ടലുകൾ, കാർ ഷോറൂമുകൾ, സർവീസ്‌, മെയിന്റനൻസ്‌ സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ട്രാവൽ, ടൂറിസം ഏജൻസികൾ തുടങ്ങിയവയ്‌ക്കെല്ലാം അഞ്ചാംനമ്പർ സർക്കുലറിലൂടെ പുതിയ നിർദേശം ബാധകമാക്കി.

കസ്‌റ്റമർ കെയറിലും കോൾ സെന്ററിലും അറബിക്‌ ഭാഷ അറിയാവുന്നവരെ നിയമിക്കുന്നതിനും ബില്ലുകൾ അറബിക്‌ ഭാഷയിലേക്ക്‌ മാറ്റി അച്ചടിക്കുന്നതിനും സർക്കുലറിലെ മറ്റു നിർദേശങ്ങൾ നടപ്പാക്കാനും 2017 മാർച്ച്‌ 31വരെ സമയം അനുവദിച്ചിട്ടുണ്ട്‌. ഉൽപന്ന, സേവന വിവരങ്ങളും ബില്ലുകളും വിദേശഭാഷകളിൽ മാത്രം നൽകുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണു പുതിയ ഉത്തരവ്. ഇടപാടുകൾ സുതാര്യമാക്കാനും ഉപഭോക്‌താക്കൾക്കു കാര്യങ്ങൾ വ്യക്‌തമായി മനസ്സിലാക്കാനും ഈ നിർദേശം സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്‌.

2008ലെ എട്ടാം നമ്പർ ഉപഭോക്‌തൃനിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ എല്ലാ വാണിജ്യസ്‌ഥാപനങ്ങൾക്കും സർക്കുലർ അയച്ചത്‌. ഈ നിയമത്തിലെ ഏഴ്‌, എട്ട്‌, പതിനൊന്ന്‌ അനുച്‌ഛേദങ്ങൾ അനുസരിച്ച്‌ ലേബലുകൾ, ബില്ലുകൾ, മറ്റു പ്രസക്‌തവിവരങ്ങൾ എന്നിവ അറബിക്‌ ഭാഷയിൽ തന്നെയായിരിക്കണമെന്നാണ്‌. ആവശ്യമെങ്കിൽ മറ്റൊരു ഭാഷകൂടി ഉൾപ്പെടുത്താനുള്ള അനുവാദവും ഈ അനുച്‌ഛേദങ്ങളിലുണ്ട്‌.

സാധന, സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും പരസ്യങ്ങളും നൽകുമ്പോൾ അവ രണ്ടാമതൊരു ഭാഷയിൽകൂടി നൽകാൻ ശ്രമിക്കണം. ഉൽപന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറബിക്‌ ഭാഷയിൽ വിശദീകരിക്കാനാവുന്ന ഒരാളെങ്കിലും കസ്‌റ്റമർ കെയർ വിഭാഗത്തിലോ റിസപ്‌ഷൻ ഡെസ്‌കിലോ ഉണ്ടാകണം. ഗാരന്റി, വാറന്റി കരാറുകൾ അറബിക്‌ ഭാഷയിലാവണം. ഒപ്പം ഒരു വിദേശഭാഷയിലും ഇവയുടെ വിവരങ്ങൾ രേഖപ്പെടുത്താമെന്നും സർക്കുലറിലുണ്ട്‌.

ഉൽപന്നങ്ങളുടെ വിൽപനാനന്തരസേവന, ഉപഭോക്‌തൃസേവന-പരാതിപരിഹാര വിഭാഗങ്ങളിൽ അറബിക്‌ ഭാഷ സംസാരിക്കുന്ന ജീവനക്കാരൻ നിർബന്ധമാണ്‌. കാറുകൾ, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ഉപഭോക്‌തൃസാധനങ്ങൾ എന്നിവയുടെ വിതരണക്കാർക്കും ഈ വ്യവസ്‌ഥകളെല്ലാം ബാധകമാക്കി. സർക്കുലറിൽ അനുവദിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാലുടൻ ഇതുസംബന്ധിച്ച്‌ വ്യാപാരസ്‌ഥാപനങ്ങളിൽ പരിശോധന ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.