Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസ്‌ഥിര വളർച്ചയ്‌ക്ക്‌ ഇനി സ്വകാര്യമേഖല

ദോഹ ∙ ഖത്തർ പെട്രോളിയം, പ്രകൃതിവാതക സമ്പത്തിനെ കൂടുതൽ സുസ്‌ഥിരമായ ധനാഗമ മാർഗങ്ങൾക്കായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന്‌ ബോസ്‌റ്റൺ കൺസൽറ്റിങ്‌ ഗ്രൂപ്പ് (ബിസിജി). 163 രാജ്യങ്ങളെ ഉൾപ്പെടുത്തി ബിസിജി തയാറാക്കിയ സുസ്‌ഥിര സാമ്പത്തിക വികസന വിശകലന റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌.

പൊതുക്ഷേമത്തിന്‌ സ്വകാര്യമേഖല വഹിക്കുന്ന പങ്കു സംബന്ധിച്ച്‌ ഇത്തവണത്തെ റിപ്പോർട്ടിൽ നൂറിൽ 77 പോയിന്റാണ്‌ ഖത്തറിന്‌ നൽകിയിരിക്കുന്നത്‌. കഴിഞ്ഞതവണ ഖത്തറിന്‌ ലഭിച്ചത്‌ 78.6 പോയിന്റായിരുന്നു.

ആരോഗ്യം, പൊതുഭരണം, പരിസ്‌ഥിതി തുടങ്ങി പത്തു വ്യത്യസ്‌ത ഘടകങ്ങൾ അടിസ്‌ഥാനപ്പെടുത്തിയാണ്‌ ബിസിജി ഓരോ രാജ്യത്തിന്റെയും സാമ്പത്തികസ്‌ഥിതി വിലയിരുത്തുന്നത്‌. ജൂലൈയിൽ ബിസി ഗ്രൂപ്പ് പഠനം പൂർത്തിയാക്കിയിരുന്നെങ്കിലും ഖത്തറിന്റെ സാമ്പത്തിക വിശകലനം സംബന്ധിച്ച റിപ്പോർട്ട്‌ കഴിഞ്ഞ ദിവസമാണ്‌ പുറത്തുവിട്ടത്‌.

കഴിഞ്ഞവർഷം ഖത്തറായിരുന്നു മേഖലയിൽ മുന്നിട്ടുനിന്നിരുന്നതെങ്കിലും ഇത്തവണ യുഎഇയും ഖത്തറും ഒപ്പത്തിനൊപ്പമാണ്‌. സൗദി അറേബ്യ(71.1), കുവൈത്ത്‌(70.2), ബഹ്‌റൈൻ(70.1), ഒമാൻ(65.4) എന്നിങ്ങനെയാണ്‌ മറ്റു ജിസിസി രാജ്യങ്ങളുടെ പോയിന്റ്‌.

റിപ്പോർട്ടിൽ യൂറോപ്യൻ രാജ്യങ്ങളായ നോർവേ, ഫിൻലൻഡ്‌, ഡെൻമാർക്ക്‌ എന്നിവയാണ്‌ ആദ്യസ്‌ഥാനങ്ങളിൽ. വരുമാനം, പൊതുഭരണം എന്നീ വിഭാഗങ്ങളിൽ മറ്റു രാജ്യങ്ങളേക്കാൾ മികച്ച സ്‌കോറിലാണ്‌ ഖത്തർ. അഴിമതി, അക്രമം എന്നിവ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായ ഖത്തർ നിയമവാഴ്‌ചയുടെ കാര്യത്തിലും ഏറെ മുമ്പിലാണ്‌. എന്നാൽ പല എണ്ണയുൽപാദക രാജ്യങ്ങളെയും പോലെ ഖത്തറും ഭാവി സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിൽ പിന്നിലാണെന്ന്‌ റിപ്പോർട്ട്‌ വിലയിരുത്തുന്നു. ഉന്നതവിദ്യാഭ്യാസം, പരിസ്‌ഥിതി സംരക്ഷണം തുടങ്ങിയ മേഖലകൾ ഉദാഹരണം. കഴിഞ്ഞ ആഴ്‌ച ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ട്‌ ഖത്തറിലെ വായുമലിനീകരണത്തോത്‌ ജനങ്ങളുടെ ആരോഗ്യത്തിന്‌ അപകടകരമാംവിധം ഉയർന്നതാണെന്ന്‌ വ്യക്‌തമാക്കുന്നു.

ഇപ്പോഴുള്ള നേട്ടങ്ങൾ ഭാവിയിലും നിലനിർത്താൻ സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന്‌ ബോസ്‌റ്റൺ കൺസൽറ്റിങ്‌ റിപ്പോർട്ട്‌ വ്യക്‌തമാക്കുന്നു. ഇതിനുള്ള ശ്രമങ്ങൾ ഖത്തർ തുടങ്ങിയിട്ടുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന്‌ ലോകസാമ്പത്തികഫോറം കഴിഞ്ഞയാഴ്‌ച പുറത്തുവിട്ട സാമ്പത്തിക മത്സരമതാക്ഷമതാ റിപ്പോർട്ടിലും പറയുന്നുണ്ട്‌. പൗരന്മാരുടെ മാത്രമല്ല, പ്രവാസികളുടെയും അഭിവൃദ്ധിക്ക്‌ നടപടിയുണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.