Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമി തേടി ബ്ലെസി

blessy

ദോഹ ∙ പ്രവാസി ജീവിതത്തിന്റെ കാഠിന്യവും നിസ്സഹായതയും വരച്ചു കാട്ടിയ ബെന്യാമിന്റെ ‘ആടുജീവിത’ത്തിനു ദൃശ്യഭാഷ ഒരുക്കുകയെന്ന സ്വപ്ന പദ്ധതിയിലാണിപ്പോൾ പ്രശസ്ത സംവിധായകൻ ബ്ളെസി. അതിജീവനത്തിന്റെ മനുഷ്യരൂപമായി മലയാളിയെ വിഭ്രമിപ്പിച്ച നജീബായി വേഷമിടുന്നത് പൃഥ്വിരാജാണ്. രാജ്യാന്തര പ്രശസ്തരായ ടെക്നീഷ്യന്മാരും സിനിമയോടു സഹകരിക്കും.

മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിലായി ത്രിഡി ചിത്രമായാണ് ‘ആടുജീവിതം’ ഒരുക്കുക. രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രോജക്ടായാണ് ഇതിനെ ബ്ളെസി കാണുന്നത്. പദ്ധതിയെ കുറിച്ചുള്ള പൂർണ വിവരങ്ങൾ പുറത്തു വിടാനുള്ള സമയം ആയിട്ടില്ലെന്നു ബ്ളെസി പറയുന്നു. അടുത്ത ജൂൺ, ജൂലൈ മാസത്തിലേക്കു തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ.

മറ്റൊരാളുടെ കഥയിൽ ബ്ളെസി ആദ്യമായി എടുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്ളെസി തന്നെയാണു തിരക്കഥ. തിരുവല്ല മാർത്തോമ്മാ കോളജ് അലംനൈ അസോസിയേഷൻ രജത ജൂബിലി ഉദ്ഘാടനം ചെയ്യാൻ ദോഹയിൽ എത്തിയ ബ്ളെസിക്കു മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്. ആടുജീവിതത്തിലേതു പോലെ ഭീകരത തോന്നിപ്പിക്കുന്ന മരുഭൂമിക്കു പറ്റിയ ലൊക്കേഷൻ ഖത്തറിലുണ്ടോ എന്നു നോക്കുക.

ദൃശ്യപരമായ വെല്ലുവിളി

‘ആടുജീവിതം’ പോലെ ഇത്രയധികം വായിക്കപ്പെട്ട നോവൽ ദൃശ്യവൽക്കരിക്കുന്നത് വെല്ലുവിളിയാണെന്നു ബ്ളെസി പറയുന്നു. നോവൽ വായിക്കുമ്പോൾ തന്നെ ഓരോരുത്തരുടെയും മനസ്സിൽ ഒരു ദൃശ്യം രൂപപ്പെട്ടു കഴിയും. അതിന്റെ തീവ്രത വായനക്കാരനിലുണ്ട്. ഒരോ വായനക്കാരന്റെ മനസ്സിലും സൃഷ്ടിക്കപ്പെട്ട ബിംബം ഉടയ്ക്കുകയും അതിനു മുകളിൽ ദൃശ്യപരമായ സാധ്യത കൊടുക്കുകയും ചെയ്യുക എന്നതാണു തന്റെ സ്വപ്നം. ദൃശ്യം എങ്ങനെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു എന്നതാണു വെല്ലുവിളി. വളരെയധികം സമർപ്പണം വേണ്ട ചിത്രമാണിത്. നജീബായി വേഷമിടുന്ന പൃഥ്വിരാജിന് കുറഞ്ഞത് 150 ദിവസത്തെ പ്രയത്നമെങ്കിലും ചിത്രത്തിനായി ഉണ്ടാകണം.

