Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിക്കൂട്ടിലെ ഇടിവെട്ട് താരമാകാൻ ഖത്തറിന്റെ ഷെയ്ഖ് അൽതാനി

boxing ഷെയ്ഖ് ഫഹദ് ബിൻ ഖാലിദ് അൽതാനി.

ദോഹ ∙ ഖലീഫ സ്റ്റേഡ‍ിയം പോലെ വലിയൊരു വേദിയിൽ സ്വന്തം നാട്ടുകാർക്കു മുന്നിൽ ഇടിക്കൂട്ടിൽ എതിരാളിയെ തകർക്കുക സ്വപ്നം കാണുകയാണ് ഖത്തറിൽനിന്നുള്ള ആദ്യ പ്രഫഷനൽ ബോക്സിങ് താരവും രാജകുടുംബാംഗവുമായ ഷെയ്ഖ് ഫഹദ് ബിൻ ഖാലിദ് അൽതാനി. രാജ്യത്തെ ആദ്യ പ്രഫഷനൽ ബോക്സറാകുക എന്നതു വലിയ നേട്ടമാണ്. കായിക വേദികളുടെ രാജ്യമായി പേരെടുക്കുന്ന ഖത്തറിനായി മൽസരിക്കുക അഭിമാനകരമാണ്.

എന്നാൽ സ്വന്തം നാട്ടിൽത്തന്നെ മൽസരിക്കുന്നതിൽ പ്രത്യേകതയുണ്ടെന്നും അദ്ദേഹം സുപ്രീം കമ്മിറ്റിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഖത്തർ രാജകുടുംബം പ്രഫഷനൽ ബോക്സിങ് രംഗത്തെത്തിയതു രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അമേച്വർ ബോക്സറായി നാൽപതിലധികം മൽസരങ്ങളിൽ പങ്കെടുത്തശേഷമാണു പ്രഫഷനൽ ബോക്സിങ് രംഗത്തേക്കു തിരിഞ്ഞത്. ഖത്തർ ദേശീയ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തു.

ലണ്ടനിൽ പഠനത്തിനിടെയാണു ബോക്സിങ് ഗൗരവമായി എടുത്തത്. പ്രമുഖ ബോക്സറായ ജോർജ് ലിനാറസിനൊപ്പം ലാസ്‌വെഗാസിലാണിപ്പോൾ പ്രധാന പരിശീലനം. കഴിഞ്ഞ രണ്ടു പ്രഫഷനൽ ബോക്സിങ് മൽസരങ്ങളിൽ ഷെയ്ഖ് ഫഹദ് അൽതാനി വിജയിച്ചു. ആദ്യമൽസരം ലണ്ടനിലും രണ്ടാമതു മൽസരം സ്പെയിനിലെ ഒവീഡോയിലായിരുന്നു. ‘പാന്തർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇരുപത്തിയെട്ടുകാരനായ യുവാവ് പ്രഫഷനൽ ബോക്സിങ് രംഗത്തെ പുതുതാരമാണ്. വിദ്യാർഥിയായിരിക്കുമ്പോൾ ദോഹ ജൂനിയർ ടീം ഗോൾ കീപ്പറായിരുന്നു ഷെയ്ഖ് ഫഹദ്.

സ്പെയിനിലെ ബോക്സിങ് മൽസരത്തിനു മുമ്പായി ഇക്കാര്യം പറഞ്ഞതോടെ കാണികൾ തന്റെ പക്ഷത്തായെന്ന് അദ്ദേഹം പറയുന്നു. പ്രമോട്ടറുടെ ആശയമായിരുന്നു തന്റെ ഫുട്ബോൾ താൽപര്യം വേദിയിൽ വെളിപ്പെടുത്തുകയെന്നത്. പ്രാദേശിക ഫുട്ബോൾ ടീമായ റീയൽ ഒവീഡോയുടെ ഷർട്ടുമണിഞ്ഞാണു റിങ്ങിലേക്കെത്തിയത്. ഇതിനോടു കാണികൾ ആവേശകരമായാണു പ്രതികരിച്ചത്. ഫുട്ബോളിനോടു പണ്ടേ വലിയ ഇഷ്ടമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇഷ്ട ടീം. 2002ലെ ബ്രസീൽ ടീമിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തു വർഷം കൊണ്ടാണ് അദ്ദേഹം പ്രഫഷനൽ ബോക്സിങ് രംഗത്തെത്തിയത്. ഖത്തറിന്റെ കായിക താൽപര്യമാണു തന്റെ ഉയർച്ചയുടെ പിന്നിൽ. വിഖ്യാതതാരം മുഹമ്മദലി 1973ൽ ദോഹയിൽ ഏറ്റുമുട്ടിയതിന്റെ വിഡിയോ ചിത്രങ്ങൾ എത്രയോ തവണ കണ്ടു. എന്നും അദ്ദേഹം തനിക്കു പ്രചോദനമാണ്. അറബ് മേഖലയിൽ നിന്ന് ഒട്ടേറെ ചെറുപ്പക്കാർ ബോക്സിങ്ങിനോടു താൽപര്യം പുലർത്തുന്നു. തന്റെ മൽസരങ്ങൾ ഇവർക്കു കൂടുതൽ പ്രചോദനം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.