Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷ്ഗാൽ സേവനങ്ങൾ വേഗത്തിലാക്കാൻ ഇ-സർവീസ്‌ പോർട്ടൽ

website

ദോഹ ∙ പൊതുജനങ്ങൾക്കും കരാറുകാർക്കും പൊതുമരാമത്തുവകുപ്പിന്റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‌ അഷ്‌ഗാൽ ഇ-സർവീസ്‌ പോർട്ടൽ തുടങ്ങി. 23 സേവനങ്ങൾ പോർട്ടലിൽ ലഭ്യമാണെന്നും ഇതിനുപുറമേ അഷ്‌ഗാലിന്റെ വിവിധ അപേക്ഷാഫോമുകൾ സൈറ്റിൽനിന്നു ഡൗൺലോഡ്‌ ചെയ്യുകയും പൂരിപ്പിച്ച്‌ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ഖത്തർ ഇ-സർക്കാർ പദ്ധതി 2020ന്റെ ഭാഗമായാണു പുതിയ പോർട്ടൽ തുടങ്ങിയത്‌.

മൈക്രോസോഫ്‌റ്റിന്റെ സഹകരണത്തോടെയാണ്‌ ഇ-സർവീസ്‌ പോർട്ടൽ രൂപകൽപന ചെയ്‌തത്‌. പോർട്ടലിന്റെ കോൺടാക്‌ട്‌ സെന്റർ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തനനിരതമായിരിക്കും. കോൺടാക്‌ട്‌ സെന്ററിലൂടെയോ വെസ്‌റ്റ്‌ബേയിലും ഹോൾസെയിൽ മാർക്കറ്റിലുമുള്ള ആസ്‌ഥാനങ്ങളിലൂടെയോ ഇടപാടുകാർക്ക്‌ എന്നും എപ്പോഴും അഷ്‌ഗാലിന്റെ സേവനങ്ങൾ ലഭ്യമാവുമെന്ന്‌ അധികൃതർ അറിയിച്ചു. customerzone.ashghal.gov.qa എന്ന അഷ്‌ഗാൽ വെബ്‌സൈറ്റിൽ റജിസ്‌റ്റർ ചെയ്‌താലേ ഇ-പോർട്ടൽ സേവനങ്ങൾ ലഭ്യമാകൂ. പൊതുജനങ്ങൾക്കും കരാറുകാർക്കും പ്രത്യേകാവശ്യങ്ങളാണ്‌ ഉള്ളതെന്നതിനാൽ പോർട്ടലിൽ ഇതിനായി രണ്ടു പ്രത്യേക വിഭാഗങ്ങളുണ്ട്‌.

റോഡുകളുടെ വിഭാഗത്തിൽ 11 സേവനങ്ങളും അഴുക്കുചാൽ വിഭാഗത്തിൽ അഞ്ചു സേവനങ്ങളും അടിസ്‌ഥാന സൗകര്യ വികസന വിഭാഗത്തിൽ മൂന്നു സേവനങ്ങളും പൊതുജനങ്ങൾക്കു ലഭ്യമാണ്‌. പൊതുജനങ്ങൾക്കു പരാതികളും നിർദേശങ്ങളും രേഖപ്പെടുത്താനും വിവരങ്ങൾ ആരായാനും സൗകര്യമുണ്ട്‌. ഇതിനുപുറമേ കരാറുകളുടെ അറിയിപ്പും ലഭിക്കും. അപേക്ഷാഫോമുകളുടെ ഐക്കണിൽ ക്ലിക്‌ ചെയ്‌താൽ അവ ഡൗൺലോഡ്‌ ചെയ്യാം. ഓൺലൈനായി ഇവ പൂരിപ്പിച്ച്‌ ആവശ്യമായ രേഖകൾ അറ്റാച്ച്‌ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യുന്നതിനും സൗകര്യമുണ്ട്‌.

സേവനങ്ങൾ ഇവയാണ്

ഇ-സർവീസ്‌ പോർട്ടലിന്റെ റോഡ്‌ വിഭാഗത്തിൽ പാർക്കിങ്‌ പെർമിറ്റ്‌ (വ്യക്‌തികൾക്കു വീടുകൾക്കു മുന്നിലും വ്യാപാരികൾക്കു സ്‌ഥാപനങ്ങൾക്കു മുന്നിലും), ഇവന്റ്‌സ്‌ പെർമിറ്റ്‌ (ഗതാഗതം തടസ്സപ്പെടുത്താത്തരീതിയിൽ വഴിയോരത്ത്‌ പരിപാടികൾ സംഘടിപ്പിക്കാൻ), നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ്‌ (അപകടത്തിൽപെട്ടവാഹനങ്ങൾ പൊതുമരാമത്തുവകുപ്പിന്റെ വസ്‌തുവകകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അവ വിട്ടുകിട്ടുന്നതിന്‌ ആഭ്യന്തര മന്ത്രാലയത്തിൽ ഹാജരാക്കാൻ) എന്നിവ ഇ- സർവീസ്‌ പോർട്ടലിലൂടെ ലഭിക്കും.

തെരുവുവിളക്കു സ്‌ഥാപിക്കാനും നിലവിലുള്ളവ മാറ്റി സ്‌ഥാപിക്കാനുമുള്ള അപേക്ഷ, സ്‌പീഡ്‌ ഹംപുകളും സൈൻബോർഡുകളും സ്‌ഥാപിക്കാനും മാറ്റിസ്‌ഥാപിക്കാനുമുള്ള അപേക്ഷ എന്നിവയും പൊതുജനങ്ങൾക്കു സമർപ്പിക്കാം. കരാറുകാർക്കു താൽക്കാലിക ഷെഡ്‌ നിർമിക്കുന്നതിനുള്ള പെർമിറ്റ്‌, പ്രാക്‌ടിക്കൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ്‌ (പിസിസി) അപേക്ഷ എന്നിവയും നൽകാം.

അഴുക്കുചാൽ വിഭാഗത്തിൽ കരാറുകാർക്കായുള്ള ഗ്രീസ്‌ ട്രാപ്‌ പെർമിറ്റ്‌, അഴുക്കുവെള്ളവും ഭൂഗർഭജലവും പമ്പുചെയ്‌തു നീക്കുന്നതിനുള്ള പെർമിറ്റ്‌, ടാങ്കർ പെർമിറ്റ്‌ (വ്യക്‌തികൾക്കും കരാറുകാർക്കും) എന്നിവയ്‌ക്കായുള്ള അപേക്ഷകൾ സമർപ്പിക്കാം. അടിസ്‌ഥാന സൗകര്യ വികസന വിഭാഗത്തിൽ പ്ലോട്ട്‌ ഡീമാർക്കേഷൻ, റോഡ്‌ ലെവൽ എൻക്വയറി, വീടുകളിലെ അഴുക്കുവെള്ളം അഴുക്കുചാലുകളിലേക്കു ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ എന്നിവയും നൽകാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.