ഒരു ഘട്ടത്തിൽ നിന്നു മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റം വളരെ പ്രധാനമാണ്. പ്രവാസ ജീവിതം കഴിഞ്ഞിട്ട് എത്തുന്ന നജീബിനു രൂപമാറ്റം തന്നെയുണ്ടാകും. ഇതൊക്കെ സമയമെടുത്തു വേണം ചിത്രീകരിക്കാൻ. നോവലിലേതു പോലെ ഭീതിപ്പെടുത്തുന്ന വിസ്തൃതിയുള്ള മരുഭൂമി കണ്ടെത്താനാണു ശ്രമം. ഓരോ രാജ്യത്തെയും മരുഭൂമികൾക്കു വ്യത്യാസമുണ്ട്. ഖത്തറിൽ നിരപ്പായ മരുഭൂമികൾക്കൊപ്പം മണൽക്കൂനകളുമുണ്ട്. മണൽക്കൂനകൾക്കു മാത്രമാണു മഞ്ഞ നിറം. എന്നാൽ ഭീതി പകരുന്ന അന്തരീക്ഷം അവിടെ കാണാനില്ല. മികച്ച ലൊക്കേഷനുകൾക്കായുള്ള തിരച്ചിൽ ഈ യാത്രയിലും തുടരും.

നജീബിന്റെ മാറ്റങ്ങൾ

നോവലിന്റെ അതേ ചിത്രീകരണമാകില്ല സിനിമ. നജീബിന്റെ ശാരീരിക, മാനസിക മാറ്റങ്ങളെ കുറിച്ചു നോവലിൽ കാര്യമായി പറയുന്നില്ല. സിനിമയിൽ പക്ഷേ ഇതിനു പ്രാധാന്യമുണ്ട്. ആദ്യം കാണുന്ന നജീബിൽ നിന്നു സംഭവങ്ങളുടെ വികാസം അനുസരിച്ചു ശാരീരികമായ മാറ്റങ്ങളും ഉൾപ്പെടുന്നു. മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകൾ അനുസരിച്ചാണ് അവന്റെ സ്വഭാവം മാറ്റപ്പെടുന്നത്.

മൃഗങ്ങളോടൊത്തുള്ള നജീബിന്റെ ജീവിതത്തിൽ ശരീരത്തിൽ മാത്രമല്ല മനസ്സിനും മാറ്റം വരണം. സഹവർത്തിത്വത്തിൽ നിന്നുള്ള സ്വഭാവ മാറ്റം. ഇവ കൂടി ആവിഷ്കരിച്ചു നജീബിന്റെ കഥാപാത്രത്തിന് കൂടുതൽ സമഗ്രത നൽകും. വളരെ വ്യത്യസ്തമായ പ്രോജക്ടായാണ് ‘ആടുജീവിതം’ ചെയ്യാൻ ശ്രമിക്കുന്നത്. ബെന്യാമിനുമായി ഒട്ടേറെ ചർച്ചകൾ കഴിഞ്ഞു.

ക്രിസോസ്റ്റം ബയോഗ്രഫി

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കുറിച്ചുള്ള ബയോഗ്രഫി ചിത്രീകരണത്തിന്റെ തിരക്കിലാണിപ്പോൾ. ഒരു വ്യക്തിയെ കുറിച്ച് ഇത്രയും വിശദമായി ചിത്രീകരിച്ച ബയോഗ്രഫികൾ കുറവാണ്. മാർ ക്രിസോസ്റ്റത്തിന്റെ നൂറാം പിറന്നാൾ സമ്മാനമായാണ് ഇതു പൂർത്തിയാക്കുക. ക്രൈസ്തവ സഭാ ചരിത്രം കൂടി ഇതിന്റെ ഭാഗമാകും.

കഴിഞ്ഞ ദിവസം തിരുമേനിയുമായി കോഴിക്കോട്ട് പോയി എംടി, പി.ടി. ഉഷ, സമദാനി, വീരേന്ദ്രകുമാർ, അജിത തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ ചിത്രീകരിച്ചു. നരേന്ദ്ര മോദി ഉൾപ്പെടെ പ്രശസ്തരും അപ്രശസ്തരുമായ നൂറു പേർ അനുഭവങ്ങൾ പങ്കുവയ്ക്കും. തിരുമേനിയുടെ നൂറു ദിവസത്തെ ചിന്തകൾ, തിരുമേനി പറഞ്ഞ കഥകളുടെ കാർട്ടൂൺ ചിത്രീകരണം ഇങ്ങനെ പല തലത്തിലാണു ബയോഗ്രഫിയുടെ ചിത്രീകരണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.