Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ 50 നടപ്പാലങ്ങൾ ഉടൻ നിർമിക്കും

bridge

ദോഹ ∙ രാജ്യത്ത്‌ 50 നടപ്പാലങ്ങളുടെ രൂപരേഖ തയാറാക്കി നിർമാണ ഏജൻസികൾക്ക് കൈമാറിയതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിലെ റോഡ്‌ ഗതാഗത ആസൂത്രണ വിഭാഗം സെൻട്രൽ മുൻസിപ്പൽ കൗൺസിൽ യോഗത്തെ അറിയിച്ചു. നടപ്പാലങ്ങളെക്കുറിച്ച്‌ അഷ്‌ഗാൽ, നഗരസഭ പരിസ്‌ഥിതി മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയുമായി സഹകരിച്ച്‌ റോഡ്‌ ഗതാഗത ആസൂത്രണ വിഭാഗം ഏതാനും മാസങ്ങളായി വിശദപഠനം നടത്തിവരികയാണ്‌.

ഈ വർഷാവസാനത്തോടെ പഠനം പൂർത്തിയാക്കുമെന്ന് അധികൃതർ സിഎംസി യോഗത്തെ അറിയിച്ചു. സുരക്ഷിതമായി റോഡുകൾ മുറിച്ചുകടക്കുന്നതിനു രാജ്യാന്തര മാനദണ്ഡമനുസരിച്ചാണു പുതിയ നടപ്പാലങ്ങൾ നിർമിക്കുക. രാജ്യത്തെ എല്ലാ പ്രധാന കവലകളിലും സാധാരണക്കാർക്കും അംഗപരിമിതർക്കും സുരക്ഷിതമായും സുഗമമായും പാത മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുമെന്നും ഉദ്യോഗസ്‌ഥർ യോഗത്തെ അറിയിച്ചു.

അപകടരഹിതമായി റോഡു മുറിച്ചുകടക്കാൻ മേൽപാലങ്ങൾക്കു പുറമേ ചില സ്‌ഥലങ്ങളിൽ അടിപ്പാതകളും (അണ്ടർപാസേജ്‌) നിർമിക്കുന്നുണ്ട്‌. ഖത്തറിലെ പ്രമുഖ റോഡുകളിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 242 മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണ്‌ അധികൃതർ ലക്ഷ്യമിടുന്നത്‌. 18 മേൽപാലങ്ങൾ പൂർണമായും എയർകണ്ടീഷൻ ചെയ്‌താവും തുറന്നുകൊടുക്കുക. അൽ റയ്യാൻ റോഡ്‌, അൽ ഷമാൽ റോഡ്‌, സൽവറോഡ്‌, സെൻട്രൽ മാർക്കറ്റ്‌, കോർണിഷ്‌, റമദ സിഗ്നലിനു പടിഞ്ഞാറുഭാഗം എന്നിവിടങ്ങളിലൊക്കെ മേൽപാലങ്ങൾ വരും.

ദോഹ മെട്രോയുടെ റെഡ്‌, ഗ്രീൻ, ഗോൾഡ്‌ ലൈനുകളിലെ സ്‌റ്റേഷനുകളോടു ചേർന്നാണ്‌ അടിപ്പാതകൾ നിർമിക്കുക. പൊതുമരാമത്തു വകുപ്പായ അഷ്‌ഗാലിനാണ്‌ നിർമാണ ചുമതല. രാജ്യത്തെ എല്ലാ പ്രധാന കവലകളിലും ഫ്ലാഷ്‌ ലൈറ്റുകളോടുകൂടിയ സീബ്രാക്രോസിങ് സജ്‌ജമാക്കാനും നീക്കമുണ്ട്‌. നിലവിൽ താനി ബിൻ ജാസിമിലും ജസീറ അൽ അറേബ്യ ഇന്റർസെക്‌ഷനിലുമാണ്‌ ഫ്ലാഷ്‌ ലൈറ്റ്‌ ക്രോസിങ്‌ ഉള്ളത്‌.

ട്രാഫിക്‌ വിഭാഗം, നഗരസഭ, നഗരാസൂത്രണ മന്ത്രാലയം, ഖത്തർ യൂണിവേഴ്‌സിറ്റി, ദേശീയ റോഡ്‌ സുരക്ഷാ സമിതി, ഹമദ്‌ മെഡിക്കൽ കോർപറേഷൻ എന്നിവയും നടപ്പാല നിർമാണവുമായി സഹകരിക്കുന്നുണ്ട്‌. ഇതിനുപുറമെ രാജ്യത്ത്‌ എവിടെങ്കിലും പുതിയ നടപ്പാലങ്ങൾ ആവശ്യമുണ്ടോ എന്ന കാര്യവും സമിതി പരിഗണിക്കുന്നുണ്ടെന്ന്‌ റോഡ്‌ ഗതാഗത ആസൂത്രണവിഭാഗം യോഗത്തെ അറിയിച്ചു. സിഎംസി എട്ടാംനമ്പർ മണ്ഡലത്തിലെ കൗൺസിലർ ഷെയ്‌ഖ ബിൻത്‌ യൂസഫ്‌ അൽജുഫൈരി ആണ്‌ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്‌.

റോഡ് കവരുന്നത് ഏറെയും കാൽനട യാത്രക്കാരുടെ ജീവൻ

റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 30 ശതമാനവും ഗുരുതരമായി പരുക്കേൽക്കുന്നവരിൽ കൂടുതലും കാൽനടക്കാരാണ്. വാഹനങ്ങളുടെ അമിതവേഗം, വെളിച്ചക്കുറവ്, കാൽനടക്കാരുടെ അശ്രദ്ധ വരെ ഇതിനു കാരണമാകുന്നുണ്ട്‌. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ട്രാഫിക്‌ ഡയറക്‌ടർ തലവനായി പ്രത്യേകസമിതി രൂപീകരിച്ചിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.