Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാളും ഓണവും വന്നിട്ടും ആഘോഷം പേരിന് മാത്രം

perunnal-vacation

ദോഹ ∙ വെള്ളിയാഴ്ച മുതൽ അവധി തുടങ്ങിയിട്ടും ഖത്തറിലെ സംഘടനകളുടെ നേതൃത്വത്തിലുള്ള ഈദ്, ഓണം ആഘോഷങ്ങൾ ഇത്തവണ കുറയുന്നു. തുടർച്ചയായി അവധി കിട്ടിയിട്ടും പല സംഘടനകളും ആഘോഷങ്ങൾക്കില്ല. നാട്ടിൽ നിന്നു മലയാളി കലാകാരന്മാരെ എത്തിച്ചുള്ള പൊതുപരിപാടികൾ ഇത്തവണ ഒന്നുപോലുമില്ല. ഗോവിന്ദ, രാഖി സാവന്ത് എന്നിവർ പങ്കെടുക്കുന്ന ബോളിവുഡ് ഷോ നാളെ ഏഷ്യൻ ടൗണിൽ നടക്കും. ഈദ് അവധിക്കു നടക്കുന്ന ഏക വലിയ പരിപാടിയും ഇതാണ്. മുൻകാലങ്ങളിൽ ബലിപ്പെരുന്നാളിനും ഓണത്തിനും മറ്റുമായി ടിക്കറ്റ് വച്ചു കലാപരിപാടികൾ നടത്തിയിരുന്നു. സിനിമാതാരങ്ങൾ പങ്കെടുക്കുന്ന താരനിശകളും സംഗീത പരിപാടികളും നൃത്തവും മാപ്പിളപ്പാട്ടും മറ്റുമായി സജീവമായിരുന്നു ആഘോഷങ്ങൾ. സ്പോൺസർഷിപ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ചില നിയന്ത്രണം കൊണ്ടു വന്നതും പല സംഘടനകളും വമ്പൻ പരിപാടികൾ ഉപേക്ഷിക്കാൻ കാരണമായി. പകരം അവരുടെ അംഗങ്ങൾക്കു വേണ്ടി മാത്രമായി ആഘോഷം ചുരുക്കി.

വൻ മുതൽമുടക്കുള്ള പരിപാടി നടത്തിയാൽ വിജയിക്കുമോ എന്ന ആശങ്കയും ആഘോഷം കുറയ്ക്കാൻ കാരണമായി. വലിയ കമ്പനികളിൽ നിന്നുള്ള സ്പോൺസർഷിപ്പാണ് ഇത്തരം പരിപാടികളുടെ പ്രധാന ധനസ്രോതസ്സ്. എന്നാൽ എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ കമ്പനികൾ മുന്നോട്ടു വരുവാൻ മടിക്കുന്നു. നല്ലൊരു വേദി ലഭ്യമല്ലാത്തതും പരിപാടികൾ കുറയാൻ കാരണമായെന്ന് ഇവന്റ് മാനേജ്മെന്റ് രംഗത്തുള്ളവർ പറയുന്നു. ടിക്കറ്റ് വച്ചുള്ള പരിപാടി വിജയിക്കണമെങ്കിൽ രണ്ടായിരം പേരെങ്കിലും വേണം. നേരത്തേ അൽ അറബി സ്റ്റേഡിയത്തിന്റെ ഇൻഡോർ ഹാളിലായിരുന്നു പല പരിപാടികളും നടത്തിരുന്നത്. എന്നാൽ നവീകരണത്തിനു വേണ്ടി അത് അടച്ചിട്ടിരിക്കുകയാണ്. ഏഷ്യൻ ടൗൺ ഓപ്പൺ‍ എയർ തിയറ്ററിൽ പതിനായിരം പേരെങ്കിലും പങ്കെടുക്കുന്ന വലിയ പരിപാടികൾക്കു മാത്രമാണ് സാധ്യത.

