Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ഡ്രൈവിങ്: കർശന നടപടി വേണമെന്ന് സ്വദേശികൾ

Driving

ദോഹ ∙ കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും കുട്ടികളുണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം രക്ഷിതാക്കളുടെ മേൽ ചുമത്തണമെന്നും റിപ്പോർട്ട്. പൊതുറോഡുകളിൽ കുട്ടികൾ വാഹനമോടിക്കുന്നതു പൊതുസമൂഹത്തിനുതന്നെ ഭീഷണിയാണെന്നു സ്വദേശികളുടെ അഭിപ്രായവുമായി അറബിക് പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണ്.

രക്ഷിതാക്കൾ അറിയാതെ താക്കോൽ കൊണ്ടുപോയാണ് കുട്ടികൾ വാഹനം ഓടിക്കുന്നതെങ്കിലും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാവില്ലെന്നു പലരും അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾക്കെതിരെ രക്ഷിതാക്കൾക്കു ബോധവൽക്കരണം ശക്തമാക്കണമെന്ന് അലി അല്ല‍ ഹുമൈദി അഭിപ്രായപ്പെട്ടു. ഇതിനൊപ്പം നിയമം കർശനമായി നടപ്പാക്കുകയും വേണം. എങ്കിൽ മാത്രമേ കുട്ടികളുടെ ഡ്രൈവിങ്ങിനു നിയന്ത്രണം ഉണ്ടാകുകയുള്ളൂ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിനെതിരെ നിയമങ്ങൾ ഉണ്ടെങ്കിലും കുടുംബത്തിനും ഇക്കാര്യത്തിൽ നിർണായക പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾ വാഹനം ഓടിക്കുന്നതു തടയാൻ ചില രക്ഷിതാക്കൾ ശ്രമിക്കാത്തത് നിർഭാഗ്യകരമാണെന്നു മൻസൂർ അൽ അസ്ബാഹ് പറഞ്ഞു. കുട്ടികളുടെ പക്കൽ വാഹനം കിട്ടിയാൽ അമിതവേഗത്തിൽ ഓടിച്ചും സാഹസികത കാണിച്ചും മിടുക്കു കാട്ടാൻ ശ്രമിക്കും. ഇതു വലിയ അപകടങ്ങൾക്കു വഴിവയ്ക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. സാമൂഹിക സംഘടനകളിലൂടെയും മാധ്യമങ്ങളിലൂടെയും ഇതിനെതിരെ ബോധവൽക്കരണം ശക്തമാക്കണം. റോഡ് അപകടങ്ങളിൽപെട്ട് ഒട്ടേറെ വിലപ്പെട്ട ജീവനുകളാണു നഷ്ടപ്പെടുന്നതെന്ന് അബ്ദുല്ല അൽ ഹാജിരി പറഞ്ഞു.

ലൈസൻസ് ലഭിക്കാൻ വേണ്ടത് 18 വയസ്സാണ്. എന്നാൽ അപകടത്തിൽപെട്ടു മരിക്കുന്ന ചില ഡ്രൈവർമാർ അതിൽ താഴെയുള്ളവരായി കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകനെ തനിക്കു നഷ്ടപ്പെട്ടത് 15 വയസ്സുള്ള ബാലന്റെ വാഹനം ഇടിച്ചായിരുന്നുവെന്ന് അഹമ്മദ് അൽ ഖൽദി പറഞ്ഞു. വാഹനം ഓടിക്കുന്ന വിഷയത്തിൽ രക്ഷിതാക്കൾ കുട്ടികളോടു കൂടുതൽ കർക്കശമായി പെരുമാറണമെന്നു മുൻ സെൻട്രൽ നഗരസഭ കൗൺസിൽ ചെയർമാൻ സൗദ് അൽ ഹിൻസാബ് പറഞ്ഞു.

കുട്ടികൾ വാഹനം ഓടിച്ചുണ്ടാക്കുന്ന പിഴ രക്ഷിതാക്കൾ അടയ്ക്കുന്നതും തെറ്റായ സന്ദേശം നൽകും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ കൂട്ടണമെന്നു ചില അഭിഭാഷകർ അഭിപ്രായപ്പെട്ടു. ഈ പ്രവണത പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന് അഭിഭാഷകനായ നയിഫ് അൽ നീമാഹ് പറഞ്ഞു. എന്നാൽ ഇതു കുറയ്ക്കാനാകും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ അഞ്ചു ലക്ഷം റിയാലായി ഉയർത്തണം. അപകടമുണ്ടാക്കിയാൽ അഞ്ചു വർഷത്തെ ജയിൽശിക്ഷയും നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.