Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌കൂൾ കന്റീനുകളിൽ കൂടുതൽ ഭക്ഷ്യസാധനങ്ങൾക്കു വിലക്ക്‌

choclate

ദോഹ ∙ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ ഉപ്പ്‌, പഞ്ചസാര, കൊഴുപ്പ്‌ എന്നിവ കൂടുതലുള്ള ഭക്ഷ്യസാധനങ്ങൾ സ്‌കൂൾ കന്റീനുകളിൽ വിൽക്കുന്നത്‌ വിലക്കി. സ്‌കൂൾ കന്റീനുകളുടെ മേൽനോട്ടച്ചുമതലയുള്ള, വിദ്യാഭ്യാസ മന്ത്രാലയ പൊതുസേവനവിഭാഗം മേധാവി ഹമദ്‌ അൽ റുമൈഹിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. പുതിയ സ്‌കൂൾവർഷം ആരംഭിച്ച അന്നുതന്നെ കന്റീനുകളിൽ ആരോഗ്യത്തിനു ദോഷകരമായ ശീതളപാനീയങ്ങൾ (സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌) വിൽക്കുന്നതിന്‌ ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.

ചോക്ലേറ്റുകൾ, ഉരുളക്കിഴങ്ങുപ്പേരി, നഗ്ഗെറ്റ്‌സ്‌, സംസ്‌കരിച്ച ഇറച്ചി, എനർജി ഡ്രിങ്കുകൾ എന്നിവയടക്കം 60ഓളം സാധനങ്ങൾ വിൽക്കുന്നതിനാണു നിരോധനമുള്ളത്‌. ഗോതമ്പിൽ തയാറാക്കിയ ബ്രൗൺ നിറമുള്ള സാൻഡ്‌വിച്ചുകളും പാൻകേക്കുകളും മാത്രമേ സ്‌കൂൾ കന്റീനിൽ അനുവദിക്കൂ. കുട്ടികളുടെ ആരോഗ്യത്തിന്‌ ഉത്തമമായ പാൽ, പാലുൽപ്പന്നങ്ങൾ, സലാഡുകൾ, പച്ചക്കറി വിഭവങ്ങൾ, പഴങ്ങൾ എന്നിവയൊക്കെ കന്റീനുകളിൽ അധികം ലഭ്യമാക്കാനും നിർദേശമുണ്ട്‌.

ബിസ്‌കറ്റുകളും കേക്കുകളും ആഴ്‌ചയിൽ ഒരുദിവസം വിൽക്കാനേ അനുമതിയുള്ളൂ. കന്റീനുകൾക്കായുള്ള സ്‌റ്റാൻഡിങ്‌ കമ്മിറ്റി എല്ലാ സ്‌കൂൾ വർഷവും യോഗംചേർന്നാണ്‌ നിരോധിക്കേണ്ട സാധനങ്ങളുടെ പട്ടിക തയാറാക്കുന്നതെന്ന്‌ അൽറുമൈഹി പറഞ്ഞു.

സ്‌കൂൾ കന്റീനുകളിൽ ഭക്ഷണം പാകംചെയ്യാൻ അനുമതിയില്ല. അതിനാൽ ഓരോവർഷവും ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനുള്ള കരാർ പുറത്തുള്ള റസ്‌റ്ററന്റുകൾക്കോ കേറ്ററിങ്‌ കമ്പനികൾക്കോ നൽകുകയാണ്‌ ചെയ്യുന്നത്‌. നഗരസഭ, പരിസ്‌ഥിതി മന്ത്രാലയം ഈ സ്‌ഥാപനങ്ങളിലെത്തി പരിശോധന നടത്തിയശേഷമാണ്‌ തങ്ങൾ അന്തിമാനുമതി നൽകുന്നതെന്നും റുമൈഹി വ്യക്‌തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.