ഇടത്തരം പരിപാടികൾ നടത്താൻ അനുയോജ്യമായ ഹാളുകളില്ല. ചില ഹാളുകളുടെ ഉയർന്ന വാടകയും പ്രശ്നമാണ്. ചൂടു കാലമായതിനാൽ ഓപ്പൺ എയറിൽ നടത്തുന്നതിനും ബുദ്ധിമുട്ടുണ്ട്. അതിനാൽ താരങ്ങളെ കൊണ്ടു വന്നുള്ള പരിപാടികൾ തൽക്കാലം ഉപേക്ഷിച്ചിരിക്കുകയാണ് ഇവർ. ചുരുക്കം ചില സംഘടനകളും സ്ഥാപനങ്ങളും മാത്രമാണ് ഈ അവധിക്ക് ആഘോഷം ഒരുക്കുന്നത്. അവധിക്കാലമായതിനാൽ ഒട്ടേറെ കുടുംബങ്ങൾ നാട്ടിലാണ്. സംഘാടകർ ഉൾപ്പെടെയുള്ളവർ മടങ്ങിവന്നിട്ടാകാം ആഘോഷം എന്നാണു പൊതുധാരണ. സ്കൂൾ, സർക്കാർ ഓഫിസുകൾ 18ന് തുറക്കും. നവംബർ വരെ ആഘോഷങ്ങൾ തുടരുന്നതാണു പ്രവാസികളുടെ രീതി.

ബാച്ചിലേഴ്സിന് ഭാരമായി അവധിക്കാലം

കാത്തിരുന്നു കിട്ടിയ അവധിയാണെങ്കിലും ഈ ദിവസങ്ങളിൽ എന്തു ചെയ്യം എന്നതു ബാച്ചിലേഴ്സിനെ ചിന്തിപ്പിക്കുന്ന വിഷയമാണ്. സിനിമ കാണൽ, കൂട്ടുകാർക്കൊപ്പം റൂമിൽ ഒത്തുകൂടൽ, എല്ലാവരും ചേർന്നൊരു കറക്കം– ഇതിലൊതുക്കും മൂന്നു ദിവസത്തെ അവധി ആഘോഷം. നാട്ടിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുതിയ സിനിമകളൊന്നും ഖത്തറിൽ എത്തിയിട്ടില്ല. അതിനാൽ ‘ആൻ മരിയ കലിപ്പിലാണ്’, പ്രേതം, ഇരുമുഖൻ തുടങ്ങിയവയിൽ തൃപ്തിപ്പെടണം. മിസൈദ് ബീച്ചാണു ബാച്ചിലേഴ്സിന്റെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്ന്. കൂട്ടമായി ബീച്ചിൽ ഇറങ്ങി മണിക്കൂറുകൾ ചെലവഴിക്കാം. വക്ര, അൽ ഗാരിയ, ഫുവൈറത്ത് ബീച്ചുകളിലും തിരക്കേറും. കോർണിഷിലും മാളുകളിലുമുള്ള കറക്കമാണു മറ്റൊരു വിനോദം.

കോർണിഷിൽ നിന്നു ബോട്ട് ബുക്ക് ചെയ്തു സഫലിയ ദ്വീപിലേക്കു വിനോദ യാത്രയ്ക്കും തിരക്കേറി. സീസൺ കാലമായതിനാൽ വലിയ ബോട്ടുകൾക്കു മണിക്കൂറിന് 450 മുതൽ അഞ്ഞൂറു റിയാൽ വരെയാണു നിരക്ക്. നാൽപതിലധികം പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ ഇറച്ചി ചുട്ടും കടലിൽ കുളിച്ചും രാത്രി ചെലവഴിച്ച് മടങ്ങാം. ഖത്തറിലെ വിവിധ വിനോദ കേന്ദ്രങ്ങളിലേക്കു യാത്ര പ്ലാൻ ചെയ്തവരുമുണ്ട്. അൽഖോർ തക്കീറ കണ്ടൽക്കാടുകൾ, സുബാറ, ഷഹാനിയ അൽ ദോസര പാർക്ക്, സീലൈൻ തുടങ്ങിയവയാണു തിരക്കേറുന്ന മറ്റു കേന്ദ്രങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഏഷ്യൻ ടൗണിലും വക്രയിലും അൽഖോറിലുമായി മൂന്നു വേദികളിൽ ഇന്നും നാളെയും നടക്കുന്ന പരിപാടികൾക്കും ബാച്ചിലേഴ്സ് കൂട്ടമായി എത്തും.

Your Rating: