Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ അണ്വായുധ നിർവ്യാപന ചർച്ചയിൽ ഖത്തർ

ദോഹ ∙ അണ്വായുധ നിർവ്യാപനത്തിനും നിരായുധീകരണത്തിനും യുഎൻ 1995ൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിലെ വീഴ്‌ചകളിൽ ഖത്തറിന്‌ കടുത്ത ആശങ്ക. അണ്വായുധ നിർവ്യാപനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്‌ 13 പ്രായോഗിക നടപടികൾ 2000ൽ പ്രഖ്യാപിച്ചെങ്കിലും അവയിൽ ഒന്നുപോലും പ്രയോഗത്തിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഖത്തർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അണ്വായുധ നിർവ്യാപന നടപടികൾ കൂടുതൽ ഊർജിതമാക്കണമെന്നും ഖത്തർ നിർദേശിച്ചു.

അണ്വായുധങ്ങൾ സമ്പൂർണമായി നശിപ്പിക്കാനുള്ള നിർദേശം ആണവരാഷ്‌ട്രങ്ങൾ മാനിക്കാത്തത്‌ അത്യന്തം ആശങ്കാജനകമാണെന്നും യുഎൻ പൊതുസഭയിൽ ആണവായുധനിർവ്യാപനം സംബന്ധിച്ചു നടന്ന ചർച്ചയിൽ സംസാരിക്കവേ ഖത്തർ പ്രതിനിധി സംഘാംഗം അബ്‌ദുൽഅസിസ്‌ ഹമദാൻ അൽഅഹമ്മദ്‌ ചൂണ്ടിക്കാട്ടി. ഈ ദിശയിൽ ഇതുവരെ നടന്ന നീക്കങ്ങളെ ഖത്തർ അഭിനന്ദിക്കുന്നു. എന്നാൽ മനുഷ്യരാശിക്ക്‌ അണ്വായുധങ്ങൾ ഉയർത്തുന്ന ഭീഷണി കണക്കിലെടുക്കുമ്പോൾ ഇതുവരെ കൈക്കൊണ്ട നടപടികൾ തികച്ചും അപര്യാപ്‌തമാണെന്ന്‌ വ്യക്‌തമാകും.

അതിനാൽ അണ്വായുധ നിർവ്യാപന ഉടമ്പടിയിലെ ആറാം അനുച്‌ഛേദം നടപ്പാക്കുന്നതിനുള്ള ചർച്ചകൾ എത്രയും വേഗം ആരംഭിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും മുന്നോട്ടുവരണമെന്ന്‌ അൽഅഹമ്മദ്‌ ആവശ്യപ്പെട്ടു. രാജ്യാന്തരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളാണ്‌ ആണവ നിരായുധീകരണവും അണ്വായുധ നിർവ്യാപനവും. ആണവായുധങ്ങൾ ഇനിയും നിലനിർത്തുന്നത്‌ ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും സ്‌ഥിരതയ്‌ക്കും വലിയ ഭീഷണിയായി മാറുമെന്നും സാമൂഹിക, സാമ്പത്തിക വികസനത്തിന്‌ ആണവനിരായുധീകരണം അത്യാവശ്യമാണെന്നും അൽഅഹമ്മദ്‌ പറഞ്ഞു.

നിരായുധീകരണംപോലെ, അണ്വായുധ നിർവ്യാപനശ്രമങ്ങളും സ്‌തംഭിച്ചിരിക്കുകയാണ്‌. അതിനാൽ അണ്വായുധ വിമുക്‌തമായ ഒരു ലോകത്തിനായി കൂടുതൽ ശ്രമം എല്ലാ അംഗരാജ്യങ്ങളുടേയും ഭാഗത്തുനിന്നുണ്ടാകണം. അണ്വായുധവ്യാപനം മധ്യപൗരസ്‌ത്യമേഖലയെ ഏറ്റവും ഭീതിയിലാഴ്‌ത്തുന്ന കാര്യമാണ്‌. ഭീകരസംഘടനകളുടെ പക്കൽ ആണവായുധങ്ങൾ എത്തിപ്പെട്ടാൽ അത്‌ മാനവരാശിക്കുതന്നെ മഹാവിപത്തായി മാറും.

അതിനാൽ മധ്യപൗരസ്‌ത്യമേഖലയെ ആണ്വായുധ നിർമുക്‌തമാക്കി നിലനിർത്തണം. അണ്വായുധ നിർമുക്‌തമേഖലകൾ (എൻഡബ്ല്യുഎഫ്‌ഇസഡ്‌) എന്നത്‌ എൻപിടി കരാറിലെ നാലാംതൂണായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എന്നാൽ ആണവ നിരായുധീകരണം അവലോകനം ചെയ്യാൻ കഴിഞ്ഞവർഷം ചേർന്ന യോഗത്തിനും ആണവ നിർമുക്‌തമേഖലകൾ സൃഷ്‌ടിക്കുന്നതിൽ കാര്യമായ ഒരു പുരോഗതിയും കൈവരിക്കാനായില്ലെന്നും ഇതിൽ ഖത്തറിന്‌ തികഞ്ഞ നിരാശയാണുള്ളതെന്നും അൽഅഹമ്മദ്‌ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.