Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദ ബോധവൽക്കരണം: നാലു മാളുകളിൽ ബൂത്ത്

phcc

ദോഹ ∙ പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷന്റെ (പിഎച്ച്‌സിസി) നേതൃത്വത്തിൽ നടക്കുന്ന സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി നാലു മാളുകളിൽ ആക്ടിവേഷൻ ബൂത്തുകൾ സ്ഥാപിച്ചു. സ്‌തനാർബുദം തുടക്കത്തിലേ കണ്ടുപിടിക്കുന്നതിനായാണു ലോകമൊട്ടാകെ ഒരുമാസം നീളുന്ന ബോധവൽക്കരണ ക്യാംപ്‌ ഈ മാസം സംഘടിപ്പിക്കുന്നത്. ഖത്തറിൽ സ്‌തനാർബുദം കൂടുന്ന സാഹചര്യത്തിലാണ്‌ നാലു മാളുകൾ കേന്ദ്രീകരിച്ചു ക്യാംപുകൾ നടത്തുന്നതെന്നു പിഎച്ച്‌സിസി കാൻസർ പ്രോഗ്രാം മാനേജർ ഡോ. ഷെയ്‌ഖ അബു ഷെയ്‌ഖ പറഞ്ഞു.

ആദ്യ രണ്ട് ആഴ്ചകളിൽ എസ്ദാൻ മാൾ, ഗൾഫ് മാൾ എന്നിവിടങ്ങളിലായിരുന്നു ബോധവൽക്കരണ ബൂത്ത്. ഇനി ലാൻഡ്മാർക്, വില്ലേജിയോ മാളുകളിൽ ആക്ടിവേഷൻ ബൂത്തുകൾ സ്ഥാപിക്കും. പിഎച്ച്സിസി എജ്യൂക്കേഷനൽ ടീമുകൾ സ്തനാർബുദത്തെ കുറിച്ചു വിശദമാക്കാൻ ബൂത്തുകളിലുണ്ടാകും. പരിശോധന നടത്തുന്നതിനു വേണ്ട മാർഗനിർദേശങ്ങളും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കു പിഎച്ച്സിസി കാൻസർ സ്ക്രീനിങ് സെന്ററിൽ പരിശോധന നടത്തുന്നതിനു റജിസ്ട്രേഷനും ബൂത്തിൽ ചെയ്തു നൽകും.

2014ൽ നടത്തിയ പഠനമനുസരിച്ചു ഖത്തറിലെ ആകെ കാൻസർ രോഗികളിൽ 17.42% സ്‌തനാർബുദക്കാരാണ്‌. 10.55% പേർക്ക്‌ ഉദരാർബുദമാണ്‌. ഖത്തറിലെ സ്‌തനാർബുദ രോഗികളിൽ 16.2 ശതമാനവും 45-49 പ്രായക്കാരാണ്‌. ഉദര, സ്‌തനാർബുദങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള ‘സ്‌ക്രീൻ ഫോർ ലൈഫ്‌’ പരിശോധനയ്ക്കു പിഎച്ച്സിസി ഈ വർഷമാദ്യം തുടക്കം കുറിച്ചിരുന്നു. ഒൻപതുമാസം കൊണ്ട് നാലായിരത്തി അഞ്ഞൂറോളം പേരെ പരിശോധിക്കുകയും ചെയ്തു.

അൽവക്ര, ലിയാബൈബ്‌ പിഎച്ച്‌സികളിലും മൊബൈൽ സ്‌ക്രീനിങ്‌ യൂണിറ്റുകളിലുമാണ്‌ പരിശോധനയ്ക്കു സൗകര്യമുള്ളത്‌. 45-69 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്കു സ്‌തനാർബുദ പരിശോധനയ്ക്കും 50-74 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ ഉദരാർബുദ പരിശോധനയ്‌ക്കും റജിസ്‌റ്റർ ചെയ്യാം. 8001112 എന്ന നമ്പറിൽ വിളിച്ചാൽ അപ്പോയ്‌മെന്റ്‌ ലഭിക്കും. ഊർജിത ബോധവൽക്കരണമാണ്‌ ഇക്കാര്യത്തിൽ തങ്ങൾ നടത്തുന്നതെന്നും വർഷം മുഴുവൻ പരിശോധനയ്‌ക്കു സൗകര്യമുണ്ടെന്നും ഡോ. ഷെയ്‌ഖ അബു പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.