Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂസ് സീസണ് തുടക്കമായി ആദ്യ കപ്പല്‍ ദോഹയിലെത്തി

cruise-03

ദോഹ ∙ ഖത്തറിലെ ക്രൂസ് സീസണു തുടക്കം കുറിച്ചു വിനോദസഞ്ചാരികളുമായി ആദ്യ കപ്പൽ ദോഹ തുറമുഖത്തെത്തി. ലോകത്തിലെ തന്നെ വലുപ്പമേറിയ സ്വകാര്യ റസിഡൻഷ്യൽ യാട്ടുകളിലൊന്നായ ‘ദ് വേൾഡ്’ എന്ന ആഡംബര കപ്പലാണ് 350 യാത്രക്കാരുമായി ഇന്നലെ ദോഹയിലെത്തിയത്. രണ്ടു ദിവസം ഇവിടെ തങ്ങിയ ശേഷം മസ്കത്തിലേക്കു യാത്ര തിരിക്കും.

cruise-004

ആദ്യമെത്തിയ ക്രൂസ് സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ ടൂറിസം അതോറിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഖത്തറിന്റെ പാരമ്പര്യ രീതിയിലായിരുന്നു സ്വീകരണം. 2017 ഏപ്രിൽ വരെയാണ് ക്രൂസ് സീസൺ. 3900 വിനോദസഞ്ചാരികളുമായി ഡിസംബറിൽ എത്തുന്ന കൂറ്റൻ ആഡംബര കപ്പലായ എംഎസ്‌സി ഫന്റാഷിയ ഉൾപ്പെടെ ഇനി 31 കപ്പലുകൾ കൂടി ഈ വർഷം എത്തും. 32 കപ്പലുകളാണ് ഈ സീസണിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലൂടെ അരലക്ഷം വിനോദ സഞ്ചാരികൾ ഖത്തറിലെത്തും. ക്രൂസ് വിനോദസഞ്ചാരികൾക്ക് വേഗത്തിൽ ഇമിഗ്രേഷൻ നടത്താനുള്ള സംവിധാനം ഒരുക്കിയതിനു ശേഷമുള്ള ആദ്യ കപ്പലാണ് ഇന്നലെയെത്തിയത്. ഇമിഗ്രേഷൻ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിച്ച് ട്രാൻസിറ്റ് വീസ അനുവദിക്കും.

cruise-02

സഞ്ചാരികളുടെയും കപ്പൽ ജീവനക്കാരുടെയും പാസ്പോർട്ട് വിവരങ്ങൾ 48മണിക്കൂറിനു മുമ്പു തന്നെ ഓൺലൈനായി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും. കപ്പൽ ബെർത്ത് ചെയ്യും മുമ്പു തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയും. പാസ്പോർട്ട് പരിശോധന പൂർത്തിയാക്കി ഇവരെ പുറത്തിറക്കും. കഴിഞ്ഞ മാസമാണ് ഈ സംവിധാനം ആരംഭിച്ചത്.

cruise-01

‘ ദ് വേൾഡ്’ എന്ന ആഡംബര കപ്പലിലെത്തിയ സഞ്ചാരികളിൽ ചിലർ സ്ഥിരമായി കപ്പലിൽ തന്നെ താമസിക്കുന്നവരാണ്. ചിലർ ഇടയ്ക്ക് മാസങ്ങളോളം താമസിക്കുന്നു. വിവിധ തുറമുഖങ്ങൾ സന്ദർശിച്ചും കടലിൽ യാത്ര ചെയ്തുമാണ് ഇവരുടെ ജീവിതം. കപ്പലിൽ 165 അപ്പാർട്മെന്റുകളുണ്ട്. ഇത് യാത്രക്കാരുടെ സ്വന്തമാണ്. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണു കപ്പലിൽ വസിക്കുന്നവർ. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണു കപ്പലിന്റെ ഓപ്പറേറ്റർ. ദോഹ തുറമുഖത്തെ ക്രൂസ് ഹാർബറാക്കി വികസിപ്പിക്കുന്നതിന് 200 കോടി റിയാൽ മുതൽ മുടക്കി പദ്ധതി നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം ഗതാഗത വിവര സാങ്കേതിക മന്ത്രി ജാസിം ബിൻ സയിഫ് അൽ സുലൈത്തി പ്രഖ്യാപിച്ചിരുന്നു.

ദോഹ തുറമുഖത്തേക്ക് വലിയ കപ്പലുകൾ എത്താൻ കഴിയും വിധം കനാലിന്റെ ആഴം കൂട്ടുകയും നവീകരിക്കുകയും ചെയ്യും. ക്രൂസ് സീസൺ അവസാനിക്കുന്ന അടുത്ത വർഷം ഏപ്രിൽ മുതലാണു നിർമാണ പ്രവർത്തനം തുടങ്ങുക. ഇതിനായി പ്രധാന നാവിക ഗതാഗതവും മറ്റു പ്രവർത്തനങ്ങളും ഡിസംബർ 30മുതൽ ഹമദ് പോർട്ടിലേക്കു തിരിച്ചു വിടുകയും ചെയ്യും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.