Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വക്ര സ്മാർട് ഡയബറ്റിക് ക്ലിനിക് ജനുവരിയിൽ

ദോഹ ∙ പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ (പിഎച്ച്‌സിസി) പ്രമേഹ ചികിൽസയ്‌ക്കു പ്രത്യേക സൗകര്യങ്ങളുള്ള സ്‌മാർട്‌ ഡയബെറ്റസ്‌ ക്ലിനിക് ജനുവരിയിൽ അൽ വക്ര ഹെൽത്ത് സെന്ററിൽ തുറക്കും.

അടുത്തവർഷം തന്നെ പ്രമേഹ ചികിൽസാ സൗകര്യമുള്ള മറ്റൊരു കേന്ദ്രം കൂടി തുറക്കുമെന്നും പിഎച്ച്‌സിസി മാനേജിങ്‌ ഡയറക്‌ടർ ഡോ. മറിയം അലി അബ്‌ദുൽമാലിക്‌ പറഞ്ഞു. വേൾഡ്‌ ഇന്നൊവേഷൻ സമ്മിറ്റ്‌ ഫോർ ഹെൽത്‌(വിഷ്‌) മുൻകൈയെടുത്താണ്‌ പിഎച്ച്‌സികൾ കേന്ദ്രീകരിച്ച്‌ സ്‌മാർട്‌ ഡയബെറ്റസ്‌ സെന്ററുകൾ തുറക്കുന്നത്‌. അൽ വക്രയിൽ അടുത്തമാസം സ്‌മാർട്‌ ഡയബെറ്റസ്‌ ക്ലിനിക് തുറക്കുന്നതിനു മുന്നോടിയായി പ്രമേഹപരിശോധനയ്‌ക്കു വിധേയരാകാൻ പ്രദേശവാസികളായ 9,800 പേരെ പിഎച്ച്‌സിയിലേക്ക്‌ ക്ഷണിച്ചിരുന്നു. ഇതിൽ 1,580 പേരെ പരിശോധനയ്‌ക്കു വിധേയരാക്കിയപ്പോൾ 44 പേർ രോഗബാധിതരാണെന്നും 32 പേർ വളരെ മുൻപേ രോഗബാധിതരായിട്ടും അതു തിരിച്ചറിയാനായില്ലെന്നും വ്യക്‌തമായതായി ഡോ. മറിയം പറഞ്ഞു.

പ്രമേഹം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത്‌ രോഗസാധ്യത മുൻകൂട്ടിയറിഞ്ഞ്‌ പ്രതിരോധ നടപടികൾ ആരംഭിക്കുന്നതാണ്‌. പിഎച്ച്‌സിസി രാജ്യത്ത്‌ ആരംഭിച്ച സൗഖ്യകേന്ദ്രങ്ങളിൽ ധാരാളം സ്വദേശികൾ പ്രമേഹപരിശോധനയ്‌ക്കും ജീവിതശൈലി ക്രമീകരണത്തിലൂടെ രോഗസാധ്യത പ്രതിരോധിക്കാനും രോഗികൾ തുടർചികിത്സയ്‌ക്കും സ്വമേധയാ വന്നെത്തുന്നതിനാൽ അടുത്തവർഷം ലിയാബൈബ്‌ റൗദത്ത്‌ അൽഖെയ്‌ൽ സൗഖ്യകേന്ദ്രങ്ങളിൽകൂടി സ്‌മാർട്‌ ഡയബെറ്റസ്‌ കേന്ദ്രങ്ങൾ തുറക്കുമെന്നും അവർ പറഞ്ഞു.

പ്രാദേശികതലത്തിൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്‌ കൂടുതൽ പിഎച്ച്‌സികളിൽ ഡയബെറ്റസ് ക്ലിനിക്കുകൾ തുറക്കുന്നതെന്ന്‌ വിഷ്‌ സിഇഒ എഗ്‌ബർട്ട്‌ ഷില്ലിങ്‌സ്‌ പറഞ്ഞു. 2014ലാണ്‌ സ്‌മാർട്‌ ഡയബെറ്റസ്‌ ക്ലിനിക്കുകൾക്കു തുടക്കമിട്ടത്‌.

മൂന്നു വർഷത്തിനുള്ളിൽ 9 പിഎച്ച്‌സികൾ കൂടി

ദോഹ ∙ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഒൻപതു പിഎച്ച്‌സികൾ കൂടി രാജ്യത്തു തുറക്കുമെന്ന്‌ ഡോ. മറിയം വ്യക്‌തമാക്കി. പുതിയ രണ്ട്‌ സുഖചികിൽസാ കേന്ദ്രങ്ങൾ അടുത്തവർഷം തുറക്കാനും ഉദ്ദേശ്യമുണ്ട്‌. പുതിയതായി തുടങ്ങുന്ന രണ്ടു സുഖചികിൽസാ കേന്ദ്രങ്ങളിലും സ്‌മാർട്‌ ഡയബെറ്റസ്‌ ക്ലിനിക് ആരംഭിക്കും.

ഇതോടെ രാജ്യത്ത്‌ സുഖചികിൽസാ കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി ഉയരും. റൗദത്ത്‌ അൽഖെയ്‌ൽ സുഖചികിൽസാ കേന്ദ്രത്തിൽ ഉദര, സ്‌തനാർബുദ പരിശോധനാ കേന്ദ്രം കഴിഞ്ഞമാസം പ്രവർത്തനമാരംഭിച്ചതായും ഡോ. മറിയം അറിയിച്ചു. രാവിലെ ഏഴു മുതൽ 3.30 വരെയാണ്‌ സ്‌തനാർബുദ പരിശോധന. ഉദരാർബുദ പരിശോധന രാത്രി ഒൻപതുവരെയുണ്ട്‌. ഫോൺ: 8001112

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.