Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവദാന ഗവേഷണത്തിന്‌ ക്യുഎൻആർപി ധനസഹായം

ദോഹ ∙ ഖത്തറിലെ അവയവദാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച്‌ എച്ച്‌എംസി ട്രോമ ആൻഡ്‌ സർജറി വിഭാഗം നടത്തുന്ന ഗവേഷണത്തിന് ഖത്തർ നാഷണൽ റിസർച്ച്‌ ഫൗണ്ടേഷൻ (ക്യുഎൻആർപി) ധനസഹായം പ്രഖ്യാപിച്ചു. വികസനാസൂത്രണ സ്‌ഥിതിവിവരക്കണക്കു മന്ത്രാലയ(എംഡിപിഎസ്‌)വുമായി സഹകരിച്ചാണ്‌ എച്ച്‌എംസിയിലെ ഡോക്‌ടർമാർ ഈ വിഷയത്തിൽ പഠനം നടത്തുന്നത്‌. സ്വദേശികളെയും പ്രവാസികളെയും അവയവദാനത്തിൽ വിമുഖരാക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്നു മനസ്സിലാക്കുകയാണു ഗവേഷണത്തിന്റെ ലക്ഷ്യം.

മൂന്നുവർഷമാണു ഗവേഷണ കാലാവധി. ഗവേഷണത്തിനാവശ്യമായ വിവരങ്ങൾ സമാഹരിക്കുന്നതിന്‌ എംഡിപിഎസ്‌ മുഖാന്തരം എച്ച്‌എംസി വനിതാ സർവേയർമാരെ നിയമിച്ചിട്ടുണ്ട്‌. ഇവർ കഴിഞ്ഞദിവസം മുതൽ വീടുകൾ സന്ദർശിച്ച്‌ വിവരശേഖരണം തുടങ്ങി. വിവരശേഖരണം ഒക്‌ടോബർ അവസാനംവരെ നീളും.

ട്രോമ, വാസ്‌കുലർ ശസ്‌ത്രക്രിയാവിഭാഗം മേധാവി ഡോ. ഹസൻ അൽതാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണം നടത്തുന്നത്‌. ഹമദ്‌ ജനറലാശുപത്രി മെഡി.ഡയറക്‌ടർ ഡോ യൂസഫ്‌ അൽമസ്‌ലാമനി, ജനറൽ ആശുപത്രി ട്രോമ ക്ലിനിക്കൽ റിസർച്ച്‌ കൺസൾട്ടന്റ്‌ ഡോ. അയ്‌മാൻ എൽമെന്യാർ, ഹാർട്ട്‌ ഹോസ്‌പിറ്റൽ സീനിയർ കൺസൾട്ടന്റ്‌ ഡോ രാജ്‌വീർ സിങ്‌ എന്നിവരാണ് സഹഗവേഷകർ.

രാജ്യത്ത്‌ ഇതാദ്യമായാണ്‌ ഈ വിഷയത്തിൽ വീടുകളിൽനിന്നു വിവരശേഖരണം നടത്തുന്നത്‌. വളരെ വൈകാരികമായ വിഷയമായതിനാൽ അതീവശ്രദ്ധയോടെയാണ് ഗവേഷകർ വിവരശേഖരണം നടത്തുകയെന്ന്‌ എച്ച്‌എംസി അധികൃതർ വ്യക്‌തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.